ചെന്തളിർ പോലുള്ള മൊഞ്ചൊ ത്ത ചുണ്ടിൽ
തഞ്ചത്തിലിന്നൊരു ചുംബനം മോഹിച്ച് ,
കൊഞ്ചിക്കൊണ്ടെന്നോട് പുന്നാരം
ചൊല്ലി മെല്ലെ
എൻ നെഞ്ചിൽ പാറി വന്ന കിളിമൊഴിയഴകേ…
പനിനീർ പൂ മണം പാറും
പൂവുടലാകെ
പാലൊളി പൂശിയതേതു
കരങ്ങൾ,
ഏഴഴകൊത്ത നിൻ പുഞ്ചിരി മലരിൽ
ആരു നിറച്ചനുരാഗസുഗന്ധം
നിന്നെപ്പുണരണമെന്നൊരു മോഹം ഖൽബിൽ
മുഴുതിങ്കൾക്കിണ്ണം തൂകും
നിലാവോളം നിറയുന്നു ;
അർഷത്തു വിരിയുന്ന താരകപ്പൂവുകളോളം
മണി മുത്തം തന്നു നിന്നെ
മൊഹബത്തിൻ മാധുരിയൂട്ടാം..!
പതിന്നാലാം മെഹ്റിലെ ചന്ദന മഴയിൽ
പൊന്നൊളി പൂശിയ പുഞ്ചിരിയഴകേ ,
നീ തൂകും പ്രണയത്തിൻ മധുരത്തേൻ നുകരാൻ
എന്നുള്ളം തുടിക്കുന്നെൻ ലാവണ്യത്തിടമ്പേ …
ഈ നീലരാവിന്റെ മണിയറയ്ക്കുള്ളിൽ
നീരാളപ്പട്ടു വിരിച്ച മലർ മെത്ത മേലേ
മധു വിധു പൊഴിയുമീ പരിമളക്കുളിരിൽ
മനമൊന്നായിന്നൊരുമയി
ലലിയാം
* * * * * * *
ഈ വരികൾ പ്രണയ ദിന സമ്മാനമായി എല്ലാ പ്രണയ മനസ്സുകൾക്കും മുന്നിൽ സൗഹൃദ പൂർവം ഞാൻ സമർപ്പിക്കുന്നു.
സെബാസ്റ്റ്യൻ തേനാശ്ശേരി











