വിൻസർ ∙ കാനഡയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ ആരംഭിച്ച റോഡ് ഉപരോധം തുടരുന്നു. യുഎസിലെ ഡിട്രോയിറ്റിലേക്കുള്ള പ്രധാന അതിർത്തിപാതയിലെ അംബാസഡർ പാലം ഉപരോധിച്ച ട്രക്കുകൾ നീക്കി പൊലീസ് ഗതാഗതം പുനരാരംഭിച്ചെങ്കിലും ഒട്ടേറെ നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും തുടർന്നു. തലസ്ഥാന നഗരമായ ഒട്ടാവയിൽ കടുത്ത തണുപ്പിലും ഇന്നലെ നാലായിരത്തോളം പേർ നടത്തിയ പ്രകടനം ഗതാഗതം സ്തംഭിപ്പിച്ചു.
ശനിയാഴ്ച വൈകിട്ടു മുതൽ കോൺക്രീറ്റ് സ്ലാബുകളും മറ്റും സ്ഥാപിച്ച് സമരക്കാർ റോഡിൽ തടസ്സമുണ്ടാക്കി. സമരം നേരിടാൻ പ്രവിശ്യാ അധികൃതരെക്കൂടി ഉൾപ്പെടുത്തി കമാൻഡ് സെന്ററിന് രൂപം കൊടുത്തു.
വ്യാപാര പ്രതിസന്ധിക്കു ഇടയാക്കിയ കോവിഡ് വാക്സീൻ വിരുദ്ധ സമരം ഫ്രാൻസ്, നെതർലൻഡ്സ്, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലേക്കും പടർന്നിട്ടുണ്ട്.
അതിർത്തി കടന്നുവരുന്ന ട്രക്കുകളിൽ ഡ്രൈവർക്കു കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെയാണ് കാനഡയിൽ പ്രക്ഷോഭം തുടങ്ങിയത്.













