കിടങ്ങറ ശ്രീവത്സനും ആലയസംഗമവും. – അഡ്വ. പാവുമ്പ സഹദേവൻ.

Facebook
Twitter
WhatsApp
Email

ജീവിതത്തിന്റെ കനൽവഴികളിലൂടെ നടന്ന് നീങ്ങിയ മനുഷ്യനാണ് കവി കിടങ്ങറ ശ്രീവത്സൻ. കവിതയ്ക്ക് വേണ്ടി തന്റെ ജീവിതത്തെ ഇത്രയധികം ബലി കൊടുത്ത ഒരു കവി മലയാളത്തിലുണ്ടോ എന്ന് സംശയമാണ്. വളരെ യാതനാനിർഭരമായ ജീവിതം നയിക്കുമ്പോഴും, കവിതയെ ജീവിതത്തിന്റെ ഉൽസവാഘോഷമാക്കി മാറ്റിയ കവിയാണ് കിടങ്ങറ ശ്രീവത്സൻ . തന്റെ നിസ്തുലമായ ജീവിതംകൊണ്ട് , ജീവിതത്തെതന്നെ അദ്ദേഹം അത്യുദാത്തമായ ഒരു കാവ്യശില്പമാക്കി മാറ്റിയിരിക്കുന്നു. കവി എന്റെ വീട്ടിൽ വന്നതിന് ശേഷം മടങ്ങിപ്പോകുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ച് നിൽക്കാറുണ്ട്. കവിയുടെ ദൃശ്യം അങ്ങകലെ എത്തുമ്പോഴും ഞാൻ അദ്ദേഹത്തെ നിർനിമേഷനായി നോക്കി നിൽക്കാറുണ്ട്. അങ്ങകലെ ഭൂമിയിലൂടെ നടന്നു നീങ്ങുന്ന ഒരു മനുഷ്യൻ. തന്റെ ഗൃഹത്തെ ലക്ഷ്യമാക്കിയുള്ള നടപ്പ്. സാവധാനമെന്ന് തോന്നുമെങ്കിലും, വേഗതയിലാണ് കവിയുടെ നടത്ത. അങ്ങകലെ എവിടെയോ അദ്ദേഹത്തിന് ഒരു വീടുണ്ട്. ഒരിക്കലും എത്തിച്ചേരാത്ത വീട്. ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത വീട് . ജീവിതത്തിലാകമാനം അദ്ദേഹം ആ വീട് അന്വേഷിക്കുകയായിരുന്നു. പ്രാപഞ്ചികതയുടെ വിദൂരതയിലെങ്ങോ തനിക്കായിട്ടൊരു വീടുണ്ടെന്നാണ് കവി ചിന്തിക്കുന്നുത്. എത്രയെത്ര നടന്ന് തീർന്നാലും ചെന്നെത്താൻ കഴിയാത്ത ഒരു വീട് അങ്ങ് വിദൂരതയിലെവിടെയോ ഉണ്ട്. ഇത്രയും നാളായി കവി തന്റെ ആ വീട് അന്വേഷിച്ച് നടക്കുകയാണ്., തന്റെ കാവ്യാത്മകമായ ദാർശനിക ഗൃഹം അന്വേഷിച്ച് നടക്കുകയാണ്.

