ഇന്ന് ഫെബ്രുവരി 14. ഹൃദയത്തിൽ പ്രണയപ്രതീക്ഷകളുടെ പനിനീർപ്പൂക്കൾ വിരിയുന്ന വാലന്റൈൻസ് ഡേ. പ്രണത്തിന്റെ കരുത്തിൽ ജീവിതത്തിലേക്ക് തിരികെ നടന്ന യുവാവിന്റെയും തന്റെ പ്രിയപ്പെട്ടവന് താങ്ങുംതണലുമായി നിന്ന് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന പ്രണയിനിയുടെയും കഥ പറയാതെ ഈ ദിവസം പിന്നിടാനാവില്ല. അരുണിമയുടെയും റെമോയുടെയും കഥ ഏതൊരാളെയും ജീവിതത്തിൽ പ്രതീക്ഷകളിലേക്ക് കൈപിടിച്ചുയർത്തുമെന്നത് ഉറപ്പാണ്.
കോഴിക്കോട്ടെ പ്രാദേശികചാനലായ കെസിഎൽ ചാനലിന്റെ ക്യാമറാമാനാണ് റെമോ ബഞ്ചമിൻ പീറ്റർ. ചാനലിലേക്ക് ട്രെയിനി റിപ്പോർട്ടറായാണ് കെ.കെ. അരുണിമ എത്തിയത്. ഇരുവരുടെയും സൗഹൃദം പതിയെ പ്രണയത്തിലേക്കു വഴിമാറി.
റെമോയുടെ അമ്മയ്ക്ക് അരുണിമയെ ഏറെ ഇഷ്ടമായിരുന്നു. ഈസ്റ്റ്ഹില്ലിൽ ഗൃഹപ്രവേശനത്തിനെത്തിയ അരുണിമയെ ആ അമ്മ ബന്ധുക്കൾക്കെല്ലാം പരിചയപ്പെടുത്തികൊടുത്തിരുന്നു. അർബുദ ബാധിതയായ അമ്മയുടെ വിയോഗം പെട്ടന്നായിരുന്നു.ഇതിനിടെ അരുണിമയ്ക്ക് വിവാഹാലോചനകൾ വന്നുതുടങ്ങിയപ്പോൾ റെമോയുടെ കാര്യം വീട്ടിലറിയിച്ചു. വീട്ടുകാരും സമ്മതം മൂളി. 2021 മാർച്ച് 15ന് വിവാഹനിശ്ചയം നടത്തി.
പക്ഷേ ആ സന്തോഷത്തിന്റെ പകൽ ദുഃഖത്തിന്റെ രാത്രിയിലേക്കാണ് വഴിമാറിയത്. വിവാഹനിശ്ചയത്തിനു ഭക്ഷണം പാകംചെയ്യാൻ കൊണ്ടുവന്ന പാത്രങ്ങൾ തിരികെകൊടുക്കാൻ നഗരത്തിലേക്ക് സുഹൃത്തിനൊപ്പം വരികയായിരുന്നു റെമോ. ക്രിസ്ത്യൻ കോളജ് ജംക്ഷനിൽവച്ച് ബൈക്ക് അപകടത്തിൽപ്പെട്ടു. ചോരയിൽകുളിച്ച് അതീവഗുരുതരാവസ്ഥയിൽ കിടന്ന റെമോയേയും സുഹൃത്തിനേയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. പൊട്ടിക്കരഞ്ഞു വിറങ്ങലിച്ച മനസുമായാണ് അരുണിമ ആശുപത്രിയിലേക്കെത്തിയത്.
ശ്വാസകോശത്തിനു ചതവ്, വൃക്ക തകരാർ, ഇടുപ്പിൽ രക്തം കട്ടപിടിക്കൽ തുടങ്ങി പന്ത്രണ്ടോളം ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. വെന്റിലേറ്ററിൽ അനക്കമില്ലാതെ റെമോ രണ്ടുമാസത്തോളം കിടന്നു. എന്നും രാവിലെ അരുണിമ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലെത്തും. പ്രാർഥനയുമായി അരികെയിരിക്കും. റെമോ കണ്ണുതുറക്കുന്നതും നോക്കിയുള്ള കാത്തിരിപ്പ്.
വാർഡിലേക്ക് മാറ്റിയെങ്കിലും ഓർമശക്തി തിരികെക്കിട്ടാൻ പിന്നെയും സമയമെടുത്തു. വീട്ടിലേക്ക് മാറ്റിയെങ്കിലും റെമോ കിടപ്പിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ അച്ഛനും ബംഗളൂരുവിൽ ജോലി ചെയ്യുന്ന അനിയത്തിയുമാണ് റെമോയ്ക്കുള്ളത്. അരുണിമ എന്നും രാവിലെ വീട്ടിലെത്തും. ഒരു അമ്മയെപ്പോലെ റെമോയെ ആഹാരം കഴിപ്പിക്കുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്യും. പ്രസ്ക്ലബിലെ സുഹൃത്തുക്കളും കോളജിലെ സഹപപാഠികളും അധ്യാപകരുമൊക്കെ പിന്തുണയും സഹായവുമായി കൂടെയെത്തി.
പതിയെപ്പതിയെ അരുണിമയുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെവന്ന റെമോ പ്രണയം സാക്ഷാത്കരിക്കാൻ തീരുമാനിച്ചു. ശനിയാഴ്ച 11നും 12നുമിടയ്ക്ക് പുതിയറയിലെ ഓഡിറ്റോറിയത്തിലായിരുന്നു ഇരുവരുടെയും വിവാഹം.













