LIMA WORLD LIBRARY

യുക്രെയ്ൻ: റഷ്യയുമായി ചർച്ചയ്ക്ക് ഫ്രാൻസും ജർമനിയും

മോസ്കോ ∙ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്ന ആശങ്ക ഉയരുന്നതിനിടെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ റഷ്യയിലെത്തി ചർച്ച നടത്തി. പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയ മക്രോ ഇന്നു യുക്രെയ്നിലേക്കു പോകും. യുക്രെയ്ന്റെ പരമാധികാരത്തിനു നേരെ ഭീഷണി ഉയരാൻ പാടില്ലെന്നും സംഘർഷാവസ്ഥ പരിഹരിക്കണമെന്നും പുടിനുമായുള്ള ചർച്ചയിൽ മക്രോ പറഞ്ഞു. മോസ്കോയിലെത്തും മുൻപ് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ഇതിനിടെ, യുഎസിലെത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബൈഡനെ കണ്ടശേഷം യുക്രെയ്നിലേക്കും പിന്നീട് മോസ്കോയിലേക്കും പോകും. 2015ൽ യുക്രെയ്ൻ– റഷ്യ തർക്കം തീർത്തത് ഫ്രാൻസും ജർമനിയും ചേർന്നാണ്.

ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യ അവകാശപ്പെടുമ്പോഴും യുക്രെയ്ൻ അതിർത്തി മേഖലയിൽ ഒരു ലക്ഷത്തോളം റഷ്യൻ സൈനികരാണ് തമ്പടിച്ചിട്ടുള്ളത്. യുക്രെയ്നോടു ചേർന്നു കിടക്കുന്ന പോളണ്ടിലേക്ക് യുഎസും സൈനികരെ അയച്ചുതുടങ്ങി. യുദ്ധമുണ്ടായാൽ അതിന്റെ പ്രത്യാഘാതം സമീപരാജ്യങ്ങളെ ബാധിക്കാതിരിക്കുന്നതിനാണ് ഇത്.

പോളണ്ടിനു പുറമേ റുമാനിയയിലേക്കും ജർമനിയിലേക്കും സൈനികരെ വിന്യസിക്കാൻ ബൈഡൻ ഉത്തരവിട്ടിട്ടുണ്ട്. നാറ്റോയിൽ അംഗമല്ലാത്തതിനാൽ യുക്രെയ്നിലേക്കു സൈന്യത്തെ അയയ്ക്കില്ലെന്നു വ്യക്തമാക്കിയ യുഎസ് പകരം അവിടേക്ക് ആയുധങ്ങൾ എത്തിച്ചിട്ടുണ്ട്.

ഏതു സമയത്തും റഷ്യ ആക്രമണം നടത്തിയേക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മുന്നറിയിപ്പ് നൽകി. റഷ്യ ആക്രമിച്ചാൽ വൻ ഉപരോധം ഏർപ്പെടുത്തുമെന്നാണ് യുഎസ് പ്രഖ്യാപിച്ചിട്ടുള്ളത്. റഷ്യ സൈന്യത്തെ തുടർന്നും അവിടെ നിലനിർത്തുകയാണെങ്കിൽ പോളണ്ടിലും മറ്റുമുള്ള സാന്നിധ്യം വർധിപ്പിക്കുവാനാണ് നാറ്റോ ആലോചിക്കുന്നത്. ലിത്വാനിയയിലെ സൈനിക സാന്നിധ്യം വർധിപ്പിക്കാൻ‌ ജർമനിയും ആലോചിക്കുന്നു.

യുക്രെയ്ൻ അടക്കമുള്ള മുൻ സോവിയറ്റ് രാജ്യങ്ങൾ നാറ്റോയിൽ ചേരുന്നതു തടയണമെന്നും ആയുധനീക്കം നിർത്തിവയ്ക്കണമെന്നും കിഴക്കൻ യൂറോപ്പിൽ നിന്ന് നാറ്റോ സേനയെ പിൻവലിക്കണമെന്നുമാണ് റഷ്യയുടെ ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സൈനിക നടപടിക്കു മുതിരുമെന്നാണ് റഷ്യയുടെ താക്കീത്.

English Summary: White House national security adviser Jake Sullivan says Ukraine invasion could come ‘any day’

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px