ഭൂമിയിൽ ഒരുപാട് വീടുകൾ ഉയർന്നു നിൽക്കുന്നത് കവി കണ്ടിട്ടുണ്ട്. താൻ നടന്നു പോകുന്ന വഴിയുടെ ഇരുവശങ്ങളിലായി മനുഷ്യർ വീട് വെച്ച് താമസിക്കുന്നത് കവി കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. ഇതിനിടയിൽ ഒരുപാട് വീട്ടിൽ കവി താമസിച്ചിട്ടുമുണ്ട്. ആ വീടുകളൊന്നും തന്റേതായിരുന്നില്ല; എല്ലാം വാടക വീടുകളായിരുന്നു. എപ്പോൾ ഉടമസ്ഥൻ ആവശ്യപ്പെടുന്നോ, അപ്പോൾ ഒഴിഞ്ഞു കൊടുക്കേണ്ട വാസസ്ഥലം – അതായിരുന്നു കവിക്ക് തന്റെ വീട്. അല്ലെങ്കിലും ഈ ഭൂമിയിൽ ആർക്കാണ് എന്നെന്നേക്കുമായി സ്വന്തമായി വീടുള്ളത്. എല്ലാവരും വീട് വെച്ച് താമസിക്കുന്നത് കവി കാണുന്നുണ്ടെങ്കിലും, തനിക്ക് സ്വന്തമായി വീടില്ലെങ്കിലും, ആർക്കുംതന്നെ എന്നെന്നേക്കുമായി ഭൂമിയിൽ സ്വന്തമായി വീടില്ലെന്ന് കവി ഏതൊ ഒരു ജീവിത ദശാസന്ധിയിൽ വെച്ച് തിരിച്ചറിയുന്നുണ്ട്. ആ സന്ദർഭത്തിലെപ്പോഴോ, കിടങ്ങറയുടെ ആത്മാവിൽ നിന്ന് അടർന്ന് വീണ കവിതയാണ് ” ആലയ സംഗമം “.

വീട് ഒഴിഞ്ഞ് പോകണമെന്ന ഉടമസ്ഥന്റെ ആജ്ഞ വളരെ ഉൾക്കിടിലത്തോടെയാണ് കവി കേൾക്കുന്നത്. നാളെ തന്റെ കുഞ്ഞുങ്ങളെയും സഹധർമ്മിണിയെയും കൂട്ടി എങ്ങട്ട് പോകണമെന്ന് ചിന്തിക്കാൻ പോലും കഴിയാത്ത നിസ്സഹായവസ്ഥ. ആ വേദനയും നീറ്റലും കടിച്ചർമത്തിയാണ്, കവി അർദ്ധരാത്രിയിൽ കത്തിച്ചുവെച്ച മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിരുന്ന് ‘ആലയസംഗമം’ എന്ന ഈ കവിത കുത്തിക്കുറിക്കുന്നത്. ലോകജീവിതത്തിന്റെ കണ്ണീർ മഷിയിൽ മുക്കി എഴുതിയതാണ് ഈ കാവ്യമെങ്കിലും, തന്റെ വേദനയെ വേദാന്തത്തിന്റെ ദാർശനിക തലത്തിലേക്ക് ഉയർത്താൻ കഴിയുന്നു എന്നതാണ് ഈ കവിതയെ കരുത്തുറ്റതും മാസ്മരികവുമാക്കി തീർക്കുന്നത്.

