രാജ്യം ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ സിബിഐ കേസെടുത്തു. എബിജി ഷിപ്പ് യാർഡിന്റെ സിഎംഡിയായിരുന്ന ഋഷി അഗർവാൾ, എക്സിക്യുട്ടീവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേതിയ എന്നിവരാണ് പ്രതികൾ. 28 ബാങ്കുകളിൽ നിന്നായി 22,842 കോടി രൂപ തട്ടിച്ചുവെന്നാണ് കേസ്. എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിയുടെ പേരും സിബിഐ എഫ്ഐആറിലുണ്ട്. 2012 ഏപ്രിലിനും 2017 ജൂലൈക്കും ഇടയിലാണ് തട്ടിപ്പ് നടന്നത്. കപ്പൽ നിർമാണവും അറ്റകുറ്റ പണികളും നടത്തുന്ന എബിജി ഷിപ്പ് യാർഡ് ഗുജറാത്തിലെ സൂറത്തിലും ദഹേജിലും എബിജി ഗ്രൂപ്പിന്റെ ഉടമസ്ഥലതയിലുള്ളതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയിലാണ് സിബിഐ നടപടി. വായ്പ എടുത്ത തുക മുഴുവൻ വക മാറ്റി ചെലവഴിക്കുകയായിരുന്നു.













