രാത്രിമഴ പെയ്തൊന്നു തോർന്ന നേരം ഇലച്ചാർത്തിലൂടുറ്റി വീഴും മഴത്തുള്ളികൾ…
വെള്ളി മണിമുത്ത് കിലുങ്ങുമ്പോൾ കിലുങ്ങി വീണു അതിന്നെന്റെ ഹൃദയത്തിൻ താളമായി ഒരു നൊമ്പരത്തിൻ രാഗമായ് പെയ്തിറങ്ങി…
ഇന്നെന്റെ പൂവാടി പൂത്തു നിൽക്കെ പൂക്കൾ നനഞ്ഞു കൊഴിയുന്നു മഴയിലാകെ…
കുളിരുകോരിച്ചൊരിഞ്ഞകത്തളത്തിൽ ഞാനും പുതപ്പൊന്നു മാറ്റാതെ കിടന്നിരുന്നു…
പുറത്തുനിന്നേതോ പക്ഷിതൻ കരച്ചിൽ കേട്ടു പതുക്കെ ഞാനെത്തി നോക്കി ജനാലതൻ പഴുതിലൂടെ…
കണ്ടു ഞാനരണ്ട വെളിച്ചത്തിൽ ഒരു തള്ളക്കിളിയാകെ നനഞ്ഞു നിൽപ്പു…
അതിൻ മേനിയിൽനിന്നാകെ വെള്ളം ഇറ്റിറ്റു വീണു കൂട്ടിലുണ്ടായിരുന്ന കുഞ്ഞിക്കിളി മഴ പെയ്ത നേരം നനഞ്ഞിരുന്നു…
പറക്കമുറ്റാത്തൊരാ കുഞ്ഞിക്കിളി വിറച്ചു വിറച്ചു ചത്തുപോയി…
അതുകണ്ടു കരയുമാ തള്ളക്കിളി രാവിൽ മുഴുവനും മഴയെ ശപിച്ചിരുന്നു…
തൊടിയിലെ ചെടിതൻ ഇല കുടയാക്കി തവളകളോരോന്നും കരഞ്ഞിരുന്നു…
മുറ്റത്തെ ചെമ്പിലാകെ ഇറയത്തുനിന്നും മഴത്തുള്ളി വീഴുന്ന ശബ്ദം കേൾക്കെ ചെണ്ടകൊട്ടി പഠിക്കുന്നപോലെ തോന്നുമാറുച്ചത്തിൽ ചെവിയിൽ വന്നു മുട്ടുന്നു…
കിടക്കമേലെ ഉരുണ്ടു കളിച്ചു ഞാനൊന്നുറങ്ങിപ്പോയി രാവിലെ ഉണർന്നു ഞാൻ നോക്കുന്നേരം തള്ളക്കിളിയുമാരാവിൽ മരിച്ചുപോയി…
തണുത്തു മരവിച്ചു തൻ ചിറകുകൾ കൂപ്പി തൊഴുതു കിടക്കുന്നപോൽ കിടന്നിരുന്നു…
അതു കണ്ടെന്റെ കണ്ണു നിറഞ്ഞു പോയി അതിനെയെടുത്തു ഞാൻ കുഴിച്ചുമൂടെ മറ്റു കിളികളെല്ലാമെ കരഞ്ഞു നിന്നു വട്ടം പറന്നുനിന്നു കൊക്കുരുമ്മി സ്നേഹം പങ്കുവച്ചു…
അവയുടെ സ്നേഹം കണ്ടു ഞാൻ നോക്കിനിന്നു ഒരു കുഞ്ഞു പൈതലെന്നപോലെ…
വീടിന്റെ മുന്നിലെ വയലിലും നടയിലും നാട്ടിടവഴിയിലും വെള്ളം കെട്ടിക്കിടക്കുന്നു കാക്കയും മൈനയും കുഞ്ഞിക്കിളികളും അതിൽ മുങ്ങി കുളിക്കുന്നു…
ചിതലകൾ കൂട്ടമായ് മുറ്റത്ത്നിന്ന് ശബ്ദമുണ്ടാക്കി പാറിപ്പറക്കുന്നു…
എല്ലാവരും മഴ പെയ്തതിന്റെ സന്തോഷം അറിയിക്കുന്നു… ഈ മഴയോർമ്മയിൽ എന്റെ മനസ്സ് അറിയാതെ തേങ്ങിക്കരഞ്ഞുപോയി…
എന്റെ കൂട്ടുകാരനെ എനിക്കു നഷ്ടമായത് ഒരു മഴ പെയ്ത നാളിലായിരുന്നു…
ആ ഓർമ്മ എന്റെ മനസ്സിനെ മുറിവേൽപ്പിച്ചു എന്റെ കണ്ണു നിറഞ്ഞു പോയി…