സ്വന്തമായി ഒരു വീടില്ലാതെ പെരുവഴിയമ്പലത്തിലൂടെ പുത്രകളത്രാദികളോടെപ്പം അലഞ്ഞ് തിരിയുമ്പോൾ, ഏതൊ ഒരു വിജനമായ നാൽക്കവലയിൽ വെച്ചാണ്, കവി വീടും ജീവിതവും തമ്മിലുള്ള വിചിത്രമായ ബന്ധം തിരിച്ചറിയുന്നത്. എന്നാൽ ഭൂമിയിലെ വീടും മനുഷ്യജീവിതവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന ആത്യന്തികമായ തിരിച്ചറിവിലേക്കാണ് കവി പിന്നീട് എത്തിച്ചേരുന്നത്. വാടക വീടുകൾ ഒന്നൊന്നായി മാറി മാറി താമസിക്കുമ്പോഴും, ഭൂമിയിലെ വീടും ലോകജീവിതവും തമ്മിലുള്ള ബന്ധങ്ങളുടെ ആത്യന്തികമായ അർത്ഥം അന്വേഷിക്കുകയായിരുന്നു കിടങ്ങറ ശ്രീവത്സൻ. ഒരു പക്ഷെ കവിക്ക് സ്വന്തമായി ഒരു വീടുണ്ടായിരുന്നെങ്കിൽ, കവി വീടും ഭൂമിയിലെ ജീവിതവും തമ്മിലുള്ള അർത്ഥ ബന്ധങ്ങൾ ഇത്ര ആഴത്തിൽ അന്വേഷിച്ചേക്കുമോ എന്ന് സംശയമാണ്. ഓരോരോ വീടുകൾ മാറി മാറി താമസിക്കമ്പോഴാണ് വീട് ഒരു കാരാഗൃഹമാണെന്ന് കവി തിരിച്ചറിയുന്നത് . വാടക വീടുകൾ ഓരോന്നായി ഉപേക്ഷിക്കുമ്പോൾ, ജീവിതത്തിന്റെ ഭാണ്ഡക്കെട്ടിനോടൊപ്പം തന്റെ കാവ്യാത്മകമായ ദാർശനിക ഭാണ്ഡക്കെട്ടുകൾ കൂടി മനസ്സിൽ ചുമന്നുകൊണ്ടാണ് കവി അടുത്ത വാടക വീട്ടിലേക്ക് പോകുന്നത്. അവസാനം, ഈ ഭൂമിയിലെ വീടും സുഖദു:ഖ സമ്മിശ്രമായ ജീവിതവും ശാശ്വതമല്ല എന്ന് ഒരു വെളിപാടിലേക്കാണ് കവി എത്തിച്ചേരുന്നത്.

” വീടിതു വെടിഞ്ഞു നാം പോവുക ബഹുദൂര സീമയിലേതോ ശൂന്യഗേഹമൊന്നുണ്ടാവണം”.

