LIMA WORLD LIBRARY

യുക്രെയ്നിലേക്ക് നാറ്റോയുടെ വരവ് അംഗീകരിക്കാനാകാതെ റഷ്യ; പുടിൻ വരച്ച വര

ചൈനയുടെ സൈനികസഖ്യത്തിൽ നേപ്പാളിനെ അംഗമാക്കാൻ ശ്രമിച്ചാൽ ഇന്ത്യ വെറുതെയിരിക്കുമോ? അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികസഖ്യത്തിൽ യുക്രെയ്നിനെ അംഗമാക്കാനുള്ള ശ്രമത്തെ റഷ്യൻ ഭരണാധികാരി വ്ലാഡിമിർ പുടിൻ കാണുന്നത് ഏതാണ്ട് അങ്ങനെയാണ്. അതു തടയുകയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത ഉദ്ദേശ്യവും.

1991 ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ മുതൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം യുക്രെയ്നിനുമേൽ നോട്ടമിട്ടിരുന്നതാണ്. 1994 ൽ മുൻ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷ്ബിഗ്‍ന്യൂ ബ്രസെൻസ്ക്കി ‘ഫോറിൻ അഫയേഴ്സ്’ എന്ന പ്രസിദ്ധീകരണത്തിൽ അതു വ്യക്തമാക്കുകയും ചെയ്തു. ‘റഷ്യയ്ക്കെതിരെ യുക്രെയ്നിനെ ഉപയോഗിക്കേണ്ടത് അമേരിക്കയുടെ ശാക്തികതന്ത്രത്തിന് ആവശ്യമാണ്. യുക്രെയ്ൻ ഒപ്പമില്ലെങ്കിൽ റഷ്യൻ സാമ്രാജ്യം നിലനിൽക്കില്ല’– അദ്ദേഹം എഴുതി.

1994 ൽ ബ്രസെൻസ്ക്കി ഈ നിരീക്ഷണം നടത്തിയ കാലത്ത് അതൊന്നും ശ്രദ്ധിക്കാനുള്ള രാഷ്ട്രീയാന്തരീക്ഷം റഷ്യയിലില്ലായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്യൂണിസം തകർന്നതിന്റെയും ശീതയുദ്ധം അവസാനിച്ചതിന്റെയും ആഘോഷത്തിലായിരുന്നു അവർ. എന്നാൽ, റഷ്യ സാമ്പത്തികമായി തകരുകയും അമേരിക്കയും പാശ്ചാത്യലോകവും നൽകിയ സഹായവാഗ്ദാനങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തതോടെ റഷ്യയിൽ വീണ്ടുവിചാരമുണ്ടായി.

അതിനകം പഴയ സോവിയറ്റ് റഷ്യയുടെ സുഹൃദ്‍രാജ്യങ്ങളോ സോവിയറ്റ് കൂട്ടുകെട്ടിന്റെ ഭാഗങ്ങളോ ആയിരുന്ന ചെക്ക് റിപ്പബ്ലിക് (പഴയ ചെക്കോസ്ലോവാക്യയുടെ ഒരു ഭാഗം), ഹംഗറി, പോളണ്ട്, ബൾഗേറിയ, എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളെ നാറ്റോയിൽ അംഗങ്ങളാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. അതോടെ ശാക്തികമായും വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന ബോധം റഷ്യയെ ഗ്രസിച്ചുതുടങ്ങി.

പ്രിമക്കോവിന്റെ മടക്കം നയംമാറ്റത്തിന്റെ തുടക്കം

1997 ൽ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളെ നാറ്റോയിൽ അംഗമാക്കില്ലെന്ന് ഉറപ്പുനൽകാൻ റഷ്യ അമേരിക്കയോട് ആവശ്യപ്പെട്ടു. അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൻ ഇതു നിരസിച്ചു. അമേരിക്കൻ നേതൃത്വത്തിലുള്ള യുറേഷ്യൻ സുരക്ഷാവ്യവസ്ഥിതിയുടെ ആണിക്കല്ലായി യുക്രെയ്നിനെ പാശ്ചാത്യസുരക്ഷാതന്ത്രജ്ഞർ വിശേഷിപ്പിച്ചുതുടങ്ങിയതോടെ റഷ്യൻ രാഷ്ട്രീയത്തിൽ പഴയ പാശ്ചാത്യവിരോധം വീണ്ടും തലപൊക്കി. തുടർന്ന് റഷ്യയിൽ വീശിയടിച്ച രാഷ്ട്രീയകൊടുങ്കാറ്റിലാണു പഴയ ശീതയുദ്ധവാദിയായ യെവ്ജെനി പ്രിമക്കോവ് പ്രധാനമന്ത്രിയാവുകയും പാശ്ചാത്യലോകത്തിന്റെ ശാക്തിക കടന്നുകയറ്റത്തെ റഷ്യ ശക്തിയായി ചെറുക്കാനാരംഭിക്കുകയും ചെയ്തത്.

