LIMA WORLD LIBRARY

മലയാളത്തിന്റെ മരുമകൾ അന്നയും ബഹിരാകാശം തൊടും; ലക്ഷ്യം ഏറ്റവും ഉയർന്ന ഭൗമ ഭ്രമണപഥം

ന്യൂയോർക്ക്∙ ഒരു സ്വകാര്യ കമ്പനി നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം (സ്പേസ് വോക്ക്) ഈ വർഷം അവസാനം സംഭവിച്ചേക്കും. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സാണ് പോലാരിസ് ഡോൺ എന്ന ദൗത്യത്തിൽ ഇതു ലക്ഷ്യമിടുന്നത്. ഇതിന്റെ യാത്രാസംഘത്തിൽ സ്പേസ് എക്സിലെ മലയാളി മെഡിക്കൽ വിദഗ്ധൻ ഡോ. അനിൽ മേനോന്റെ ഭാര്യ അന്നാ മേനോനുമുണ്ട്. നാസാ ഭാവി യാത്രാസംഘത്തിൽ ഉൾപ്പെട്ടയാളാണു യുഎസിലെ മിനസോഡയിൽ നിന്നുള്ള ഡോ. അനിൽ മേനോൻ.

സ്പേസ് എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻസ് എൻജിനീയറായ അന്ന മേനോൻ, ഡെമോ–2, ക്രൂ–1 , സിആർഎസ്–22, 23 തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങളിൽ മിഷൻ കൺട്രോളിൽ പ്രവർത്തിച്ചു. 7 വർഷം നാസയിലും പ്രവർത്തിച്ചിട്ടുണ്ട്. പൊലാരിസ് എന്നു പേരുള്ള 3 ഭാഗ ദൗത്യപരമ്പരയുടെ ഒന്നാം ഭാഗമാണ് പൊലാരിസ് ഡോൺ. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാകും ഡ്രാഗൺ പേടകത്തിലേറി, ഫാൽക്കൺ റോക്കറ്റിൽ ദൗത്യത്തിന്റെ വിക്ഷേപണം.‌

ബഹിരാകാശ വാഹനങ്ങൾ ഇതുവരെ കൈവരിച്ച ഏറ്റവും ഉയർന്ന ഭൗമ ഭ്രമണപഥം നേടുക, മസ്കിന്റെ സ്റ്റാർലിങ്ക് കമ്പനിയുടെ ലേസർ ആശയവിനിമയ പദ്ധതിയുടെ പരീക്ഷണങ്ങൾ നടത്തുക, ബഹിരാകാശ യാത്രികർ നേരിടുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ. സ്പേസ് എക്സിന്റെ ഭാവി യാത്രകൾക്കുള്ള പ്രോട്ടോക്കോളുകൾ തയാറാക്കുന്നതും പൊലാരിസ് ഡോൺ യാത്രാസംഘമാണ്.

കഴിഞ്ഞ വർഷം സ്പേസ് എക്സിന്റെ ആദ്യ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തിയ ജാറദ് ഐസക് മാനാണ് ദൗത്യം നയിക്കുന്നത്. സ്കോട് പൊറ്റീറ്റ്, സ്പേസ് എക്സിലെ ജീവനക്കാരിയായ സാറാ ഗിൽസ് എന്നിവരും യാത്രയിലുണ്ടാകും.

മലയാളത്തിന്റെ മരുമകൾ

യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമാണ് ഡോ. അനിൽ മേനോൻ (45).  സ്‌പേസ് എക്‌സ് കമ്പനിയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യത്തിന്റെ ഫ്ലൈറ്റ് സർജൻ ഡോ.അനിലായിരുന്നു. യാത്രികരുടെ ആരോഗ്യപരിപാലനമായിരുന്നു ചുമതല. പൈലറ്റ് എന്ന നിലയിൽ ആയിരത്തിലധികം മണിക്കൂർ പറന്ന പരിചയവുമുണ്ട്. ഇവയെല്ലാം വിലയിരുത്തിയാണ് നാസയുടെ ഭാവി ബഹിരാകാശ യാത്രകൾക്കായുള്ള പത്തംഗ സംഘത്തിൽ അദ്ദേഹം ഉൾപ്പെട്ടത്.

യുഎസിലേക്കു കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ. ദമ്പതികൾക്ക് 2 കുട്ടികളുമുണ്ട്.അനിലിനൊപ്പം അന്ന 3 വർഷം മുൻപ് കേരളത്തിൽ വന്നിരുന്നു. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിൽ ദമ്പതികൾ അന്ന് സന്ദർശനം നടത്തി.

സ്റ്റാർഷിപ് വിക്ഷേപണം ഈ വർഷം?

സ്പേസ് എക്സിന്റെ ഏറ്റവും ശ്രദ്ധേയ ബഹിരാകാശവാഹനവും ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റുമായ സ്റ്റാർഷിപ്പിന്റെ വിക്ഷേപണവും ഈ വർഷമുണ്ടാകുമെന്നാണു സൂചന. റോക്കറ്റിനെപ്പറ്റിയുള്ള ഒരു അഭിമുഖത്തിൽ മസ്ക് തന്നെയാണു സൂചന നൽകിയത്. വിക്ഷേപണത്തറയിൽ ഈ റോക്കറ്റ് വച്ചിരിക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചു.

രണ്ടു ഭാഗങ്ങളായി 120 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പിന് 100 ടണ്ണോളം ഭാരം വഹിക്കാനുള്ള കഴിവുണ്ട്. ഇലോൺ മസ്കിന്റെ സ്വപ്നമായ ചാന്ദ്ര, ചൊവ്വാ മനുഷ്യക്കോളനി പദ്ധതികളിൽ ഈ വമ്പൻ റോക്കറ്റ് നിർണായകസ്ഥാനം വഹിക്കുമെന്ന് കരുതുന്നു.

English Summary: Dr. Anil Menon’s wife Anna also for space journey

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px