വെയിൽ മാഞ്ഞു,
തണൽ വീണതൊടിയിൽ
വീണ്ടും പൂക്കളമിട്ടു കിളികൾ പാറിപറന്നു
നൃത്തചുവടുകളുമായി –
കരിയിലപക്ഷികൾ പാടി..
തിരുവാതിപ്പാട്ടു മൂളി വന്ന
കാറ്റിൽ വയലേലകൾ ആടി….
പുഴയും മഴയും,
പ്രേമസംഗീതമായി ലയിച്ചു
എൻ മനസ്സിൻ കോവിലിൽ
വീണ്ടുമൊരോണ നിറവ്,
തുമ്പയും തുളസിയും,
മുക്കൂറ്റിപ്പൂവും കോർത്തു ഞാനൊരു പൂമാല വീണ്ടും…
ഓണമില്ല…
പാട്ടുമില്ല…
എങ്കിലും ഞാൻ
ഓണ നിലാവിനെ നോക്കി
ചിരിച്ചു
നിലാവെട്ടത്തു കണ്ടെൻ,
ഊഞ്ഞാലു കെട്ടിയ മാവിൻ കൊമ്പിൽ- നിന്നൊരു പഴുത്തില അടരുന്നതു,
അപ്പോൾ ദൂരെ..
വണ്ണാത്തിപുള്ളു നീട്ടി കൂവി….
ഓണകഥയിലെ മാവേലി –
മന്നനെ വീണ്ടും എതിരേറ്റ
ഓണ പുലരിയിൽ,
സൂര്യകിരണങ്ങൾ- വീണൊരാ വയൽ പൂക്കളിലെ തേൻ നുകരുന്ന വർണ്ണ തുമ്പിയെ നോക്കി…
ഒറ്റയ്ക്കു ഞാൻ
ഏറെനേരമെൻ വീടിന്റെ,
തിണ്ണയിലിരുന്നു
തിരുവോണനാളിൽ….