ചില നാടകീയ സംഭവങ്ങളും അന്ന് അരങ്ങേറി. റഷ്യയെ അറിയിക്കുകപോലും ചെയ്യാതെ മധ്യയൂറോപ്പിലെ ബോസ്നിയയിൽ നാറ്റോ ബോംബിങ് ആരംഭിച്ചു. ബോസ്നിയൻ പ്രശ്നം ചർച്ച ചെയ്യാൻ അമേരിക്കയിലേക്കു പറക്കുകയായിരുന്ന പ്രിമക്കോവ് പാതിവഴിയിൽ വച്ചു തന്റെ വിമാനം തിരിച്ചുവിട്ടു. അതോടെ ഫലത്തിൽ രണ്ടാം ശീതയുദ്ധം ആരംഭിക്കുകയായിരുന്നു. ‘പ്രിമക്കോവിന്റെ മടക്കം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവമായിരുന്നു ശീതയുദ്ധത്തിലേക്കുള്ള മടക്കത്തിന്റെ നിർണായക നിമിഷമെന്നാണ് റഷ്യൻ ശാക്തികതന്ത്രജ്ഞർ പറയുന്നത്. പാശ്ചാത്യലോകത്തിന്റെ സുഹൃത്തെന്നു കരുതപ്പെട്ടിരുന്ന യെൽസിൻ കടുത്ത ദേശീയവാദിയും ശീതയുദ്ധവാദിയുമായ വ്ലാഡിമിർ പുടിനു വഴിമാറിക്കൊടുത്തതോടെ റഷ്യ തിരിച്ചുവരവിന്റെ പാതയിലേക്കു നീങ്ങി.

കരിങ്കടലിനു ചുറ്റം നാറ്റോ വലയം

സ്വതന്ത്രരാജ്യമെങ്കിലും യുക്രെയ്നിനെ റഷ്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായാണു റഷ്യ കാണുന്നത്. ജനസംഖ്യയുടെ നല്ലൊരു ഭാഗം റഷ്യക്കാരാണ്. മാത്രമല്ല, സാമ്പത്തികപ്രധാന്യവുമുണ്ട്. യൂറോപ്പിലേക്കുള്ള റഷ്യയുടെ എണ്ണ–പ്രകൃതിവാതക പൈപ്പ്‍ലൈനുകൾ യുക്രെയ്നിലൂടെയാണു കടന്നുപോകുന്നത്.

ശാക്തികവീക്ഷണത്തിൽ മറ്റൊരു പ്രധാനഘടകവുമുണ്ട്. ആഗോള വൻശക്തിയായിരുന്ന കാലത്തുപോലും റഷ്യയ്ക്കു വലിയൊരു ദൗർബല്യമുണ്ടായിരുന്നു – ആണവബലത്തിലും കരബലത്തിലും ആകാശബലത്തിലും അമേരിക്കയെ വെല്ലാനുള്ള ശക്തി നേടിയിരുന്നപ്പോൾ പോലും റഷ്യ ഒരിക്കലും നാവികശക്തിയായിട്ടില്ല. വേണ്ടത്ര കടൽത്തീരമോ നാവികത്താവളങ്ങളോ ഇല്ലാത്തതായിരുന്നു കാരണം. വൻ തടാകത്തിന്റെ വലിപ്പമുള്ള കരിങ്കടലിലെ ഏതാനും താവളങ്ങളല്ലാതെ. ഇന്നും അങ്ങനെതന്നെ.

ഇന്നു കരിങ്കടലിന്റെ ശാക്തികചിത്രം നോക്കിയാൽ റഷ്യയുടെ അരക്ഷിതാവസ്ഥ ബോധ്യമാവും. കരിങ്കടലിനു ചുറ്റും റഷ്യയുടെ ശത്രുക്കളാണ് – തുർക്കി, ബൾഗേറിയ, റുമാനിയ എന്നീ കരിങ്കടൽതീരരാജ്യങ്ങൾ നാറ്റോ അംഗങ്ങളാണ്. ജോർജിയയും യുക്രെയ്നും നാറ്റോ അംഗത്വപരിഗണനയിലാണ്. ഫലത്തിൽ കരിങ്കടൽ നാറ്റോതടാകമായി മാറും. കരിങ്കടലിലൂടെയുള്ള റഷ്യയുടെ ഏതു നാവികനീക്കവും നിരീക്ഷിക്കാൻ മാത്രമല്ല തടുക്കാനും നാറ്റോയ്ക്കു സാധിക്കും. ഈ ആശങ്കയാണ് യുക്രെയ്നിനു ചുറ്റും ലക്ഷ്മണരേഖ വരയ്ക്കാൻ ഇപ്പോൾ പുടിനെ പ്രേരിപ്പിച്ചത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px