ഒച്ചിനെപ്പോലിഴഞ്ഞു
സമയമൊരുനാൾ
ചിന്തകൾക്കന്നു കുതിരയുടെ വേഗമായിരുന്നു
ഇന്നിതാ വേഗത കൂടിയോ നാഴികമണിക്ക്
കാടായ കാടും മേടായ
മേടും മനസ്സു കൊണ്ടലഞ്ഞിരുന്നു
നാഴികമണിയോട് ചൊല്ലി
നീയിത്ര വേഗം ചലിക്കരുതേ
കണ്ണടച്ചു മഞ്ഞു
വീഴുന്ന വീഥികൾ
കാണണം
സങ്കല്പലോകത്തു ചെന്നിടാൻ നീയെനിക്കായ് കാത്തു നിൽക്കുമോ
കർമ്മങ്ങൾ ചെയ്തു
ഞാൻ വെക്കമെത്തിടാൻ
കാത്തു നിന്നിടേണം
കടലിന്നാഴങ്ങളിലൊളിക്കുമാ അർക്കനെ
കാണണം
മൂത്തശ്ശൻ കിടന്നൊരു
ചാരു കസേരയ്ക്കരികെ
ഇരിക്കുവാനൊരു മോഹം
കണ്ണടച്ചിരുന്നു ബാല്യകാലസ്‌മൃതികളിലെത്തിടേണം
അവിടെയാ നാട്ടുമാവിൻ ചുനമണം തങ്ങി
നിൽപ്പുണ്ടല്ലോ
പൊന്തകളിലൊളിക്കും കുളക്കോഴികൾ
ശാന്തമായ കുള മുണ്ടവിടെ
ഇടയ്ക്കിടെ പൊന്തി
ചാടുന്ന ചെറുമീനുണ്ട്
കാണുവാൻ മോഹം
തൊടിയിലെ കിളിച്ചുണ്ടൻ മാവിനരികു ചേർന്നോഴുകുന്ന കൊച്ചു തോടുണ്ട്
നാഴികമണി നീയെനിക്കായ് കാത്തു നിൽക്കുമോ….











