പുന്നയൂർക്കുളം: ഓൺലൈനിൽ പാന്റ് ഓർഡർ ചെയ്ത യുവാവിനു കിട്ടിയത് കീറിപ്പഴകിയതും തുന്നിക്കെട്ടിയതുമായ പാന്റുകൾ. കുന്നത്തൂർ ചേന്ത്രാത്ത് ആകാശ് ആണ് ഓൺലൈൻ തട്ടിപ്പിനിരയായത്. 4 നാണ് ആകാശ് പ്രമുഖ ഓൺലൈൻ സൈറ്റിൽ കോംബോ ഓഫറിൽ 3 പാന്റ് ഓർഡർ ചെയ്തത്. എന്നാൽ മൂന്നാം ദിവസം ഓർഡർ റദ്ദായതായി മൊബൈലിൽ മെസേജ് വന്നിരുന്നു. ഇന്നലെ രാവിലെ ഡെലിവറി ബോയ് പാർസർ ഉള്ളതായി ഫോണിൽ വിളിച്ച് അറിയിച്ചു.
ഓർഡർ റദ്ദായതാണെന്ന് പറഞ്ഞെങ്കിലും, പാർസൽ കൈപ്പറ്റണമെന്നായിരുന്നത്രെ മറുപടി. 1000 രൂപ സാധനം കൊണ്ടുവന്ന ആൾക്ക് നൽകി. 110 രൂപ ഇയാളുടെ അക്കൗണ്ടിലേക്കും അയച്ചു. കവർ പൊളിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്. കവറിൽ ഓർഡർ അയച്ച കമ്പനിയുടെ വിവരങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ആദ്യം ഓർഡർ എടുത്ത കമ്പനിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ കമ്പനിയിൽ നിന്നു ഓർഡർ ചെയ്യുന്നവരുടെ വിലാസം തട്ടിപ്പുകാർ ചോർത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.













