പത്തു വർഷത്തിനു ശേഷം മലയാള സിനിമയിലേക്ക് നവ്യ നായർ മടങ്ങിയെത്തുന്നു. നവ്യ നായികയാകുന്ന പുതിയ ചിത്രം ഒരുത്തീയുടെ ട്രെയിലർ റിലീസ് ചെയ്തു.
സിനിമയിലെത്തിയിട്ട് 20 വർഷം പിന്നിടുകയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിൽ തുടങ്ങിയ യാത്ര . പത്തുവർഷം കൊണ്ട് നിരവധി സൂപ്പർ ഹിറ്റുകൾ . ബാലാമണിയും സൈറയും ഉൾപ്പെടെ ഓർക്കാൻ ശക്തമായ കഥാപാത്രങ്ങൾ. സംസ്ഥാന പുരസ്കാരങ്ങൾ . ഒടുവിൽ സിനിമയിൽ നിന്ന് വിടവാങ്ങൽ. മടങ്ങിവരവ് രാധാമണിയായിട്ടാണ്. വി.കെ പ്രകാശിന്റെ ഒരുത്തീ നവ്യയുടെ രണ്ടാം വരവ് ഗംഭീരമാക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
കൊച്ചിയിലെ ബോട്ട് ജീവനക്കാരിയായ രാധാമണിയുടെ ജീവിതമാണ് സിനിമ . യഥാർഥ സംഭവങ്ങളിൽ നിന്നാണ് എസ്. സുരേഷ്ബാബു തിരക്കഥയെഴുതിയത്. കുടുംബ പശ്ചാതലത്തിൽ അവതരിപ്പിക്കുന്ന സിനിമ ചില ഗൗരവമേറിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സൈജു കുറുപ്പ് , വിനായകൻ, കെ.പി.എ.സി. ലളിത തുടങ്ങിയവർ നവ്യയ്ക്കൊപ്പമുണ്ട്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ ആണ് ഒരുത്തീ നിർമിച്ചത്. അടുത്ത മാസം സിനിമ റിലീസ് ചെയ്യും.













