ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 62 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ്. ശ്രീലങ്കയുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ അവസാനിച്ചു. ഇന്ത്യയുടെ വിജയം 62 റൺസിന്. സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറി പ്രകടനവുമായി ഇഷാൻ കിഷൻ ഇന്ത്യയുടെ വിജയശിൽപിയായി. 56 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം കിഷൻ നേടിയത് 89 റൺസ്. ശ്രേയസ് അയ്യർ (28 പന്തിൽ പുറത്താകാതെ 57), രോഹിത് ശർമ (32 പന്തിൽ 44) എന്നിവരും തിളങ്ങി. വിജയത്തോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ ഈ മാസം 26, 27 തീയതികളിലായി ധരംശാലയിൽ നടക്കും.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് ആദ്യ പന്തിൽത്തന്നെ പിഴുത് ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണർ പാത്തും നിസ്സങ്കയാണ് ഗോൾഡൻ ഡക്കായത്. ചരിത് അസാലങ്കയാണ് ലങ്കയുടെ ടോപ് സ്കോറർ. 47 പന്തിൽ അഞ്ചു ഫോറുകളോടെ പുറത്താകാതെ നേടിയത് 53 റൺസ്. ദുഷ്മന്ത ചമീര 14 പന്തിൽ 24 റൺസോടെയും പുറത്താകാതെ നിന്നു. ഓപ്പണർ കാമിൽ മിഷാര (12 പന്തിൽ 13), ജാനിത് ലിയാനഗെ (17 പന്തിൽ 11), ദിനേഷ് ചണ്ഡിമൽ (9 പന്തിൽ 10), ക്യാപ്റ്റൻ ദസൂൺ ഷാനക (ആറു പന്തിൽ മൂന്ന്), ചമിത് കരുണരത്‌നെ (14 പന്തിൽ 21) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ രണ്ട് ഓവറിൽ 9 റൺസ് വഴങ്ങിയും വെങ്കടേഷ് അയ്യർ മൂന്ന് ഓവറിൽ 36 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തെ, ടീമിൽ ഉൾപ്പെട്ടിട്ടും മലയാളി താരം സഞ്ജു സാംസണിന് ബാറ്റിങ്ങിന് അവസരം ലഭിക്കാത്തതിന്റെ നിരാശയ്ക്കിടെയാണ് ഇന്ത്യ ലങ്കയ്ക്ക് മുന്നിൽ 200 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. സെഞ്ചുറിയുടെ വക്കോളമെത്തിയ പ്രകടനവുമായി തകർത്തടിച്ച ഇഷാൻ കിഷന്റെ അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കിഷൻ 56 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 89 റൺസെടുത്ത് പുറത്തായി.
കിഷന്‍ പുറത്തായശേഷം ബാറ്റിങ് വെടിക്കെട്ട് ഏറ്റെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യൻ സ്കോർ 200ന് അടുത്ത് എത്തിച്ചത്. അയ്യർ 28 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്സ്. ക്യാപ്റ്റൻ രോഹിത് ശർമ 32 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 44 റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ നാലു പന്തിൽ മൂന്നു റൺസുമായി ശ്രേയസ് അയ്യർക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യൻ താരങ്ങൾ തകർത്തടിച്ചതോടെ ശ്രീലങ്കൻ നിരയിൽ എല്ലാ ബോളർമാരും ‘തല്ലുകൊള്ളി’കളായി. ദുഷ്മന്ത ചമീര നാല് ഓവറിൽ 42 റണ്‍സും ലഹിരു കുമാര നാല് ഓവറിൽ 43 റൺസും കരുണരത്‌നെ നാല് ഓവറിൽ 46 റൺസും വഴങ്ങി. ഇന്ത്യയ്ക്ക് നഷ്ടമായ രണ്ടു വിക്കറ്റുകൾ ലഹിരു കുമാരയും ക്യാപ്റ്റൻ ദസൂൺ ഷാനകയും പങ്കിട്ടു.
ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് 111 റൺസെടുത്തു. ഇന്നിങ്സിന്റെ തുടക്കം മുതൽ ഇരുവരും ചേർന്ന് അതിവേഗം സ്കോറിങ് ഉയർത്തി. 12–ാം ഓവറിൽ ഇന്ത്യൻ ഇന്നിങ്സ് 100 കടന്നു. 12–ാം ഓവറിന്റെ അഞ്ചാം പന്തിൽ ലഹിരു കുമാര രോഹിത്തിന്റെ കുറ്റിതെറിപ്പിച്ചു. പിന്നീട് ക്രീസിലെത്തിയ ശ്രേയസ്, ഇഷാനോടൊപ്പം ചുവടുറപ്പിച്ചതോടെ ഇന്ത്യ കുതിച്ചു. 17–ാം ഓവറിൽ ലങ്കൻ ക്യാപ്റ്റൻ ദസൂൺ ഷാനകയാണ് ഇഷാനെ പുറത്താക്കിയത്. രവീന്ദ്ര ജഡേജ നാല് പന്തിൽ മൂന്നു റൺസെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നേടിയ ശ്രീലങ്ക, ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ദീപക് ഹൂഡ ഇന്നു ട്വന്റി20യിലും അരങ്ങേറ്റം കുറിച്ചു. ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കാതിരുന്നത് നിരാശയായി. വൺഡൗണായി സഞ്ജുവിനെ പ്രതീക്ഷിച്ചെങ്കിലും പകരം ക്രീസിലെത്തിയത് ശ്രേയസ് അയ്യർ. അവസാന ഓവറുകളിൽ ഇഷാൻ കിഷനും പുറത്തായതോടെ ആരാധകർ സഞ്ജുവിനെ കാത്തിരുന്നെങ്കിലും വന്നത് രവീന്ദ്ര ജഡേജയും.













