ന്യുസിലൻഡ് തീരത്ത് ഓള്‍ഡ് ഗോസ്റ്റ് ഷാര്‍ക്ക് അഥവാ പുരാതന പ്രേത സ്രാവ് ഇനത്തില്‍ പെട്ട സ്രാവിന്‍റെ കുഞ്ഞിനെ ഗവേഷകര്‍ കണ്ടെത്തി. തീരത്തോട് ചേര്‍ന്ന് സ്വതന്ത്രമായി നീന്തുകയായിരുന്ന ഈ പ്രേതസ്രാവിന്‍റെ ദിവസങ്ങള്‍ മാത്രമുള്ള കുഞ്ഞിനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്മോസ്ഫിയറിക് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് തിരിച്ചറിഞ്ഞത്. അപൂര്‍വമായി മാത്രം കാണാറുള്ള ഈ ജീവികളുടെ ഓരോ കണ്ടെത്തലും ശാസ്ത്രലോകം വലിയ പ്രാധാന്യത്തോടെയാണ് അടയാളപ്പെടുത്തുന്നത്. ഇന്നും സമുദ്രഗവേഷര്‍ക്ക് മുന്നില്‍ ഒരു പാട് ചോദ്യങ്ങളുയര്‍ത്തുന്ന, ഒട്ടനവധി പഠനങ്ങള്‍ക്ക് സാധ്യതയുള്ള ജീവി വര്‍ഗം കൂടിയാണ് ഈ പ്രേത സ്രാവുകള്‍.
ഇപ്പോള്‍ തീരമേഖലയോട് ചേര്‍ന്ന് കുട്ടി പ്രേത സ്രാവിനെ കണ്ടെത്തിയത് ഗവേഷകരെ അദ്ഭുതപ്പെടുത്താന്‍ മറ്റൊരു കാരണം കൂടിയുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിനോട് ചേര്‍ന്നുള്ള മേഖലയിലാണ് ഈ സ്രാവിന്‍ കുഞ്ഞുങ്ങള്‍ ജനിച്ചു വീഴുക. ഇവിടെ ക്യാപ്സൂളിനു സമാനമായ ഷെല്ലുകളിലാണ് ഓരോ കുട്ടിയും ശൈശവദശയെത്തും വരെ കഴിച്ച് കൂട്ടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്റര്‍ വരെ ശരാശരി താഴ്ചയിലെ ഇവ കാണപ്പെടാറുള്ളൂ. പ്രത്യേകിച്ചും ന്യൂസിലൻഡിലെ ചത്താം റൈസ് എന്ന സമുദ്രമേഖലയില്‍. ഇവിടെയാണ് പ്രേതസ്രാവുകളുടെ കോളനികള്‍ ഏറ്റവുമധികം കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ മുട്ടയില്‍ നിന്ന് പുറത്ത് കടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രേത സ്രാവിന്‍റെ കുഞ്ഞ് എങ്ങനെ തീരത്തോടു ചേര്‍ന്നുള്ള മേഖലയിലേക്കെത്തി എന്നതാണ് ഗവേഷകരില്‍ കൗതുകമുണര്‍ത്തുന്ന കാര്യം.













