ആനന്ദ പൊതുവേ യാത്രകളില്‍ ആളുകളെ കാണാറേയില്ല…ചിന്തകളുടെ നിഗൂഢ വനങ്ങളിലൂടെ തീവണ്ടിയുടെ വേഗത്തിലും, ശ്വാസത്തിലും, കിതപ്പിലും പാഞ്ഞും, ഇഴഞ്ഞും, പിടിച്ചിട്ടും, കുടഞ്ഞെറിഞ്ഞും, ചിലപ്പോള്‍ സ്വയം ചിരിച്ചും, കരഞ്ഞും, ഒക്കെ ചിലപ്പോള്‍ ഇറങ്ങേണ്ട സ്റ്റോപ്പും മറന്നു പോകും.
യാത്രാസമയം സ്വപ്നത്തിലൂടെ നിസ്വയായി കഴിഞ്ഞു കൂടാം എന്നത് അവള്‍ക്ക് ആനന്ദദായകമാണ്. യാത്രക്കിടയില്‍ കാണുന്ന കുഞ്ഞുങ്ങളുടെ പുഞ്ചിരി മാത്രമേ ആനന്ദ വിസ്മൃതിയില്‍ നിന്നും പുറത്തേക്കു കൊണ്ട് വരാറുള്ളൂ…ട്രെയിനിലെ രാത്രി യാത്ര…അതിലും ആനന്ദകരം ( എസി ആണെങ്കില്‍ മാത്രം/ കുറച്ചു ബൂര്‍ഷ്വാസം അതില്‍ ഉണ്ട്) .
ഏറ്റവും കൂടുതല്‍ ഉറക്കം ഉണരുന്നതും, ഏറ്റവും തവണ എവിടെയെത്തി എന്നറിയാതെ ഇരുട്ടിലേക്ക് നോക്കി, പിന്നെയും കണ്ണടച്ചു …അങ്ങിനെ അതിനിടയില്‍ കിട്ടുന്ന സുന്ദരമായ ഉറക്കം….വര്‍ഷം മുഴുവനും മുറിയില്‍ ലൈറ്റ് ഇട്ടു ഉറങ്ങുന്ന അവളെ പോലെ ഒരാള്‍ക്ക്, സ്വസ്ഥമായും, സേഫ് ആയുമുറങ്ങാന്‍ കിട്ടുന്ന ഇടം! ??.
ഉറക്കത്തിന്റെ ഇടവേളകളില്‍, കമ്പാര്‍ട്ടുമെന്റിലെ പലയിടത്തും നിന്നും, കൂര്‍ക്കം വലിയുടെ ആരവങ്ങള്‍. സുന്ദരമായി ഉറങ്ങുന്നവരെ കേട്ടുള്ള ചിന്തകള്‍!
ഇടക്കിടെ തീവണ്ടിയുടെ ഭടക്ക്…കടക്ക്…ശബ്ദം. സുന്ദരം.
അതിനിടയില്‍ അസമയത്ത് കയറി വരുന്നവരുടെ ടോര്‍ച്ചിന്റെ വെളിച്ചം ?? സുന്ദരം. ഇങ്ങനെ എത്ര പേര്‍ സ്വാസ്ഥ്യം കളഞ്ഞു അസമയത്ത് കയറി വരുന്നു!
കയറി വന്നു സീറ്റ് തിരഞ്ഞു, പാദങ്ങളൊക്കെ തപ്പി തിരഞ്ഞു ഉറക്കമുണര്‍ത്തുന്നതും അതി സുന്ദരം. എന്തെയിത്ര വൈകി? എന്ന് ചോദിക്കാന്‍ തോന്നും!