അതേ, പ്രാപഞ്ചികതയുടെ അതിവിദൂരതയിലെവിടെയോ, കവി തന്റെ വീടിനെ സങ്കല്പിക്കുകയാണ്. അതും ഒരു “ശൂന്യമായ ഗേഹം ” മാത്രമായിരിക്കും എന്ന് കവി നിനയ്ക്കുന്നുണ്ട്. പ്രാപഞ്ചികതയുടെ അതിവിദൂരതയിലുള്ള വീടാണെങ്കിലും വീട് കാരാഗൃഹം തന്നെയാണ് എന്ന് മനസ്സിലാക്കുന്നതുകൊണ്ടാണ്, കവി അതിനെ “ശൂന്യഗേഹം” എന്ന് വിശേഷിപ്പിക്കുന്നത്. (തനിക്ക് ഈ ജീവിതത്തിൽ സ്വന്തമായി ഒരു വീട് ഉണ്ടാവുകയില്ല എന്നാണ് ” ശൂന്യഗേഹം ” എന്നതിന്റെ വാക്യാർത്ഥമെങ്കിലും, ഈ വൈഖരി അതിന്റെ ഭൗമികമായ അത്ഥത്തെ സ്വയം തല്ലിത്തകർത്തിട്ട് മുന്നോട്ട് കുതിക്കുന്നുണ്ട്; അങ്ങനെയാണ് കാവ്യാർത്ഥം ദാർശനികമായ ചക്രവാള സീമയിലേക്കുയരുന്നത് ). വീട്ടിൽ സ്ഥിരമായി താമസിക്കുന്നവന് ജീവിതത്തിൽ ഒരിക്കലും മോക്ഷം ലഭിക്കില്ല . കാരണം വീട് ഭൂമിയിലെ ഒരു കാരാഗൃഹമാണ്. നമ്മെ ഏതൊക്കെയോ അതീത ശക്തികൾ, ജീവിതന്ത്യം വരെ നമ്മുടെ വീട്ടിൽ കിടക്കാൻ ജീവപര്യന്ത തടവിന് ശിക്ഷിച്ചിരിക്കുകയാണ്. എത്ര നിസ്സാരമായ കാര്യങ്ങളുടെ ചപ്പ് ചവറുകൾകൊണ്ട് നിറഞ്ഞു പുകയുന്നതാണ് വീട്. ജാതി മത ഗോത്രാചാരങ്ങൾ കൊണ്ട് തിങ്ങിനിറഞ്ഞതാണ് വീട്. അർത്ഥശൂന്യമായ ആഢംബരങ്ങളിലും മൂഢമായ ഡംഭുകളിലും മുങ്ങിത്താണു കൊണ്ടിരിക്കുന്നതാണ് വീട്., പൊങ്ങച്ചങ്ങളുടെയും അല്പത്തരങ്ങളുടെയും വാസസ്ഥാനം. തന്റെ വീട് , ഭൂമി വിട്ട് പ്രാപഞ്ചികതയുടെ അതിവിദൂരതയിലാണെങ്കിലും വീട് തടവറ തന്നെയാണ് എന്ന് അന്തർദർശനം കൊള്ളുന്നതുകൊണ്ടാണ്, കവി ”ശൂന്യഗേഹം” എന്ന് വിശേഷിപ്പിക്കുന്നത്. തന്റെ കഷ്ടപ്പാടും ദുരന്തങ്ങളും നിറഞ്ഞ ജീവിതത്തെ ആ പാതിരാത്രിയിലെ കാവ്യമുഹൂർത്തത്തിൽ വിച്ഛേദിക്കുമ്പോൾ, തനിക്ക് കൈവരുന്ന ദാർശനിക വെളിച്ചത്തിൽ ചാലിച്ചെഴുതിയതു കൊണ്ടാണ് ഈ കവിത തത്ത്വചിന്താപരമായ ഒരു നീലാകാശത്തിലേക്ക് ഉയരുന്നത്. കവി ഭൂമിയിൽ കാൽവെച്ചാണ് നടന്ന് നീങ്ങുന്നതെങ്കിലും, അദ്ദേഹമൊരിക്കലും ഭൂമിയിലൂടെയല്ല നടന്ന് നീങ്ങുന്നത്; താൻ സൃഷ്ടിച്ചെടുത്ത ആകാശ സ്വപ്ന സങ്കല്പങ്ങളിലൂടെയാണ് കവി ചിറക് വിരിച്ച് പറന്നകലുന്നത്. വാടകവീട്ടിൽ താമസിക്കമ്പോഴും, കവി എന്നേ ഈ വീടും ഭൂമിയും ഉപേക്ഷിച്ച് പ്രപഞ്ചത്തിന്റെ പെരുവഴിയിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്ന് നീങ്ങുകയാണ്.

”വീടിതു വെടിഞ്ഞു നാം പോവുക ” എന്നത് കവി സമൂഹത്തോട് ചെയ്യുന്ന ഒരു ആഹ്വാനം കൂടിയാണ് എന്ന് അതിന്റെ പൊയറ്റിക് ടോൺ ശ്രദ്ധിക്കുന്നവർക്ക് ബോധ്യമാവും. വീട് മനുഷ്യന്റെ എല്ലാവിധ സ്വാർത്ഥ ചിന്തകളുടെയും സങ്കുചിതത്വത്തിന്റെയും കൂടി പ്രതീകമാണല്ലോ. മാത്രവുമല്ല, സർഗ്ഗാത്മക സ്വാതന്ത്ര്യത്തിന്റെ ഗിരിശൃംഗങ്ങൾ തേടുന്ന കാല്പനികരായ സാഹസിക കവികൾക്ക്‌ വീട് എന്നും ഒരു കാരാഗൃഹം തന്നെയുമാണ്. അതുകൊണ്ടാണ് വീട് എന്ന ഭൗമികമായ പ്രതീകത്തെ വിച്ഛേദിച്ച്, ” ബഹുദൂര സീമയിലേതോ ശൂന്യഗേഹമൊന്നുണ്ടാവണം” എന്ന ഒരു ഹൈപ്പോതീസിസ് കവി ഫോർമുലേറ്റ് ചെയ്യുന്നത്. തന്റെ ലോക ദുഃഖങ്ങളെയെല്ലാം ആത്മാവിലിട്ട് അഗ്നിശുദ്ധി വരുത്തി മുന്നേറുന്ന ഈ വരികൾ, കാവ്യകല്പനയെ ദാർശനികമായ തലത്തിലേക്ക് ഉയർത്തുന്നുണ്ട്. അതാണ് ദാർശനികമായ ഇടിമുഴക്കം സൃഷ്ടിക്കുന്ന ഈ കാവ്യദൃശ്യത്തിന്റെ വർണ്ണപ്പകിട്ടാർന്ന മിന്നൽപ്പിണരുകൾ.

