മലമ്പുഴ ഡാമിനടുത്തുള്ള പൊന്തക്കാട്ടിലായിരുന്നു
റോംബോ മുയൽ താമസിച്ചിരുന്നത്.അവന് അച്ഛനും , അമ്മയും ഇല്ലായിരുന്നു.ആ കാട്ടിൽ
തന്നെയുള്ള കുറുക്കന്മാൻ പിടിച്ചു തിന്നതാണ്.
അന്നു മുതൽ അവന് എല്ലാത്തിനെയും ഭയമായിരുന്നു. മാളത്തിനടുത്ത് ധാരാളം ബന്ധുക്കൾ താമസിക്കുണ്ടെന്നതവന്
വലിയ ആശ്വാസമായിരുന്നു.എല്ലാവരോടും
റോംബോക്ക് വലിയ സ്നേഹമായിരുന്നു.പക്ഷേ
ബന്ധുക്കൾക്ക് അവനോട് അസൂയയായിരുന്നു.
കാരണം നല്ല വെളുത്ത നിറമുള്ള സുന്ദരനായ
ഒരു മുയൽകുഞ്ഞായിരുന്നു റോംബോ.അവന്
ഒരു വലിയ മാളവുമുണ്ടായിരുന്നു.
അവനോട് ഏറ്റവും അസൂയ ഉണ്ടായിരുന്നത്
അവൻറെ അമ്മയുടെ അനുജത്തിയായ ലോലു
മുയലിനായിരുന്നു. റോംബോയെപ്പോലെ സൗന്ദര്യമൊന്നും അവളുടെ കുട്ടികൾക്ക് ഉണ്ടായിരുന്നില്ല. പോരാത്തതിന് അവളുടെ മാളവും
തീരെ ചെറുതുമായിരുന്നു.
റോംബോയെ സങ്കടപ്പെടുത്തുന്നത് അവളുടെ
ഒരൂ വിനോദമായിരുന്നു.എങ്ങനെയെങ്കിലും അവൻറെ മാളം തട്ടിയെടുക്കണമെന്നതായിരുന്നു
അവളുടെ ആഗ്രഹം.
റോംബോയുടെ മൂക്കിനു താഴെ ഒരു കറുത്ത പുള്ളിയുണ്ട്. സത്യത്തിൽ അതവൻറെ
ഭംഗിക്ക് മാറ്റു കൂട്ടുന്നതായിരുന്നു.പക്ഷേ അതൊരു
ഭാഗ്യദോഷമാണെന്നും , അതിനാലാണ് റോംബോയുടെ അച്ഛനും, അമ്മയും മരിച്ചു പോയതെന്നും അവൾ ബന്ധുക്കൾക്കിടയിൽ പ്രചരിപ്പിച്ചു.ലോലുവിൻറെ ഏഷണിയുടെയുടെ
ഫലമായി എല്ലാവരും അവനെ വെറുത്തു.
ആരും കൂട്ടിനില്ലാതെ അവൻ ഒറ്റ തിരിഞ്ഞ് നടക്കുന്നതു കണ്ട് അവൾ സന്തോഷിച്ചു.ഏതെങ്കിലും ഒരു കുറുക്കൻ വന്ന്
അവനെ പിടിച്ചു തിന്നണേ എന്ന് ദുഷ്ടയായ ലോലു പ്രാർത്ഥിച്ചു.
പൊന്തക്കാടിനിപ്പുറം ഡാമിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സുകളാണ്. അതിലൊരു വീട്ടിലാണ് മിന്നുമോളും, അച്ഛനുമമ്മയും താമസിക്കുന്നത്.മിന്നു മോളുടെ ചെറിയ വീട്ടിൽ
കൂട്ടായി ചക്കിപ്പൂച്ചയും ,ചിക്കുപ്പട്ടിയും , ചിഞ്ചുത്തത്തയും ഉണ്ട്.
മിന്നു മോളും, അച്ഛനും എല്ലാ ഞായറാഴ്ചയും പൊന്തക്കാട്ടിന്നടുത്തുള്ള അമ്പലത്തിൽ പ്രാർത്ഥിക്കുവാൻ പോകും.അങ്ങനെ
ഒരു ഞായറാഴ്ച അമ്പലത്തിലേക്ക് പോകുന്ന വഴിയിലൊരൂ പാറയിൽ തനിച്ചിരിക്കുന്ന റോംബോയെ മിന്നുമോൾ കണ്ടു.
“നോക്ക് അച്ഛാ എന്തു ഭംഗിയുള്ള മുയൽ.നമുക്കിതിനെ വീട്ടിലേക്ക് കൊണ്ടു പോകാം”
മിന്നു മോളുടെ ആഗ്രഹം കണ്ട് അച്ഛൻ റോംബോയെ കയ്യിലെടുത്തു. റോംബോ പേടിച്ചു
കരഞ്ഞു.
റോംബോയെ കൊണ്ടു പോകുന്നത് കണ്ട ലോലു മുയലിന് വലിയ സന്തോഷമായി. അവൾ ഓടിച്ചെന്നു തൻറെ മക്കളെ റോംബോയുടെ മാളത്തിലാക്കി.പക്ഷേ കഷ്ടകാലമെന്നു പറയട്ടെ
റോബോ വരുന്നതും കാത്ത് അവിടെ ടുട്ടു പെരുമ്പാമ്പ് കാത്ത് കിടക്കുന്നുണ്ടായിരുന്നു.
ഒന്നിനു പകരം രണ്ടു മുയലുകളെ കിട്ടിയ സന്തോഷത്തിൽ അവൻ ലോലുവിൻറെ മക്കളെ അകത്താക്കി.
മിന്നു മോളുടെ കയ്യിലൊരു മുയൽക്കുഞ്ഞിനെക്കണ്ട ചിക്കുപ്പട്ടിക്കും , ചക്കി പ്പൂച്ചക്കും , ചിഞ്ചുതത്തക്കുമെല്ലാം വലിയ സന്തോഷമായി.
“എന്തു ഭംഗിയാണ് നിന്നെക്കാണാൻ , മൂക്കിനടിയിലെ കറുത്ത പുള്ളിയാണ് ഏറ്റവും മനോഹരം” ചക്കിപ്പൂച്ച പറഞ്ഞതു കേട്ട് റോംബോ
അതിശയിച്ചു പോയി.ചിക്കുപ്പട്ടി അവന് നല്ല ഒരുമ്മ
കൊടുത്തു.
ചിഞ്ചുതത്തയുടെ കൂടിന് സമീപത്തായി പുതിയൊരു കൂടും മിന്നുമോളുടെ അച്ഛനവന് പണിതു കൊടുത്തു. അതിനടുത്തു തന്നെ ചിക്കുപ്പട്ടിയെയും
കെട്ടി .ചക്കിപ്പൂച്ച മൂവരോടും കുശലം പറഞ്ഞു കൊണ്ട് ഇടയിലൂടെ ഉലാത്തിക്കൊണ്ടു നടന്നു.
മിന്നു മോൾ ഇടക്ക്അവനെ നെഞ്ചോട് ചേർത്ത് വച്ച് ക്യാരറ്റും ,പഴങ്ങളുമൊക്കെ നൽകും.അവളവന് ‘ചിട്ടു ‘ എന്നു പേരിട്ടു.
എല്ലാവരുടെയും ഓമനയായി നല്ല കൂട്ടുകാരോടൊപ്പം
ചിട്ടുമുയൽ മിന്നു മോളുടെ വീട്ടിൽ സന്തോഷമായി
കഴിഞ്ഞു.













