മാർക്സിസ്റ്റ് പാർട്ടിയുടെ പതിമൂന്നാം പാർട്ടി കോൺഗ്രസ് തിരുവനന്തപുരത്ത് നടക്കുന്ന സമയം…
മാർക്സിസ്റ്റ് പാർട്ടിയുടെ വെട്ടുറോഡ് ബ്രാഞ്ചിന് കീഴിൽ ഡി.വൈ.എഫ്.ഐയുടെ മൂന്ന് യൂണിറ്റുകളാണ് ഉണ്ടായിരുന്നത്…
സ്കൂളിലും ട്യൂഷൻ സെന്ററിലും ഒരേ ക്ലാസിലെ ഒരേ ബഞ്ചിലിരുന്ന പഠിച്ച ഞാനും വിനോദും വാസുവുമാണ് യൂണിറ്റ് സെക്രട്ടറിമാർ…
അതുകൊണ്ട് തന്നെ പ്രചാരണ ബോർഡുകൾ കൂടുതൽ വെക്കുന്നതിനായി യൂണിറ്റുകൾ തമ്മിൽ ആരോഗ്യപരമായ മത്സരങ്ങൾ നടന്നിരുന്നു…
എന്റെ യൂണിറ്റ് മെമ്പറായ ആർട്ടിസ്റ്റ് മുരളി പകൽ പാർട്ടിയുടെ കഴക്കൂട്ടം ഏരിയാ കമ്മിറ്റിക്ക് വേണ്ടി ചുമരെഴുതിയതിന് ശേഷം രാത്രിയാണ് ഞങ്ങളുടെ സ്വന്തം ബോർഡുകൾ എഴുതുക…
ആർട്ടിസ്റ്റ് മുരളിയുടെ പണി നടക്കുന്ന പുതിയ വീടിന്റെ മുന്നിലിരുന്നാണ് ബോർഡുകൾ എഴുതുന്നത്…
രാത്രിയായതുകൊണ്ട് ആർട്ടിസ്റ്റ് മുരളിയുടെ വീടിനടുത്തുള്ള ഞാനും ദുബായ് അനിയും മണിലാലും മാത്രമേ സഹായിക്കാനുള്ളൂ…
ആർട്ടിസ്റ്റ് മുരളിയുടെ വീടിന് മുൻവശത്തൊരു കിണറും അതുകഴിഞ്ഞാൽ ആളൊഴിഞ്ഞ പുരയിടവും പുരയിടത്തിൽ നിറയെ മരങ്ങളുമുണ്ട്…
പുരയിടം കഴിഞ്ഞാൽ തീവണ്ടി പാതയാണ്…
വലതു വശത്ത് മമ്മദ് കാക്കാന്റെ ആളില്ലാത്ത വീട്…
അന്നത്തെ കാലത്ത് ഞങ്ങളുടെ നാട്ടിൽ ആയാസമില്ലാതെ വെള്ളം കോരാനുള്ള എളുപ്പവഴിയാണ് കിണറിനടുത്തുള്ള തെങ്ങിൽ മുള കെട്ടി മുളയുടെ ഒരറ്റത്ത് ഭാരമുള്ള കല്ലും മറുവശത്ത് കയറും തൊട്ടിയും കെട്ടുന്നത്…
കാറ്റത്ത് കയറും തൊട്ടിയും ആടുമെങ്കിലും ഒരാൾ പിടിച്ചു താഴ്ത്തിയാൽ മാത്രമേ തൊട്ടി താഴേക്ക് വരൂ…
അന്ന് ചൊവ്വാഴ്ചയും അമാവാസിയുമായിരുന്നു…
ബോർഡ് എഴുതുന്നതിനിടയിൽ
എങ്ങനെയോ ഞങ്ങളുടെ ചർച്ച പ്രേതങ്ങളിലേക്കെത്തി…
നിരീശ്വരവാദികളും
പുരോഗമനവാദികളുമായ ഞങ്ങൾ പ്രേതങ്ങളെ കുറിച്ച് വാതോരാതെ സംസാരിച്ചു…
വടക്ക് നിന്നും തെക്കോട്ടേക്കൊരു വലിയ ചരക്ക് തീവണ്ടി കൂകിയും കിതച്ചും നീങ്ങിക്കൊണ്ടിരുന്നു…
ജനിച്ച നാൾ മുതൽ തീവണ്ടിയുടെ കടകട ശബ്ദം കേൾക്കുന്നതാണെങ്കിലും അന്നത്തെ ചരക്ക് തീവണ്ടിയുടെ കിതക്കലും കൂകലും പാളത്തിന്റെ ഞരങ്ങലും ഭയപ്പെടുത്തുന്നതു
പോലെ ഞങ്ങൾക്ക് അനുഭവപ്പെട്ടു…
തീവണ്ടി പാളം കുലുങ്ങുന്നതോടൊപ്പം ഞങ്ങളുടെ മനസുകളും കലങ്ങാൻ തുടങ്ങി…
ഇരുട്ട് പോലും പേടിക്കുന്ന തരത്തിൽ കുറ്റാക്കൂരിരുട്ട് കൂടിയതു പോലെ…
പെട്ടെന്ന് ഞങ്ങളിലൊരു നിശബ്ദത പരന്നു…
മുല്ലപ്പൂ മണമുള്ളൊരു
തണുത്ത കാറ്റ്…
കാലന്റെ വരവറിയിച്ചു കൊണ്ടുള്ള മൂങ്ങയുടെ നീട്ടിയുള്ള വിളി കേട്ട
മരച്ചില്ലകൾ ഏങ്ങിക്കരയുന്നതു പോലെ…
അകലെ തീവണ്ടി കരഞ്ഞു കരഞ്ഞു അകലുന്നത് കേൾക്കാം…
