LIMA WORLD LIBRARY

യുക്രെയ്ന്‍ അധിനിവേശ ഭീഷണി ശക്തമാക്കി റഷ്യ; അതിര്‍ത്തിയില്‍ സംയുക്ത സൈനികാഭ്യാസം

യുക്രെയ്ന്‍ അധിനിവേശ ഭീഷണി ശക്തമാക്കി റഷ്യ. യുക്രൈന്‍ അതിര്‍ത്തിയില്‍ ബലാറസുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. ഒരുലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിക്കു തൊട്ടടുത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. യൂറോപ്പ് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയായാണ് ബെലാറസ്– റഷ്യന്‍ സംയുക്ത സൈനികാഭ്യാസം.  പങ്കെടുക്കുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മുപ്പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ ബെലാറസിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബെലാറസ് യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. കരിങ്കടലില്‍ യുക്രൈന്റെ തെക്കന്‍ തീരത്ത് റഷ്യന്‍ നാവികസേനയും സൈനികാഭ്യാസം നടത്തുന്നുണ്ട്. ഒരുലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിക്ക് തൊട്ടടുത്തെത്തിയെന്നും സൂചനയുണ്ട്. ഏതുനിമിഷവും യുക്രൈനില്‍ റഷ്യന്‍ അധിനിവേശമുണ്ടാകാമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നത്. അതിനിടെ റഷ്യയിലെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് നടത്തിയ സമാധാന ചര്‍ച്ചകള്‍ ഫലംകണ്ടില്ല.

റഷ്യയുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ട്രസ്സ് തയാറായില്ലെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബധിരരും മൂകരുമായ രണ്ടുപേര്‍ നടത്തിയ സംഭാഷണം എന്നാണ് കൂടിക്കാഴ്ചയെ ലവ്റോവ് വിശേഷിപ്പിച്ചത്. പ്രശ്നം പരിഹരിക്കാന്‍ റഷ്യ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ലിസ് ട്രസ്സും ആവശ്യപ്പെട്ടു. നാറ്റോ സഖ്യരാജ്യങ്ങളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ബ്രസല്‍സിലും പോളണ്ടിലും സന്ദര്‍ശനം നടത്തി. നാറ്റൊ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗിനെയും സന്ദര്‍ശിച്ചു. റഷ്യ, യുക്രൈനില്‍ അധിനിവേശം നടത്തിയാല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px