യുക്രെയിനെ ആക്രമിച്ചാല്‍ റഷ്യ സമാനതകളില്ലാത്ത ഉപരോധം നേരിടേണ്ടിവരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയും ചൈനയും ചേര്‍ന്ന് രാജ്യങ്ങളുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് നാറ്റോയും കുറ്റപ്പെടുത്തി. അതിനിടെ യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ ആണവ സൈനിക പരിശീലനം ആരംഭിച്ചു. റഷ്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ വിമതര്‍ ഡോണ്‍ബാസ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി.
ജര്‍മനിയിലെ മ്യൂണിക്കില്‍ ചേര്‍ന്ന സുരക്ഷാ യോഗത്തിലാണ് ലോകരാജ്യങ്ങള്‍ റഷ്യക്ക് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുക്രെയിനെ ആക്രമിച്ചാല്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക, വ്യവസായ ഉപരോധമായിരിക്കും ഫലമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. രാജ്യാന്തര നിയമങ്ങള്‍ മാറ്റിയെഴുതാനാണ് റഷ്യയും ചൈനയും ചേർന്ന് ശ്രമിക്കുന്നതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ് കുറ്റപ്പെടുത്തി. അതിനിടെ യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യ ആണവ സൈനിക പരിശീലനം ആരംഭിച്ചു. ബാലിസ്റ്റിക്, ക്രൂസ് മിസൈനലുകളുടെ വിക്ഷേപണവും പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും. പ്രസിഡന്റ് വ്്ലാഡിമര്‍പുടിന്‍ പരിശീലനം നേരില്‍ വീക്ഷിക്കുന്നുണ്ട്.
ഷെല്ലാക്രമണം രൂക്ഷമായ യുക്രെയിനിലെ ഡോണബാസ് മേഖലയില്‍ റഷ്യന്‍ പിന്തുണയുള്ള വിമതര്‍ സൈനിക സന്നാഹം ശക്തമാക്കാന്‍ തുടങ്ങി. 18 വയസിനും 55 വയസിനും ഇടിയിലുള്ള പുരുഷന്‍മാര്‍ മേഖലയില്‍നിന്ന് പോകരുതെന്നും യുക്രെയിനെ പ്രതിരോധിക്കാന്‍ അണിനിരക്കണമെന്നും ലുഹാന്‍സ്ക് പീപ്പിള്‍ റിപ്പബ്ലിക് ആവശ്യപ്പെട്ടു. കൂടുതല്‍പേരോട് സൈന്യത്തില്‍ ചേരാന്‍ ഡോണെസ്ക് പീപ്പിള്‍സ് റിപ്പബ്ലിക്കും ആവശ്യപ്പെട്ടു. അതിനിടെ ലുഹാന്‍സ്ക്, ഡോണെസ്ക് മേഖലകളില്‍നിന്ന് അഭയാര്‍ഥി പ്രവാഹം ശക്തമായതോടെ യുക്രെയിന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റോസ്തോവ് മേേഖലയില്‍ റഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡോണെസ്ക് മേഖലിയില്‍നിന്ന് മാത്രം ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചതായി വിമതര്‍ അറിയിച്ചു.