ഉറങ്ങാനായി മാത്രം ചില നേരം അവള്‍ തീവണ്ടികളില്‍ കയറാറുണ്ട്. നെല്‍ക്കതിരുകളെ വകഞ്ഞു മാറ്റി, പുഴയൊഴുക്കുകളെ അടിയിലാക്കി, ആകാശത്തെ താങ്ങി നിര്‍ത്തി, കാറ്റിനോട് കിടപിടിച്ചു ഓടിപോകുന്ന ഉറക്കവണ്ടി…താരാട്ട് വണ്ടി…തീവണ്ടിയിലെ കുഞ്ഞിടത്ത്, തീരെ കനമില്ലാത്ത കുഞ്ഞു തലയിണ മടക്കി രണ്ടാക്കി, കൈകൊണ്ട് മുറുക്കെ പിടിച്ചു ഉറക്കത്തിലേക്ക് ഒരു വഴി തേടല്‍….ആനന്ദം!
നൂറു കണക്കിന് ഉറക്കശരീരങ്ങളെ താരാട്ടി, താലോലം പാടി…കൂ… കൂ….പായുന്ന വണ്ടി. വണ്ടിയിളക്കത്തില്‍ സ്വപ്നപാതകള്‍ മുറിഞ്ഞു പോകാതിരിക്കാന്‍
വളരെ ശ്രദ്ധിച്ചു, തിരിഞ്ഞും, മറിഞ്ഞും, വശത്തെ വള്ളിയില്‍ പിടിച്ചും, ഉറക്കത്തെ അള്ളിപ്പിടിച്ചിരിക്കുന്നവര്‍! സുന്ദര സ്വപ്നങ്ങളെ കയ്യീന്ന് താഴെ പോകാതെ ഉറക്കത്തെ താങ്ങി പിടിച്ചവര്‍!
ഒറ്റയ്ക്ക് ഉറങ്ങാന്‍ പേടിച്ചോ! വിഷമിച്ചോ? കല്ലിച്ചോ? ഉറക്കത്തെ തേടിയിറങ്ങുന്നവര്‍! തീയുള്ള വണ്ടിയുടെ രാപ്പാട്ട് തേടിയിറങ്ങുന്നവര്‍!
ഒറ്റയായി, ഉറങ്ങാതെ, ഉറങ്ങാതെ കല്ലിച്ചു പോയവര്‍…അവര്‍ക്ക് തീവണ്ടി നല്ലൊരു ഉറക്കയിടമാണ്. അതാണ് ‘ആനന്ദം’ എന്ന പേരില്‍ ഒരു ഉറക്കിടം അവള്‍ തുറന്നത്!
ഒറ്റയ്ക്ക് ആവുന്നവര്‍ക്ക് കൂട്ടമായി ഉറങ്ങാനൊരിടം!
‘ഉറക്കിടം’…തീവണ്ടി പോലെ ബെര്‍ത്തുകള്‍…തൂങ്ങിയാടുന്ന ബെര്‍ത്തുകളായിരുന്നു ആനന്ദത്തില്‍. വണ്ടിയുടെ രാപ്പാട്ട് പോലെ… കടക്ക്…ഭടക്ക്…ഇടക്കിടെ ഉറക്ക് വണ്ടി ചാടും, കുടയും, ഇടയും… ബെര്‍ത്തുകള്‍ താലോലമാടും… സ്വപ്നങ്ങളേന്തിയ ഒറ്റകള്‍ തൊട്ടിലിലെന്ന പോലെ…ഇളകിമറിയുന്ന സ്വപ്നങ്ങളെ അള്ളിപിടിച്ചു…
കാലിലെ തള്ളവിരല്‍ ചുണ്ടോടു ചേര്‍ത്ത് കുടിക്കും. നിഷ്‌കളങ്കമായി പുഞ്ചിരിക്കും.
ഉറക്കിടത്തില്‍ എവിടെ നിന്നൊക്കെ ആളുകള്‍! ആനന്ദം പോലും തൂക്കു കിട്ടാതെ പ്രീമിയം താത്കാലിന് കാത്തിരിക്കുന്നു!