” സ്വന്തമായിരുന്നില്ല വീടുകളൊന്നും പക്ഷെ, സ്വാന്തത്തിൽ പ്രതിഷ്ഠിച്ചു പാർത്തിരുന്നവൻ ഞാനും “.
സ്വന്തമായ വീട്ടിലാണ് കവി ഒരു പക്ഷെ താമസിച്ചിരുന്നെതെങ്കിലും, ” സ്വന്തമായിരുന്നില്ല വീടുകളൊന്നും ” എന്ന്
കവിക്ക് യഥാർത്ഥത്തിൽ പിന്നീട് തിരിച്ചറിയേണ്ടിവരുമായിരുന്നു. സർഗ്ഗശേഷിയുള്ള ഒരു കവിക്ക് ഒരിക്കലും സ്വന്തം വീട്ടിലോ, വാടക വീട്ടിലോ താമസിക്കാൻ കഴിയില്ല. അയാൾ എപ്പോഴും ഈ വീടും ഭൂമിയും വിട്ട് പ്രാപഞ്ചികതയുടെ മറ്റേതോ വീടും മതിലുമില്ലാത്ത സ്വർഗ്ഗീയ ആകാശത്തിലേക്ക് പറക്കാനാണ് ആഗ്രഹിക്കുന്നത്. ”ശൂന്യഗേഹ ” ത്തിലേക്ക് പറക്കാനാണ് മോഹിക്കുന്നത്. ഭൂമിയിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ ആ നീലാകാശത്തിലേക്കുള്ള പറക്കലാണ്, കവിയെ ലോകബന്ധങ്ങൾ വിട്ട് സാക്ഷാത്കാരത്തിന്റെ ആ അതീത ലോകത്ത് എത്തിക്കുന്നത്.

