മറ്റൊരാളുടെ ജനിതകഘടന (ഡിഎൻഎ) സമ്മതമില്ലാതെ കൈക്കലാക്കുന്നതിനെ ജീൻ തെഫ്റ്റ് അല്ലെങ്കിൽ ഡിഎൻഎ തെഫ്റ്റ് എന്നു വിളിക്കുന്നു. ഇത് പല പ്രശ്നങ്ങൾക്കും വഴിവയ്ക്കാം.
1. ജനിതക രഹസ്യങ്ങൾ
ഡിഎൻഎയിലൂടെ ജനിതക വിവരങ്ങൾ എതിരാളിയുടെ കയ്യിലെത്തിയാൽ അതുപയോഗിച്ച് രക്തബന്ധുക്കളെ കണ്ടെത്താം. സാധാരണക്കാരെ ഇതു വലുതായി ബാധിക്കില്ലെങ്കിലും ലോകനേതാക്കൾ, ഉന്നത സൈനിക– ചാര ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഇതു പ്രതിസന്ധി സൃഷ്ടിക്കാം. ബന്ധുക്കളുടെ വിവരങ്ങൾ ശത്രുവിന്റെ കൈവശമെത്താൻ ഇവരാരും ആഗ്രഹിക്കാറില്ല
സെലിബ്രിറ്റികളെക്കുറിച്ച് അറിയാനായി ചില ആരാധകരും ഡിഎൻഎ മോഷണത്തിനു മിനക്കെടാറുണ്ട്. 2002 ൽ ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ മുടി കൈക്കലാക്കാൻ ചിലർ ശ്രമം നടത്തി. ചാൾസ് രാജകുമാരന്റെ മകൻ തന്നെയാണോ ഹാരിയെന്ന് ഡിഎൻഎ പരിശോധനവഴി ഉറപ്പിക്കാനായിരുന്നു പദ്ധതി.
2. രോഗങ്ങളുടെ വിവരം
ജനിതക രോഗങ്ങൾ, സ്വകാര്യ രോഗങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ വിവരങ്ങൾ എതിരാളിക്ക് അറിയാൻ ഡിഎൻഎ ഉപകരിക്കും. ഒരു ഭരണാധികാരിയുടെ ആരോഗ്യപ്രശ്നങ്ങൾ എതിരാളികൾ അറിയുന്നത് രാജ്യതാൽപര്യത്തിന് നല്ലതല്ല. സാധാരണക്കാരുടെയും ഇത്തരം വിവരങ്ങൾ ചോരുന്നത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ് കണക്കാക്കുന്നത്.
3. കുറ്റാന്വേഷണം അട്ടിമറിക്കൽ
മറ്റുള്ളവരുടെ ഡിഎൻഎ കൃത്യം നടന്ന സ്ഥലത്ത് ബോധപൂർവം നിക്ഷേപിച്ച് കുറ്റവാളികൾ ഫൊറൻസിക് അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രഫ. ജേക്കബ് ആപ്പേൽ എന്ന വിദഗ്ധൻ ശ്രദ്ധ ക്ഷണിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിനു നിരപരാധിയെ ജയിലിലാക്കാനും ഈ രീതി ഉപയോഗിച്ചേക്കാം.
∙ നിയമങ്ങൾ
ജനിതകവിവരങ്ങളെ സ്വകാര്യവിവരങ്ങളായി പല രാജ്യങ്ങളും കണക്കാക്കുന്നുണ്ടെങ്കിലും ഡിഎൻഎ മോഷണത്തിനു കഠിന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾ അപൂർവമാണ്. ബ്രിട്ടനിൽ ഡിഎൻഎ മോഷണം കുറ്റകരമാണ്. യുഎസിൽ ചില സംസ്ഥാനങ്ങൾ ഇത് ക്രിമിനൽ കുറ്റമാക്കിയിട്ടുണ്ട്. എങ്കിലും പ്രശസ്തരുടെ ഡിഎൻഎയ്ക്ക് ആവശ്യക്കാരേറെ. ബറാക് ഒബാമ ഉൾപ്പെടെയുള്ളവരുടെ ഡിഎൻഎ വിവരങ്ങൾ ചൂടപ്പം പോലെ വിറ്റഴിക്കുന്നെന്ന് ഇടയ്ക്ക് റിപ്പോർട്ടുണ്ടായിരുന്നു. വരുംകാലങ്ങളിൽ ഡിഎൻഎ മോഷണം ഒരു വലിയ പ്രതിസന്ധിയായേക്കാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Content Highlight: French president Emmanuel Macron, Covid test, DNA test













