നാലു മണിക്കാറ്റേറ്റിരുപ്പാനായൊരിടം
നാടിന്നഭിമാനമായ് തിരുവഞ്ചൂരിതിൽ
നാലു മണിക്കാറ്റെന്നന്വർത്ഥമാം നാമം
നാറ്റം വമിക്കും വെയ്സ്റ്റേറു തടയുവാൻ
നാട്ടുകാർ ഒത്തുചേർന്നൊരുക്കിയ വേദി
നാമിന്നു കാണും നാലു മണിക്കാറ്റായ് മാറി.
നിരയായ് നിൽക്കും കുടകൾക്കു കീഴിൽ
നാടൻ വിഭവങ്ങൾ തരാതരം,വില തുഛവും
നാട്ടിലെ കുടുംബിനിമാർക്കു വരുമാനമായ്
നാട്ടുകാർക്കഭിമാനം യാത്രികർക്കതു തുണ
വിവിധ രുചിക്കൂട്ടിൽ കാറിൽ, കാൽനടയിൽ
വെന്തത്, വേകാത്തത്, മുളകുചട്ട്ണിയും
വറുത്തതും പൊരിച്ചതും ചുട്ടതും ലഭിച്ചിടും
വാഴയിലയിൽ പൊതിഞ്ഞ്,അല്ലാതെയോ
വായിലൂറും രുചിയോടിരുന്നു ഭുജിക്കുവാൻ
വേറിട്ടതാം ഉപ്പിലിട്ടച്ചാറുകൾ , നെല്ലിക്ക,
വായിലിട്ടു നടന്നിടാം ,ഉപ്പു കൂട്ടി ചവച്ചിടാം.
വയലേലകൾക്കിടയിലൂടൊരു ബൈപ്പാസ്
ചങ്ങനാശ്ശേരിയിൽ നിന്നേറ്റുമാനൂരിലേക്ക്
ചന്തമോടെ വിലസ്സുന്ന കെ എസ്സാർ ടി സി,
ചക്രങ്ങൾ കുറഞ്ഞതും ഏറെയുള്ളതും
ചന്തയിൽ പോകും ശകടങ്ങൾ വേറെയും.
ചാരുതയോടൊഴുകുമൊരു നീരൊഴുക്ക്
ചിന്തിച്ചിരിക്കാനും ചിരിപ്പിച്ചിരിക്കാനുമായ്
ചാരുബഞ്ചുകൾ നിരനിരയായ് നിരത്തി
ചമ്രം പടഞ്ഞിരിക്കാൻ പുൽത്തകിടിയും
സിമിന്റിൽ തീർത്ത വഞ്ചി, കുട്ടികൾക്കു
സീസോയും,പ്ലാവിൽ വിരിയിച്ച ചക്കയും
സീസണിൽ പൂത്തുലയും വൃക്ഷലതാദി,
സംപൂർണ്ണ നൈസർഗ്ഗികതുല്യം രമണീയം .
സാരിയൊ ഗൗണൊ ധരിച്ച് മണവാട്ടിമാർ
സൂട്ടും കോട്ടുമായോ,മുണ്ടും ജുബ്ബയുമോ,
സുന്ദരക്കുട്ടന്മാർ മണവാളന്മാരുമൊത്തു
സ്റ്റുഡിയോക്കാർ വിവാഹാൽബഷൂട്ടിനായ്
എത്തിടുമീ നാലുമണിക്കാറ്റിൽ സീസണിൽ
ഏതു മതമാകിലും വിവാഹാൽബമൊരസറ്റ്
എത്ര തുകയാകിലും മടിക്കില്ല മനുഷ്യൻ
ഏതു പോസായാലും വഞ്ചിയിലിരുന്നൊ
എഴുന്നേറ്റനിലയിലോ ,ഊഞ്ഞാലിലാട്ടി,
എന്തിന് ,സിനിമാ സ്റ്റൈലിൽ മരം ചുറ്റിയോ
എന്തു വേണമെങ്കിലുമാകാം ഫോട്ടോയ്ക്ക്
എക്കാലവും സൂക്ഷിക്കേണ്ടതാണാൽബം.
പേരയും മറ്റു വൃക്ഷങ്ങൾ,വഴിയരികിലായ്
പേരിട്ടു നിർത്തി പാലിച്ചു വനവൃക്ഷങ്ങളും
പുന്നൻ കുര്യൻ സാർ, ആൻഡ്രൂസച്ചനും
പുരോഗമന ചിന്താഗതിക്കാർ വേറെയും,
പരിസ്ഥിതി പാലിച്ചു നാടിന്നഭിമാനമാക്കി
പ്രവർത്തനക്ഷമത ഫലപ്രാപ്തിയിലായ്
പണിതുയർത്തിയൊരു ചെറു മന്ദിരമതിൽ
പുസ്തകപ്രകാശനം നടത്തുവാനും നൃത്തം
അരങ്ങേറ്റിടാനും ഇതര മീറ്റിംഗുകൾക്കും
ആർക്കും തകർത്താടാം, മിമിക്രി,മോണോ
ആക്റ്റ് ,ഭക്ഷ്യ ,സസ്യ മേളകൾ എന്തിനും
അത് നാലു മണിക്കാറ്റിൻ സ്റ്റേജായി മാറി.
ആഘോഷിക്കുവാൻ വേണ്ടവർ പലപ്പോഴും
ആവശ്യാനുസൃതം ഏറ്റെടുത്ത് നടത്തിടാൻ
ആവശ്യക്കാർക്കെന്തും വാങ്ങി യാത്രയാകാം
അതാണ് നാലു മണിക്കാറ്റിൻ സവിശേഷത.
നാലു കാലിൽ നിൽക്കുമൊരു പുസ്തശാല
നാടെങ്ങും വായനയിൻ ശീലമുയർത്തിടാൻ
നാമമാത്രമാം തുകയൊടുക്കി വായിച്ചിടാം
നാലു മണിക്കാറ്റേറ്റിരുന്ന്,കാറിനുള്ളിലൊ,
നമുക്കായതു നേടാം പുസ്തക വിലയിലും
നല്ലൊരു വായനശാലക്കായ് വീട്ടിനുള്ളിൽ
നഷ്ടമാവില്ലതൊരിക്കലും പുസ്തകങ്ങൾ
നാളെയുടെ റഫറൻസിനായ് കരുതുകിൽ.











