ഭാവന ശുഷ്ക്കിച്ച
നിരോധിക്കപ്പെട്ട
ലോകക്രമമെത്തിയാൽ
നോക്കിയിരിക്കെ
വറ്റിവരളും…
പുഴകളും
കായലുകളും
സമുദ്രങ്ങളും!
കുളങ്ങളിൽ
ശവക്കച്ചപോലെ
നിറയും…
വെളുത്ത
പായലുകൾ!
എന്നും
ചന്ദ്രബിംബം
തുള്ളിക്കളിക്കും
കിണറുകളിൽ
തുടിക്കാലുകൾക്ക്
കഴുമരഛായ വരും!
തുളവീണ
കൂജകളിലെ
വെള്ളാരംകല്ലുകളിൽ
കാണും…
വരണ്ടുണങ്ങിയ
ചോരപ്പാടുകൾ!
സിലബസ്
പാഠങ്ങൾക്കപ്പുറം
പ്രണയംപൂത്ത
ഇടവഴികളിൽ
സംശയം പരത്തു,
മിരുട്ടിനു
കാവൽനിൽക്കും…
കോക്കാച്ചി
നിഴലുകൾ!
വിശ്വഭാവനയുടെ
പേറ്റുനോവേറ്റെടുത്ത
പേനകളേയും
ബ്രഷുകളേയും
ഭയക്കും…
കടലാസ്സുകൾ
ക്യാൻവാസ്സുകൾ!
പ്രായം മറന്ന്
പുഞ്ചിരികൾ
സമ്മേളിക്കും
തീൻമുറികളിലെ
വിഭവങ്ങൾക്ക്
വിഷാദഛായയേറും!
സ്വപ്‌നങ്ങൾ
മതിമറന്നുമ്മവെക്കും
മണിയറകളിലെ
പ്രേമപുഷ്പ്പങ്ങളെല്ലാം
പെട്ടെന്ന്
വാടിക്കരിയും!
കൊട്ടിയടച്ചാലുറങ്ങും
കിലുകിൽപ്പമ്പരംപോലുള്ള
പാർക്കുകളിലെ
ഊഞ്ഞാലുകളെല്ലാം
ചലിയ്ക്കാതാവും!
വിഷവിത്തുകൾ
കാണുമ്പോൾ
കൂട്ടംത്തെറ്റി
ചിതറിയോടു,
മുറുമ്പുകൾ!
രക്തദാഹം
മാറിയിട്ടും
ആക്രമിച്ചുകൊണ്ടേയിരിക്കും…
യുദ്ധവിമാനങ്ങൾപോലുള്ള
കൊതുകുകൾ!
മയങ്ങുന്ന
കുഞ്ഞുങ്ങളുള്ള
ആട്ടുതൊട്ടിലുകളെ,
യാരോ വട്ടംച്ചുഴറ്റും!
പൊന്നുമക്കൾ
പാവകളെ
കാണുമ്പോൾ
ഭയത്താൽ
പുതപ്പിലൊളിയ്ക്കും!
അനശ്വരതയുടെ
ഘടികാരത്തിൽ
സൂചികൾത്തമ്മിൽ
തലതല്ലിച്ചാവും!
പ്രാവുകളും
മുയലുകളും
കുയിലുകളും
മയിലുകളും
ആത്മഹത്യയ്ക്ക്
മുൻപേയെഴുതാൻ
തുടങ്ങും…
നാൾവഴിക്കുറിപ്പുകൾ!
‘വാങ്കും’
പള്ളിമണിയും
‘സുപ്രഭാത’വും
കേൾക്കുമ്പോൾ
പട്ടാളബൂട്ടുകളുടെ
ചിട്ടയായ
ശബ്ദവു,
മടുത്തു വരും!
ചിത്തഭ്രമം ബാധിച്ച
മേഘങ്ങളിലെ
നിലവിളികൾമാത്രം
മുഴങ്ങിനിൽക്കും!
മൂകർ
വാ പൊളിച്ചെങ്കിലും
അന്ധർ
ചെവി
പൊത്തിയെങ്കിലും
ബധിരർ
പൊട്ടിച്ചിരിക്കും!
ചരിത്രത്തെ
മാപ്പുസാക്ഷിയാക്കി
അന്ത്യശ്വാസംവലിക്കും
കവിഭാവനമാത്ര,
മലറിപ്പറയും:
“സുഹൃത്തുക്കളില്ലാത്ത
ഏതോ ഭരണാധികാരി,
യൂദാസ്സിന്റെയും
ഹിറ്റ്ലറുടേയും
ഗോഡ്‌സെയുടേയും
ചിത്രങ്ങൾ
തേച്ചുമിനുക്കുകയാണ്!
ഈ പ്രേതവാഴ്ച്ചയി,
ലൊതുങ്ങണോ…
അതോ ഒതുക്കണോ?
അതുമൊരു പ്രധാന ചോദ്യം!”
പഴയ ചോദ്യത്തിന്റെ
ആവർത്തനം:
“ടു ബി ഔർ നോട്ട് ടു ബി!”
💓✍️💓












പ്രേതവാഴ്ച കാലികം, വളരേ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.