LIMA WORLD LIBRARY

പ്രണയഭാവങ്ങൾ – ചാക്കോ ഡി അന്തിക്കാട്

പ്രണയമേ, നിൻ
പൂങ്കാവനത്തിൽ
എത്രയിനം വർണ്ണങ്ങൾ,
നിൻ മാങ്കൊമ്പിൽ
എത്രയിനം മാമ്പഴങ്ങൾ!

ഭീഷണിയല്ല…
പുളിയുറുമ്പിൻ കൂട്,
ഇത്തിക്കണ്ണികൾ,
കാവൽക്കാരന്റെ
ചോരയിറ്റും
തുറിച്ച കണ്ണുകൾ,
മാവിൻ വെല്ലുവിളിയാ,മുയരം,
മേലാപ്പിലെ ഉണങ്ങിയ കമ്പ്,
മേലേവീട്ടിലെ,യധികാരി!

പ്രണയമേ…
നീ,യലയാത്ത
ഭൂഖണ്ഡങ്ങളില്ല,
ആകാശനീലിമയില്ല,
കടൽപ്പരപ്പില്ല!

എനിക്കറിയാം
മഴവില്ല് നിൻ
കളിത്തൊട്ടിൽ!
അവിടെനിന്നും നീ
സ്വപ്നങ്ങളിലേയ്ക്ക്
ചേക്കേറും..
പെറ്റുപെരുകും…
ആവേശവും ആവേഗവും!

ആഞ്ഞടിക്കും
കൊടുംകാറ്റിൽ,
മറിഞ്ഞു വീഴും
മഹാവൃക്ഷങ്ങൾ! ആഞ്ഞടിക്കുമെതിർപ്പിൽ,
ഇളകിവീഴില്ല നിൻ
സിംഹാസനങ്ങൾ!

ചുറ്റുമുണ്ട്,
ആത്മഹത്യകൾ,
കൊലപാതകങ്ങൾ,
ഭ്രാന്തിൻ പുലമ്പലുകൾ…
എല്ലാം നിന്റെ പേരിൽ മാത്രം!

എന്നാൽ നീയോ?
മന്ദമാരുതനായി
വിലസി നടക്കും…
വിളറിവെളുത്തവരെ
വികാരഭരിതരാക്കും!

ആവേശത്തോടെ മുന്നേറും
വീരനായികാ-നായകന്മാർ!
മുന്നേറും കാലത്തിന്റെ സമർപ്പണദൗത്യത്തിൻ മേലങ്കിയണിഞ്ഞവർ!

വ്യക്തിയെ…ധനത്തെ
ആരാധിക്കുന്നവർ
ഒരു ചേരിയിൽ.
നാടിൻ സഹനത്തെ
പ്രണയിക്കുന്നവർ
മറുചേരിയിൽ…
വിപ്ലവത്തെ പ്രണയിച്ചവർ
പുരോഗമന
ഇടതുചേരിയിലും!

നീയാണ്
‘വഴിയും സത്യവും
ജീവനു’മെന്ന്
ക്യാമ്പസ്സുകളിൽ
മൂകരായി
പിറുപിറുക്കുന്നുണ്ട്
പുതുതലമുറ!

ഇന്നു നിന്നെ…
നാളെ മറ്റവളെ…
മറ്റന്നാൾ
അഭിസാരികയെ…
എന്നുപറയുന്നവർ
പെരുകും കാലം!

നീയൊന്നുമറിയുന്നില്ല,
അറിഞ്ഞ ഭാവമേയില്ല!

പ്രണയത്തിന്റെപേരിൽ
യുദ്ധങ്ങൾ!
ആത്മാഹൂതികൾ!
ആത്മസമർപ്പണങ്ങൾ!

തീന്മേശകൾക്ക് തീപ്പിടിക്കും…
നിലവിളികളെ നിശബ്ദമാക്കും,
ചോരപുരണ്ട മണിയറകൾ!

എങ്കിലുമീ…
വിശ്വപ്രണയം
നീണാൾ വാഴട്ടെ!

പ്രണയിക്കുന്നവർ
പ്രണയസാധ്യത തേടും
കാമദേവന്റെപ്പോലും
കണ്ണുകളെയമ്പരപ്പിക്കും!
പ്രണയമില്ലാത്തവർ
അസൂയപ്പെട്ടുകൊണ്ടേയിരിക്കും!

പ്രണയിക്കുന്നവരുടെ
കടാക്ഷങ്ങൾ തൊടും
മുല്ലപ്പൂവുകൾ
‘വീനസ്സി’ൻ കണ്ണുകൾ!

പതിവു മുദ്രാവക്യത്തിൽ
പുതുമയില്ലെന്ന്
വഴിതെറ്റിവന്ന പ്രണയം!

അതിന് വേണം…
വഴിമാറി
സഞ്ചരിക്കുന്നവരെ…
സ്വയം വഴിവെട്ടി
മുന്നേറുന്നവരെ…
വംശീയ-വർഗ്ഗീയ
വെറിയുപേക്ഷിച്ചവരെ…
ഒഴുക്കിനെതിരെ
നീന്തുന്നവരെ…

മാർഗ്ഗതടസ്സമാവില്ല പ്രായം!
മാർഗ്ഗങ്ങൾ ബഹുവിധം.
ഇപ്പോഴു,മനശ്വര
പ്രണയത്തിന്റെ
പ്ലാറ്റിനം ജൂബിലി,
യാഘോഷിക്കുന്നവർ
ഏതോ കോണിൽ കാണും!

പ്രണയനൈരാശ്യത്തിൻ
മൂലഹേതു
മാത്രമന്വേഷിക്കുന്നവർ
ദുർബ്ബലർ…മൂഢന്മാർ!
അവരെ വെറുതെ വിടുക!

ആരും പ്രണയിച്ചില്ലെങ്കിലും
ചിരഞ്ജീവിയാം പ്രണയഭാവം,
സൂര്യനും, ചന്ദ്രനും,
നക്ഷത്രങ്ങളും,
ഭൂമിയും നിലാവും
പരസ്പ്പരം സമ്മാനിക്കും!
അവർ നറുപുഞ്ചിരികൾ
നിസ്വാർത്ഥമായി
കൈമാറും!

കിളികൾക്കത്
പെട്ടെന്നാസ്വദിക്കാനാവും.
അവർ നിർത്താതെ
പ്രണയസന്ദേശം ചിലച്ചുകൊണ്ടേയിരിക്കും…

മത്സ്യങ്ങൾ ജലത്തെ
പ്രണയിക്കുംപ്പോലെ
എനിയ്ക്ക് നീയുമായി
വീണ്ടും പ്രണയിക്കണം!

പ്രപഞ്ചസൗന്ദര്യം
കണ്ടില്ലെങ്കിലും
അന്ധരായ
പ്രണയജോഡികൾ
ഏതോ കുടിലിന്റെ മുറ്റത്ത്,
നക്ഷത്രങ്ങളെ സാക്ഷിയാക്കി,
നിലാവിനുവേണ്ടി,
ആലിംഗനത്തിലാണ്!
അവരെയാരും
ഉപദ്രവിക്കാതിരിക്കട്ടെ!

നീണാൾ വാഴട്ടെ…
വിശ്വപ്രണയം…
അനശ്വരപ്രണയം!
💓✍️💓
Venus
(Godess of love & beauty
In Roman Mythology)
✍️
ചാക്കോ ഡി അന്തിക്കാട്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px