ന്യൂയോർക്ക് ∙ സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി പുതിയ 2 ദൗത്യങ്ങൾ പ്രഖ്യാപിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. മൾട്ടി സ്ലിറ്റ് സോളർ എക്‌സ്‌പ്ലോറർ (മ്യൂസ്), ഹീലിയോ സ്വാം എന്നീ ദൗത്യങ്ങളിലൂടെ സൂര്യന്റെ അന്തരീക്ഷം, കാലാവസ്ഥ, സൗരമണ്ഡലത്തിലെ മറ്റു സവിശേഷതകൾ എന്നിവയുടെ പഠനമാണു ഉദ്ദേശിക്കുന്നത്.
നേരത്തേ സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചു പഠനം നടത്താനായി ‘പാർക്കർ സോളർ പ്രോബ്’ നാസ വിക്ഷേപിച്ചിരുന്നു. കൊറോണയിൽ തൊട്ട ആദ്യ മനുഷ്യനിർമിത വസ്തുവായി പാർക്കർ അടുത്തിടെ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇനിയും കൊറോണയിൽ കൂടുതൽ അടുത്തെത്തി പാർക്കർ ഗവേഷണം നടത്തും. ഇതിനു പുറമേയുള്ള വിവരങ്ങളാണു പുതിയ ദൗത്യം തേടുന്നത്.
മ്യൂസ്
ഭാവി ബഹിരാകാശ, ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുന്ന വിവരങ്ങൾ തേടിയാണ് മ്യൂസ് ദൗത്യം. സൗരവാതങ്ങൾ, സൗര ദീപ്തികൾ തുടങ്ങിയവയുടെ കാരണങ്ങൾ അന്വേഷിക്കും. കൊറോണയുടെ ഹൈ റസല്യൂഷൻ ചിത്രങ്ങളെടുക്കുന്ന ദൗത്യം, ഈ സൗരാന്തരീക്ഷത്തിന്റെ പ്ലാസ്മ സവിശേഷതകളും അന്വേഷിക്കും. കലിഫോർണിയയിലെ ലോക്ഹീഡ് മാർട്ടിൻ അഡ്വാൻസ്ഡ് ടെക്നോളജി സെന്ററാണ് മ്യൂസ് വികസിപ്പിക്കുന്നത്.
ഹീലിയോ സ്വാം
9 ബഹിരാകാശ പേടകങ്ങളുടെ ശൃംഖലയാണ് ഹീലിയോ സ്വാം. സൗരവാതങ്ങളിലെ ഏറ്റക്കുറച്ചിലുകൾ, സൗരവാതങ്ങൾ ഗ്രഹങ്ങളുടെ കാന്തികമണ്ഡലങ്ങളുമായി നടത്തുന്ന ഇടപെടലുകൾ തുടങ്ങിയവ പഠനവിധേയമാക്കും. സൗരവാതങ്ങൾ ഭൗമകാന്തിക കൊടുങ്കാറ്റിനു വഴിവച്ച് ഉപഗ്രഹങ്ങളെയും ആശയവിനിമയ സംവിധാനങ്ങളെയുമൊക്കെ ബാധിക്കുന്ന അവസ്ഥ ഇപ്പോൾ ഇടയ്ക്കിടെയുണ്ടാകുന്നുണ്ട്. ഇതിനാൽ ഈ വിവരങ്ങൾ ആശയവിനിമയ മേഖലയിൽ നിർണായകമാകും. ന്യൂഹാംഷർ സർവകലാശാലയാണു ഹീലിയോ സ്വാമിനു പിന്നിൽ.
English Summary: NASA solar mission













