പാലക്കാട് മലമ്പുഴയില്‍ മലയിടുക്കില്‍ അകപ്പെട്ട ആര്‍.ബാബു രക്ഷപ്പെട്ടത് ഇരട്ടഭാഗ്യംകൊണ്ട്. ചൊവ്വാഴ്ച രാത്രി ആദ്യമിരുന്ന മലയിടുക്കില്‍നിന്ന് താഴേക്കുവീണു. എന്നാല്‍ പത്തടി താഴെയുള്ള മറ്റൊരു മലയിടുക്കില്‍ കാല്‍ ഉടക്കിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആദ്യത്തെ സ്ഥലത്ത് ഇരിക്കാനുള്ള സൗകര്യമുണ്ടായിരുന്നെങ്കില്‍ രണ്ടാമത് എത്തിയ സ്ഥലത്ത് കഷ്ടിച്ച് നില്‍ക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്‍പതു മണിക്കൂറോളം ഇടുങ്ങിയ മലയിടുക്കില്‍ ബാബു നില്‍ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികരാണ് ഇത് സ്ഥിരീകരിച്ചത്.
ബാബുവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ കഴിയുന്ന ബാബുവിനെ രാത്രിയിലും വിവിധ പരിശോധനയ്ക്ക് വിധേയമാക്കി. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. വീഴ്ചയിലുണ്ടായ പരുക്കുകള്‍ സാരമുള്ളതല്ല എന്നത് ആശ്വാസമാണ്. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നിലവില്‍ നല്‍കുന്നത്. ഇന്ന് ഉച്ചയോടെ ആരോഗ്യനില പൂര്‍ണതോതില്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.