ഭൂമിയിലെ മട്ടുപ്പാവുകളെല്ലാം വെറുതെ മോഡി പിടിപ്പിച്ച് അലങ്കരിച്ചിട്ടുള്ളതാണ്. ആത്മാവിന്റെ ദാരിദ്ര്യമാണ് , മനുഷ്യനെ , ഭൂമിയിലെ കൂറ്റൻ എടുപ്പുകൾ കെട്ടിപ്പടുക്കാൻ പ്രേരിപ്പിക്കുന്നത്. എങ്കിലും ഇഹലോകജീവിതത്തിൽ ഇതെല്ലാം നൈമിഷികമായ അനുഭവവും യാഥാർത്ഥ്യവുമാണെന്ന് കവി തിരിച്ചറിയുന്നുണ്ട്. തന്റെ കാവ്യാത്മകമായ ദാർശനിക സമ്രാജ്യത്തിൽ ഒരു സാർവ്വഭൗമ നെപ്പോലെ വിരാജിക്കുമ്പോഴും, വാടക വീട് ഒഴിഞ്ഞു കൊടുക്കണമെന്ന ഭൂമിയിലെ നിയമം അലംഘനീയമാണെന്ന് കവി വേദനയോടെ തിരിച്ചറിയുന്നുണ്ട്. ” സ്വന്തമായിരുന്നില്ല വീടുകളൊന്നും പക്ഷെ, സ്വാന്തത്തിൽ പ്രതിഷ്ഠിച്ചു പാർത്തിരുന്നവൻ ഞാനും “. ഭൂമിയിലെ ഈ പെരുവഴിയമ്പലത്തിൽ തനിക്കൊരു സ്വന്തമായ വീട് വേണമെന്ന യാഥാർത്ഥ്യത്തെ കവി ഒരിക്കലും നിഷേധിക്കുന്നില്ല. എന്നാൽ ജീവിതത്തിന്റെ സാക്ഷാത്കാരം ഭൗമികമായ ഇത്തരം അനുഭവങ്ങൾക്ക് എത്രയോ അപ്പുറമാണെന്ന തിരിച്ചറിവ് കവിയെ ആനന്ദാ മൃതമായ ഒരു നീറ്റൽ പോലെ നിഴൽവെളിച്ചമായി പിൻതുടരുന്നുണ്ട്. അപ്പോഴും തന്റെ കുഞ്ഞിന് ജന്മം കൊടുത്ത ഈ വാടക വീട് ഉപേക്ഷിക്കേണ്ടി വരുമ്പോൾ, അച്ഛനും മകനും ഭാര്യയും കണ്ണീർ പൊഴിക്കുന്നുണ്ട്.
” കുഞ്ഞേയറിവായനുഭൂതിയായ്
നിന്റെ ഉണ്മയിലാദ്യം ജ്വലിച്ചതാണി ഗൃഹം.
നിന്നെയുമെന്നെയുമൊന്നിച്ചു ചേർക്കുവാൻ
സ്വർണ്ണനൂലായ് സ്വയം തീർന്നതാണിഗൃഹം.
വിശ്വപ്രകൃതിതൻ സന്നിധി തേടുവാൻ
നിന്റെ മുന്നാലേ നടന്നവളിഗൃഹം “.

തന്റെ മൂർത്തമായ ദുരന്തജീവിതവും അമൂർത്തമായ കാവ്യാത്മക – ദാർശനിക സങ്കല്പങ്ങൾക്കുമിടയിൽ കവി ഞെരിഞ്ഞമരുന്നത് കാണുമ്പോൾ ഏതൊരു അനുവാചകഹൃദയവും വേദനിച്ചുപോകും.

വാടക വീടുകൾ ഓരോന്നും ഉപേക്ഷിക്കേണ്ടി വരുമ്പോൾ, തന്റെ കുഞ്ഞു പൈതൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് പിതാവായ കവിക്ക് (അതോ കവിയായ പിതാവിനോ) എങ്ങനെ ഉത്തരം പറയണമെന്നറിയില്ല.
“എന്തിനാണച്ഛാ വീട് മാറുന്നതിതു
മോന്റെ സ്വന്തം വീടല്ലേ ?” എന്ന് കുഞ്ഞിന്റെ ചോദ്യത്തിന് മുന്നിൽ കവിയായ പിതാവിന്റെ ആത്മാവ് പിടയുകയാണ്.

അപ്പോഴുള്ള കവിയുടെ ആത്മഗതം അറിഞ്ഞാൽ,നമ്മളും വേദനകൊണ്ട് പിടഞ്ഞു പോകും :-

” നമ്മുടേതല്ലീ വീടും വാതിൽമാടവും പടിക്കല്ലുമീപ്പുറ വേലിപ്പടർപ്പും പൊൻപൂക്കളും.
നമ്മുടേതല്ലീ വീടും മുറ്റവും നന്ത്യാർവട്ടത്തറയുമരളിയുമിലഞ്ഞിപ്പൂഗന്ധവും,
നമ്മുടേതല്ലീ വീടും കുളവും കാവും കുളിർച്ചാമരം വീശും കാറ്റും സാന്ധ്യശോണിമകളും.
നമ്മുടേതല്ല വീട്ടിൻ ചിത്രമച്ചകങ്ങളും.
കണ്ണാടി നോക്കും ദാരുശില്പകന്യകമാരും
നമ്മുടേതല്ലീ വീട്ടിൻ കോടിയിൽ നാം തൂക്കിയ
നല്ലോലക്കിളിക്കൂടും നെന്മണിക്ക തിർകളും……………………………………..
നമ്മുടേതല്ലീ വീടും വീടിന്റെ സംഗീതവും
നമ്മൾ പോവുന്നു കാലദേശങ്ങളറിയാതെ
യാത്രയാണനന്തമാം യാത്രയാണിടയ്ക്കല്പമാത്രയൊന്നിള വേല്ക്കാൻ വീട് തേടുന്നോർ നമ്മൾ “.

