തുടർച്ചയായ മൂന്നാം മത്സരത്തിലും ശ്രേയസ് അയ്യർ അർധസെഞ്ചുറിയുമായി മിന്നിയതോടെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ ജയം. ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 146 റൺസ്. മറുപടി ബാറ്റിങ്ങിൽ 19 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി
ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ഇന്ത്യ തൂത്തുവാരി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും നങ്കൂരമിട്ടു കളിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അയ്യർ 45 പന്തിൽ 73 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ടു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്സ്. 57*, 74*, 73* എന്നിങ്ങനെയാണ് ഈ പരമ്പരയിൽ അയ്യരുടെ പ്രകടനം. രവീന്ദ്ര ജഡേജ 15 പന്തിൽ മൂന്നു ഫോറുകൾ സഹിതം 22 റൺസുമായി അയ്യർക്കു കൂട്ടുനിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 27 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്തു.
മലയാളി താരം സഞ്ജു സാംസൺ 12 പന്തിൽ മൂന്നു ഫോറുകൾ സഹിതം 18 റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ സഞ്ജു – ശ്രേയസ് സഖ്യം 28 പന്തിൽ 45 റൺസ് കൂട്ടിച്ചേർത്തു. ദീപക് ഹൂഡ 16 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 21 റൺസെടുത്തു. അതേസമയം, ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഒൻപതു പന്തുകൾ നേരിട്ട രോഹിത് ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്ത് പുറത്തായി. വെങ്കടേഷ് അയ്യർ നാലു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്തും പുറത്തായി. ശ്രീലങ്കയ്ക്കായി ലഹിരു കുമാര 3.5 ഓവറിൽ 39 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീര, ചാമിക കരുണരത്‌നെ എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ദസൂൺ ഷാനകയുടെ ഇന്നിങ്സാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഷാനക 38 പന്തിൽ ഒൻപതു ഫോറും രണ്ടു സിക്സും സഹിതം 74 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി ആവേശ് ഖാൻ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് നാല് ഓവറിൽ 22 റൺസ് വഴങ്ങിയും ഹർഷൽ പട്ടേൽ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയ് നാല് ഓവറിൽ 32 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി. കുൽദീപ് യാദവ് നാല് ഓവറിൽ 25 റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളൂവെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
ഷാനകയ്ക്കു പുറമേ ലങ്കൻ നിരയിൽ രണ്ടക്കത്തിലെത്തിയത് രണ്ടു പേർ മാത്രം. 25 റൺസെടുത്ത ദിനേഷ് ചണ്ഡിമൽ, 12 റൺസുമായി പുറത്താകാതെ നിന്ന ചാമിക കരുണരത്‌നെ എന്നവർ. 27 പന്തുകൾ നേരിട്ട ചണ്ഡിമൽ രണ്ടു ഫോറുകൾ സഹിതമാണ് 25 റൺസെടുത്തത്. 19 പന്തുകൾ നേരിട്ട ചാമിക കരുണരത്‌നെ 12 റൺസോടെയും പുറത്താകാതെ നിന്നു.













