ഇരുളിമയോടെ മയങ്ങിയുണർന്നൊരു
കുന്നിനുമുണ്ടൊരു കഥ പറയാൻ
കുന്നിൻചെരിവുകളൊക്കെനിരത്തി
യിടിച്ചുമറിച്ചുകിളച്ചുകുഴിച്ചു
പൊടിപടലവുമായ് റോഡിനുകുറുകെ
വണ്ടികൾ നിറയെ
കല്ലും മണ്ണും കേറ്റിയിറക്കി
റോഡൊരുകുഴിയായ് മാറ്റിയെടുത്തും,
കുന്നിനുമുണ്ടൊരു കഥ പറയാൻ
പണ്ടൊരു കുന്നിവിടുണ്ടായിരുന്നു
കുന്നിൻമുകളിൽ ദേവാലയവും
കാലികൾ മേഞ്ഞുനടന്നൊരുചെരിവും
ചൂളമടിയ്ക്കുംഇല്ലിക്കാടും
നീരുറവറ്റാത്തുള്ളൊരു ഓലിയും
കാക്കപ്പൂവും കദളിപ്പൂവും
പാലപ്പൂവും തെച്ചിപ്പൂവും
കാട്ടുതുളസി മൂക്കൂറ്റിപ്പൂ
തുമ്പപ്പൂവും കോളമ്പിപ്പൂ
കൈകോർത്തങ്ങു വിലസീടുന്നൊരു പറങ്കിത്തോട്ടം
കൂകിവിളിച്ചു കളിച്ചുമറിഞ്ഞും
പാണൽപ്പഴവും പൂച്ചക്കുരുവും
തിന്നുനടന്നങ്ങോടിയകന്നൊരു കുട്ടിക്കാലം
നിരനിരയായി മലകളിടിച്ചും
നിലകെട്ടുന്നു വീടുകൾ പലതായ്
ഇടവഴി പലതും മതിലുകൾ കെട്ടി
ഇടിച്ചുനിരത്തിപ്ലോട്ടുകളാക്കി
വെട്ടിയെടുത്തു തരിശായ്മാറ്റിയ
കുന്നിനുമുണ്ടൊരു കഥ പറയാൻ
പലവകജാതി പക്ഷി മൃഗാദികൾ
ഒളിതാവളമായ്കണ്ടൊരു കുന്ന്
ഇല്ലിവിടില്ലിനി, ഓർമ്മകൾ പുൽകി തേടിയിറങ്ങിപ്പോയൊരു
കുന്നിൻദുഃഖം ആരറിയുന്നു











