5000ലേറെ മൃതദേഹങ്ങളുടെ അസ്ഥികള്‍ കൊണ്ട് ചുവരുകള്‍ നിര്‍മ്മിച്ച് പള്ളി. പോര്‍ചുഗലിലെ ഈ പള്ളി ‘ചാപ്പല്‍ ഓഫ് ബോണ്‍സ്’ എന്നാണറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളിക്കുള്ളില്‍ 5000ലധികം മൃതദേഹങ്ങളുടെ തലയോട്ടികളും അസ്ഥികളുമാണുള്ളത്. പള്ളി സന്ദര്‍ശിച്ചവരിലൊരാള്‍ ദൃശ്യങ്ങള്‍ ടിക്ടോക്കിലൂടെ പങ്കുവച്ചതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പള്ളി വൈറലാവുകയാണ്. സ്ഥലപരിമിതിയുള്ള സിമിത്തേരികളില്‍ നിന്നും മാറ്റേണ്ടി വരുന്ന പഴയ അസ്ഥികളും തലയോട്ടികളുമാണ് പള്ളിയുടെ ചുവരില്‍ നിറയുന്നത്.
മറയ്ക്കുന്നതിന് പകരം എല്ലുകളും തലയോട്ടികളും സന്ദര്‍ശകര്‍ക്ക് കാണാന്‍ പള്ളിയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ അന്ന് സന്യാസികള്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, പള്ളിയുടെ വാതിലുകള്‍ക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന വാചകവും ശ്രദ്ധേയമാണ്. ”ഞങ്ങള്‍ അസ്ഥികള്‍ ഇവിടെയുണ്ട്, നിങ്ങളുടേതിനായി കാത്തിരിക്കുന്നു’
പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നും ഒരു കുട്ടിയുടെ അസ്ഥികൂടം കയറില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതും കാണാം. ഒപ്പം ഒരു വാചകവുമുണ്ട് ”ജനനദിനത്തേക്കാൾ നല്ലത് മരണദിവസമാണ്.” വിചിത്രമെങ്കിലും ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശമെന്തെന്നാല്‍ സന്ദര്‍ശകരെ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കുകയും മരണമടഞ്ഞവരെ ഓര്‍ക്കുകയും ചെയ്യുക എന്നതാണ്. പള്ളിയിലെ തൂണുകളിലൊന്നിൽ ഫാദർ അന്റോണിയോ ഡാ അസെൻകാവോയുടെ ഒരു കവിതയും തൂക്കിയിട്ടിട്ടുണ്ട്. ‘ഇത്രയും തിരക്കിട്ട് എങ്ങോട്ടാണ് നിങ്ങൾ പോകുന്നത്? നില്‍ക്കുക… നിങ്ങള്‍ മുന്നോട്ട് പോകരുത്; നിങ്ങൾ ഇപ്പോള്‍ കാണുന്ന കാഴ്ചയിലും വലിയ ഉത്കണ്ഠ നിങ്ങൾക്കില്ല” എന്നിങ്ങനെയാണ് കവിത.













