റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് അറുതിവരുത്താൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ഇന്ന് തുർക്കിയിൽ ചർച്ച നടത്തും. യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവും തമ്മിലുള്ള കൂടിക്കാഴ്ച തുർക്കിയിലെ അന്താല്യയിലാണ്. തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ മുൻകയ്യെടുത്താണ് അനുരഞ്ജനശ്രമം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി എർദോഗൻ കഴിഞ്ഞ ഞായറാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. ചർച്ചയിൽ തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലൂദ് ചവുഷോഗ്‌ലുവും പങ്കെടുക്കും. യുക്രെയ്ൻ സംഘർഷം സംബന്ധിച്ചുള്ള ആദ്യത്തെ മന്ത്രിതല ചർച്ചകൂടിയാണിത്. യുക്രെയ്നിലെ റഷ്യൻ ആക്രമണം തുടങ്ങിയതിനു ശേഷം വിദേശരാജ്യത്ത് ലാവ്‍റോവ് പങ്കെടുക്കുന്ന ആദ്യ യോഗവുമാണിത്. നാറ്റോ അംഗമായ തുർക്കിക്ക് യുക്രെയ്നുമായും റഷ്യയുമായും നല്ല ബന്ധമാണ്.
വെടിനിർത്തലിനും യുക്രെയ്ൻ പ്രദേശങ്ങളെ റഷ്യയുടെ പിടിയിൽനിന്നു മോചിപ്പിക്കുന്നതിനുമാണു യുക്രെയ്ൻ മുൻഗണന നൽകുന്നതെന്നും ചർച്ച വിജയിക്കുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയില്ലെന്നും കുലേബ പറഞ്ഞു. യുക്രെയ്ൻ ഉന്നതഉദ്യോഗസ്ഥരുമായി നേരത്തേ ബെലാറൂസ് അതിർത്തിയിൽ നടത്തിയ 3 ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്ന് റഷ്യ അറിയിച്ചു.
ഇതിനിടെ, റഷ്യ–യുക്രെയ്ൻ യുദ്ധവും അതിനോടുള്ള പാശ്ചാത്യരാജ്യങ്ങളുടെ പ്രതികരണങ്ങളും ലോകത്തെ ഭക്ഷ്യോൽപന്നക്ഷാമത്തിലേക്കു നയിക്കുമെന്ന ആശങ്ക ശക്തമായി. ഗോതമ്പ്, സൂര്യകാന്തി എണ്ണ, പാമോയിൽ, കൃഷിക്കാവശ്യമായ വളം എന്നിവയുടെ ക്ഷാമവും വിലവർധനയുമാണ് ലോകത്ത് ഭക്ഷ്യവിലക്കയറ്റത്തിനും ക്ഷാമത്തിനും വഴിവയ്ക്കുന്നത്. റഷ്യയ്ക്കെതിരായ യുഎസ് ഉപരോധത്തിന്റെ തുടർച്ചയായി വരാനിരിക്കുന്ന എണ്ണവിലവർധനയും ഭക്ഷ്യോൽപന്ന വിലക്കയറ്റത്തിലേക്കു നയിക്കും.
എണ്ണ വില 200 ഡോളർ വരെ ഉയരാം
റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ച യുഎസ് തീരുമാനം ഇപ്പോൾ തന്നെ ഉയർന്നു നിൽക്കുന്ന ക്രൂഡ് ഓയിൽ വില വീണ്ടും വർധിപ്പിച്ചേക്കുമെന്ന് വിദഗ്ധർ. വിവിധ നിയന്ത്രണങ്ങൾ മൂലം എണ്ണയുടെ ലഭ്യതയിലുണ്ടാകുന്ന കുറവ് വില വർധനയ്ക്കു കാരണമാകുമെന്നാണ് വിലയിരുത്തൽ.
ഇന്നലെ ബാരലിന് 130.28 ഡോളറാണ് ക്രൂഡ് ഓയിൽ വില. ഇത് 160 മുതൽ 200 ഡോളർ വരെ ഉയരാനിടയുണ്ട്. ഉപരോധം തുടർന്നാൽ ബാരലിന് 300 ഡോളർ വരെയാകുമെന്നു റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്വർണം 40,000 കടന്നു, പിന്നെ താഴ്ന്നു
കേരളത്തിൽ സ്വർണവില ഇന്നലെ പവന് 40,000 രൂപ കടന്നു. വ്യാപാരം ആരംഭിച്ചപ്പോൾ പവന് 1040 രൂപ ഉയർന്ന് വില 40,560 രൂപയിലെത്തി. പിന്നീട് രൂപയും ഓഹരി വിപണികളും കരുത്തു കാട്ടിയതിനെത്തുടർന്ന് ഉച്ചയ്ക്കു ശേഷം 720 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 39,840 രൂപയായി. 4980 രൂപയാണ് ഗ്രാമിന്റെ വില. 2020 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് കേരളത്തിൽ സ്വർണവില 40,000 കടക്കുന്നത്.
English Summary: Ukraine and Russia foreign ministers to meet in Turkey













