LIMA WORLD LIBRARY

എനിക്കൊരു ഹൃദയം കളഞ്ഞു കിട്ടി – പ്രിന്‍സി

നല്ല തണുപ്പുള്ള പ്രഭാതം. എങ്ങുനിന്നോ വന്ന ഇളം കാറ്റ് അവളുടെ മുടിയിഴകളെ തലോടി കടന്നുപോയി.യൂക്കാലി മരത്തില്‍ നിന്നും കൊഴിഞ്ഞു വീഴുന്ന മഞ്ഞയും തവിട്ടും കലര്‍ന്ന ഇലകള്‍ അവള്‍ നടക്കുന്ന വഴികളില്‍ ചിത്രങ്ങള്‍ തീര്‍ത്തു.മുടിയിഴകളില്‍ തങ്ങിനിന്ന ഇലയെടുത്ത് കളയുമ്പോള്‍ ആഗ്‌നസ് വെറുതേ മണത്തു നോക്കി..എത്ര മനോഹരമായ ദിവസം. എന്നിട്ടും എന്തോ ഒരു അസ്വസ്ഥത.. നനഞ്ഞൊട്ടിക്കിടന്ന ഇലകള്‍ക്കിടയില്‍ അവളുടെ കണ്ണുടക്കി . ആരുടെ എന്നറിയാത്ത ഒരു ഹൃദയം! കല്ലും മണ്ണും കരിയിലകളും പൊതിഞ്ഞു അത് ആകെ വൃത്തികേടായിരിക്കുന്നു.

 

ഇലകള്‍ കളഞ്ഞു കഴുകിയെടുത്തിട്ടും ഇനിയും പലഭാഗത്തും, ആഴ്ന്നിറങ്ങിയ മുള്ളുകള്‍.. പതുക്കെ വലിച്ചൂരിയെടുത്ത് മുറിവുകളില്‍ മരുന്ന് തേച്ചാലോ! ആരുടേതായാലും ഒരു ഹൃദയമല്ലേ.. പതിയെ.. വേദനിപ്പിക്കാതെ.. ഊരിയെടുക്കാന്‍ നോക്കിയെങ്കിലും എന്തോ എവിടെയൊക്കെയോ ഒരു നീറ്റല്‍. എത്ര സ്‌നേഹത്തോടെ സൂക്ഷിച്ച ഹൃദയം ആകും !കളഞ്ഞുപോയതാകുമോ?അതോ ആരെങ്കിലും എറിഞ്ഞു കളഞ്ഞതോ! ഒത്തിരി സ്‌നേഹത്തോടെ, ആര്‍ക്കോ കൊടുത്തതാകാം ഇതിന്റെ ഉടമസ്ഥന്‍.ചിലപ്പോള്‍.. ചോദിച്ചു വാങ്ങിയതും ആകാം; അല്ലെങ്കില്‍.. അറിഞ്ഞുകൊടുത്തതാകാം എന്തായാലും വാങ്ങിയ ആള്‍ വില വയ്ക്കാത്ത ഒരു പാവം ഹൃദയം.. സ്‌നേഹത്തിന് വില നല്‍കാത്ത മനുഷ്യര്‍!ഇനി ആരെങ്കിലും തട്ടിയെടുത്ത് കൊണ്ടുവന്നതാകുമോ ! ഹൃദയമില്ലാത്ത ലോകത്ത് ഒരിറ്റ് സ്‌നേഹത്തിന് കൊതിച്ച് സ്‌നേഹത്തിന് കൊതിച്ചവര്‍ക്ക് എങ്ങനെ സ്‌നേഹം നിരാകരിക്കാനാകും! ഹൃദയം ഉപേക്ഷിക്കാനാകും?അപ്പോ അതാകില്ല… ഇരുണ്ടിരിക്കുന്ന ഹൃദയത്തിന്റെ കോണുകളില്‍ നിന്നും കിനിഞ്ഞ് ഇറങ്ങുന്ന രക്തം കാണുമ്പോഴേ അറിയാം.. ഒരുപാട് സഹിച്ചിരിക്കുന്നു..

 

തിരസ്‌കാരങ്ങളും, നന്ദികേടുകളും, കുറ്റപ്പെടുത്തലുകളും , ഒറ്റപ്പെടുത്തലുകളും.. അവള്‍ക്ക് ആ ഹൃദയത്തോട് കരുതലും സ്‌നേഹവും തോന്നി.ചിലയിടങ്ങളില്‍ ദുഃഖം ഘനീഭവിച്ച് കട്ടയായിരിക്കുന്നു. അവള്‍ പതുക്കെ മുറിവുകളില്‍ മരുന്ന് വച്ചു . ലനീഭവിച്ചിരിക്കുന്ന ദുഃഖത്തിന്റെ മുറിവുകളുടെ വടുക്കളിലൂടെ പതുക്കെ വിരല്‍ ഓടിച്ചു .. എന്നെങ്കിലും ഈ ഹൃദയം പഴയതുപോലെ ആകുമോ ?ഇനിയും മനുഷ്യരെ സ്‌നേഹിക്കാന്‍ പറ്റുമോ ? ആളുകളെ വിശ്വാസത്തില്‍ എടുക്കാന്‍ പറ്റുമോ ? അറിയില്ല .. സ്‌നേഹം ദൈവീകമാണ്… സ്‌നേഹം കൊണ്ട് മായ്ക്കാനാവാത്ത മുറിവുകളില്ല. ആ ബോധ്യത്തോടെ ആഗ്‌നസ് സ്‌നേഹപൂര്‍വ്വം ആ ഹൃദയം നെഞ്ചോട് ചേര്‍ത്തു. തന്റെ ഹൃദയ രക്തത്തില്‍ നിന്നും ചൂട് പകര്‍ന്ന് ..ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു ..

 

ആ ഹൃദയത്തിന്റെ മാന്ത്രികതയില്‍.. ഉറവ പൊട്ടി വരുന്ന സ്‌നേഹത്തില്‍ അവള്‍ ലയിച്ചിരുന്നു പോയി..പതുക്കെ ..വളരെ പതുക്കെ ..കളഞ്ഞു കിട്ടിയ ആ ഹൃദയത്തിന് ജീവന്‍ വയ്ക്കുന്നത് അവള്‍ തിരിച്ചറിഞ്ഞു ..ജീവന്റെ ചെറിയ മിടിപ്പുകള്‍..ദുഃഖം കട്ടിപിടിച്ചിരുന്ന കോണുകളെല്ലാം മൃദുവായി തുടങ്ങിയിരിക്കുന്നു .. സന്തോഷത്തിന്റെ നീര്‍കണങ്ങള്‍ അവളുടെ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങി ..വേദനിപ്പിക്കാതെ ..ഒത്തിരി സ്‌നേഹത്തോടെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ചൂട് നല്‍കിക്കൊണ്ട് .. ആഗ്‌നസ് ആ ഹൃദയത്തിന്റെ ഉടമയെ അന്വേഷിച്ചിറങ്ങി.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px