രാജ്യത്തിന്റെ അതിർത്തിയിൽ ചൈന കുത്തിയിരിക്കുകയാണെന്നും ബിജെപി സർക്കാർ പരാജയമാണെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇന്ത്യ–ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നേതാക്കൾ തമ്മിൽ കെട്ടിപ്പിടിക്കുന്നതുകൊണ്ടോ ക്ഷണിക്കപ്പെടാതെ ബിരിയാണി കഴിക്കാൻ പോയതുകൊണ്ടോ ബന്ധം െമച്ചപ്പെടില്ല.
ബിജെപി സർക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല. സമ്പന്നർ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരാകുകയുമാണ്. നരേന്ദ്ര മോദിയുടെ സുരക്ഷയുടെ പേരിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ഛന്നിയെ ബിജെപി അപമാനിക്കുകയാണെന്നും മൻമോഹൻ സിങ് പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഛന്നിയുടെ െഹലികോപ്ടർ പറക്കാൻ കേന്ദ്രം അനുവദിച്ചിരുന്നില്ല.
രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയോ മറ്റുതാൽപര്യങ്ങൾക്കു വേണ്ടിയോ കോൺഗ്രസ് ഒരിക്കലും രാജ്യത്തെ വിഭജിച്ചില്ല. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണ്. തെറ്റുകൾ സമ്മതിക്കുന്നതിനോ തിരുത്തുന്നതിനോ തയാറാകാതെ, എല്ലാ തെറ്റുകൾക്കും ജവഹർലാൽ നെഹ്റുവിനെ കുറ്റം പറയുകയാണ് ഏഴുവർഷമായി ഭരിക്കുന്ന ബിജെപി ചെയ്യുന്നത്. പത്ത് വർഷം താൻ രാജ്യം ഭരിച്ചിട്ടും ഒരിക്കലും രാജ്യത്തിന്റെ അന്തസ് നഷ്ടപ്പെടാൻ ഇടവരുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.