ഇത് “മോന്റെ സ്വന്തം വീടല്ലേ ?” എന്ന കുഞ്ഞിന്റെ ചോദ്യത്തിന് , ആ പിതാവായ കവി നേരിട്ടൊരു ഉത്തരം പറയാതെ ” വീട് മാറുകയാണു നമ്മളും പഴയൊരീ
വീടിത് വേണ്ട പുത്തൻവീടൊന്ന് വാങ്ങാമച്ഛൻ” എന്ന് പറഞ്ഞ് കുഞ്ഞിനെ വിഷമിപ്പിക്കാതെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം.

യഥാർത്ഥത്തിൽ ജനപഥങ്ങളുടെ ജീവിതം കാലദേശങ്ങളറിയാതുള്ള അനന്തമായ യാത്രയാണ്. കാലത്തെ അറിയുന്നവർക്ക് ജീവിതത്തോട് സൂക്ഷ്മമായി സംവേദിക്കാതെ പോകുക അസാധ്യമാണ്. അത്തരം വ്യക്തികൾ ബാഹ്യ ജീവിതത്തോടൊപ്പം, ആന്തരികമായ ഒരു ജീവിതം കൂടി നയിക്കുന്നുണ്ട്. എന്നാൽ ജനപഥങ്ങൾ കാലത്തെ തിരിച്ചറിയാതെ കാലത്തിന്റെ ഒഴുക്കിനനുസരിച്ച് വൃഥാ ഇഴഞ്ഞു വലിഞ്ഞ് നടന്നു നീങ്ങുന്നു. അത്തരം നിത്യജീവിത ബദ്ധമായ സമൂഹങ്ങളുടെ നെഞ്ചിൽ ചവിട്ടിയാണ് കാലം അതിന്റെ കരാളമായ കാല്പാടുകൾ പതിച്ച് മുമ്പോട്ട് നീങ്ങുന്നത്. എന്നാൽ കാലദർശനം ഒരു ഭൂതബാധയെപ്പോലെ ആവേശിച്ച കവികൾക്ക്, കാലത്തിന്റെ മേൽ കയ്യൊപ്പ് ചാർത്താതെ പോകാൻ തരമില്ല. അപ്പോഴും ജീവിതത്തിന്റെ അർത്ഥശൂന്യത, കാലത്തിന്റെ അർത്ഥശൂന്യതയായി മാറുന്നത് കാണാതിരിക്കാൻ കവിക്ക് കഴിയില്ല. അതുകൊണ്ടാണ് :- “നമ്മൾ പോവുന്നു
കാലദേശങ്ങളറിയാതെ
യാത്രയാണനന്തമാം
യാത്രയാണിടയ്ക്കല്പമാത്രയൊന്നിളവേല്ക്കാൻ
വീട് തേടുന്നോർ നമ്മൾ ” എന്ന് കവി പാടുന്നത്.

(DC ബുക്സ് പ്രസിദ്ധീകരിച്ച, കിടങ്ങറ ശ്രീവത്സന്റെ ”വാല്മീകിയുടെ ചിരി ” എന്ന കാവ്യപുസ്തകത്തിലെ ഒരു കവിതയാണ് ” ആലയ സംഗമം” ).

1. 1.2022.

Written by Adv. Pavumpa Sahadevan.

About The Author

Leave a Reply

Your email address will not be published. Required fields are marked *