ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് അവതരിച്ച മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയത്. ആയുഷ് അധികാരി ചുവപ്പുകാർഡ് കണ്ടതോടെ 10 പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കെടാതെ കാത്തുസൂക്ഷിച്ചാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയത്.
ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കുശേഷം ഹോർഹെ പെരേര ഡയസ് (62), അൽവാരോ വാസ്ക്വസ് (82) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. നോർത്ത് ഈസ്റ്റിന്റെ ആശ്വാസഗോൾ ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ മലയാളി താരം മുഹമ്മദ് ഇർഷാദ് നേടി. ടീമിനുള്ളിലെ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയത്രയും വിജയകരമായി മറികടന്നാണ് ഇവാൻ വുക്കൊമനോവിച്ചും സംഘവും വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയത്. കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്‍സിയോടു എതിരില്ലാത്ത ഒരു ഗോളിനു തോറ്റിരുന്നു
നോർത്ത് ഈസ്റ്റിനെതിരായ വിജയത്തോടെ 13 കളികളിൽനിന്ന് 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് കയറി. മുന്നിലുള്ളത് ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു കളി കൂടുതൽ കളിച്ച ഹൈദരാബാദ് എഫ്‍സി മാത്രം. 14 കളികളിൽനിന്ന് ഹൈദരാബാദിന് 26 പോയിന്റാണുള്ളത്. സീസണിലെ 10–ാം തോൽവി വഴങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 10 പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്ത് തുടരുന്നു.













