സംസ്ഥാനത്ത് ഉത്സവാഘോഷങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍. എല്ലാ മതപരമായ ഉത്സവാഘോഷങ്ങള്‍ക്കും പരമാവധി 1500 പേര്‍ക്ക് പങ്കെടുക്കാം. ആറ്റുകാല്‍ പൊങ്കാല വീട്ടില്‍ പരിമിതപ്പെടുത്തണം. അംഗനവാടികളും തിങ്കളാഴ്ച തുറക്കും. സംസ്ഥാനത്തെ ഉത്സവാഘോഷങ്ങള്‍ക്ക് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം. ആലുവാ ശിവരാത്രി, മാരാമണ്‍ കണ്‍വന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുളള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. കോവിഡ് വ്യാപനവും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്കാനുളള സര്‍ക്കാര്‍ തീരുമാനം. 25 ചതുരശ്രഅടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആളുകളുടെ എണ്ണം ജില്ലാ കലക്ടര്‍മാര്‍ക്ക് നിശ്ചയിക്കാം.
ആറ്റുകാല്‍ പൊങ്കാല റോഡുകളില്‍ അനുവദിക്കില്ല. കഴിഞ്ഞ വര്‍ഷത്തേപ്പോലെ വീടുകളില്‍ പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദേശം. 18 നു മുകളില്‍ പ്രായമുളളവര്‍ക്ക് എഴുപത്തിരണ്ട് മണിക്കൂറിനുളളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ മൂന്നുമാസത്തിനുളളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കൈയിലുണ്ടാകണം. രോഗലക്ഷണങ്ങളില്ലാത്ത 18 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാന്‍ അനുമതിയുണ്ട്. പന്തലില്‍ ആഹാരം വിതരണം ചെയ്യരുത്. 1 മുതല്‍ 9 വരെയുളള ക്ലാസുകള്‍ക്കൊപ്പം അംഗനവാടികളും തിങ്കളാഴ്ച മുതല്‍ തുറക്കും.













