ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 18 അംഗ ടെസ്റ്റ് ടീമിനെയും 18 അംഗ ഏകദിന ടീമിനെയുമാണ് പ്രഖ്യാപിച്ചത്. മുൻ നായകൻ വിരാട് കോലി, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവർക്ക് ട്വന്റി20 പരമ്പരയിൽനിന്ന് വിശ്രമം അനുവദിച്ചു. പരുക്കേറ്റ് കുറച്ചുകാലമായി പുറത്തിരിക്കുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ട്വന്റി20 ടീമിൽ തിരിച്ചെത്തി.
ഇന്ത്യൻ ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), മയാങ്ക് അഗർവാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, ജയന്ത് യാദവ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ
ഇന്ത്യൻ ട്വന്റി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ആവേശ് ഖാൻ
ഫെബ്രുവരി 24നാണ് ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയാണ് ആദ്യം നടക്കുക. പിന്നാലെ രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പര. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 24ന് ലക്നൗവിൽ നടക്കും. രണ്ടും മൂന്നും മത്സരങ്ങൾ ഫെബ്രുവരി 26, 27 തീയതികളിലായി ധരംശാലയിലും അരങ്ങേറും. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മാർച്ച് നാലു മുതൽ എട്ടു വരെ മൊഹാലിയിലാണ്. രണ്ടാം ടെസ്റ്റ് മാർച്ച് 12 മുതൽ 16 വരെ ബെംഗളൂരുവിലും നടക്കും. ബെംഗളൂരുവിലെ രണ്ടാം ടെസ്റ്റ് പിങ്ക് ബോൾ െടസ്റ്റാണെന്ന പ്രത്യേകതയുമുണ്ട്.