ഞങ്ങൾ നോക്കിയപ്പോൾ മുന്നിലുള്ള കിണറിന് മുകളിൽ മുളയിൽ കെട്ടിയിരുന്ന കയറിൽ കാറ്റത്താടിക്കൊണ്ടിരുന്ന തൊട്ടി
ആരോ കയറിൽ പിടിച്ചു താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നതു പോലെ…
തൊട്ടടുത്ത നിമിഷം
പുറകിൽ ഓടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ
ബ്രഷുകളും പെയിന്റുകളും കളഞ്ഞിട്ട് ആർട്ടിസ്റ്റ് മുരളി പേടിച്ചോടുകയാണ്…
തൊട്ടി താഴുകയും ഉയരുകയും ചെയ്യുന്നത് യാഥാർത്ഥ്യമാണോ തോന്നലാണോ എന്ന് ചിന്തിക്കാനുള്ള സമയമില്ലാത്തതിനാൽ ചങ്കിടിപ്പോടെ ഞങ്ങളും മുരളിയുടെ പിന്നാലേ ഓടി…
ഞാൻ വടക്കോട്ടും
മണിലാൽ തെക്കോട്ടും
ദുബായ് അനി പടിഞ്ഞാറോട്ടുമുള്ള വീടുകളിലേക്ക് ഓടി…
എന്റെ വീടിന്റെ തെക്ക് വശം പ്രധാന റോഡും കിഴക്ക് വശം ഇടവഴിയുമാണ്…
ജീവൻമരണ പാച്ചിലുമായി ഇടവഴിയിലൂടെ…,
തുറന്നു കിടന്ന ഗേറ്റിലൂടെ ഓടിക്കയറിയതും എന്റെ തലയിൽ എന്തോ തട്ടിയതു പോലെ…
മുറ്റത്ത് ചെന്നു നിന്ന ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ പുളിമര കൊമ്പിൽ രണ്ടു കാലുകൾ തൂങ്ങിയാടുന്നു…
“അയ്യോ…അമ്മേ…” എന്ന് നിലവിളിച്ചു കൊണ്ട് പടിയിൽ മലർന്നു വീണു…
എന്റെ നിലവിളി കേട്ടയുടൻ ലൈറ്റുകൾ തെളിയുകയും വാതിൽ തുറക്കുകയും ചെയ്തു…
അന്തംവിട്ട അമ്മയും അച്ഛനും ചേച്ചിമാരും കാര്യമെന്താണെന്ന് അന്വേഷിച്ചു…
പേടിച്ചതിനാൽ ശബ്ദം തൊണ്ടയിൽ കുരുങ്ങിയ ഞാൻ പുളി മരത്തിൽ തൂങ്ങിയാടുന്ന കാലുകളിലേക്ക് കൈ ചൂണ്ടിയിട്ട് അച്ഛനെ നോക്കി…
കിടക്കുന്ന കിടപ്പിൽ എന്നെ ചവുട്ടി താഴ്ത്താനുള്ള ദേഷ്യവുമായി അച്ഛൻ അകത്തേക്കു കയറി പോയി…
വീട്ടിലെ പുളി മരത്തിൽ ആരോ തൂങ്ങി നിൽക്കുന്നത് കണ്ടിട്ടും ഇവരെന്താണ് പേടിക്കാത്തത്…?
എനിക്കൊന്നും മനസിലായില്ല…
പിന്നീടാണ് കാര്യം അറിഞ്ഞത്…
വൈകുന്നേരം ചേച്ചിയുടെ മക്കൾ
എന്റെ പഴയ പാന്റ്സിനെ ചുരുട്ടി എറിഞ്ഞു കളിച്ചപ്പോൾ പുളിമരത്തിൽ കുരുങ്ങി…
പുളിമര കൊമ്പിൽ കുരുങ്ങിയ പാന്റ്സിന്റെ കാലുകളാണ് ഓട്ടത്തിനിടയിൽ എന്റെ തലയിൽ തട്ടിയത്…
ഒരു പ്രേതത്തെ കണ്ട് പേടിച്ച് ഓടുന്നതിനിടയിൽ മറ്റൊരു പ്രേതം കൂടി തലയിൽ തട്ടിയതു കൊണ്ടാണ് നിലവിട്ട് നിലവിളിച്ചു പോയത്…
അമ്മയുടെ ശകാരം ഉച്ചത്തിലായി-“പഠിക്കാനുള്ള സമയത്ത് പഠിക്കാതെ പാർട്ടീന്നും കീർട്ടീന്നും പറഞ്ഞ് തെണ്ടി തിരിഞ്ഞ് നടന്നിട്ട് പാതിരാത്രിയിൽ മനുഷ്യനെ പേടിപ്പിക്കാനായി കേറി വരും…”
ധീരനാണെന്നും
വീരനാണെന്നും
ശൂരനാണെന്നും
ആകാശം ഇടിഞ്ഞു വീണാലും പേടിക്കാത്തവനാണെന്നും പറഞ്ഞു നടന്ന ഞാൻ നാളെ എങ്ങനെ ചേച്ചിമാരുടെ മുഖത്ത് നോക്കുമെന്ന ചിന്തയോടെ മൂടിപ്പുതച്ച് കിടന്നു…………………………………………..












