അക്ഷരയെഴുത്തച്ഛൻ – അഡ്വ. അനൂപ് കുറ്റൂർ

Facebook
Twitter
WhatsApp
Email

അക്ഷരപൂജയാലാദിയെഴുത്തച്ഛൻ
അക്ഷര കേളിയുരുവിട്ടപ്പോൾ
അക്ഷരക്കൂട്ടങ്ങളക്ഷൗഹിണികളായി
ആദിചുവടു വെച്ചാടീടുന്നു.

അമ്പത്തൊന്നക്ഷരമാഴിയായാളുന്നു
ആദിമ യാഗം തുടങ്ങീടുവാൻ
ആഗ്നേയൻ തന്റെ യഗ്നി തെളിച്ചിട്ട്
അഗ്നിഹോത്രം ജ്വലിപ്പിച്ചീടാൻ.

ആദി മഹേശന്റെ പാഠങ്ങളൊരോന്നേ
ആദിസുമങ്ങളായിത്തീരുന്നു
അഭ്യാസ മാർഗ്ഗങ്ങളാവർത്തിച്ചങ്ങിതാ
ആദി വചനങ്ങളെഴുതി വച്ചു.

അക്ഷര കന്യകയാടുന്ന താളത്തിൽ
ആദിതാളങ്ങളടുക്കി വച്ചു
അംഗകളരിയിൽ ചൊല്ലിയതൊക്കവേ
അംഗകളികളോടൊരുക്കീടുന്നു.

ആദിയുഷസ്സിന്റെ ചേദനയാലങ്ങു
ത്രയാക്ഷരങ്ങളൊന്നിച്ചൊന്നായി
ആദി വേഗത്തിൽ പിരിഞ്ഞും ലയിച്ചും
അംഗ കരണങ്ങളാടീടുന്നു.

ആദിമഹസ്സിന്റെ തൃഷ്ണകളൊരോന്നേ
അണ്ഡകടാഹങ്ങളായിടുന്നു
ആദിമകാണ്ഡങ്ങൾ ധർമ്മപീഠങ്ങളായി
ആദിതാളത്തിൽ മിടിച്ചീടുന്നു.

അക്ഷര രഥമേറിയർക്കനെഴുന്നള്ളി
അക്ഷരാർത്ഥമറിവേകീടുവാൻ
അഗ്നിഗോള കിരണമുതിർത്തങ്ങു
ആദിനിഗമങ്ങളണിയണിയായി.

ആദിമരൂപന്റെ ശബ്ദ വിതാനങ്ങൾ
പഞ്ചാക്ഷരങ്ങളായി പരിണമിച്ചു
അഞ്ചീശ്വരന്റെ ക്രീഡാ വിലാസങ്ങൾ
സ്വസ്തികയായി കറങ്ങീടുന്നു.

ആടുന്ന ശാഖി തൻ മർമ്മര താളത്തിൽ
ആദിവ്യ രൂപനുടുക്കു കൊട്ടി
ആനന്ദ സ്പന്ദനലാലസതാളത്തിൽ
പാണിനീയമങ്ങെഴുതീടുന്നു.

ആദി ലിഖിത സ്പന്ദന വേഗത്തിൽ
മേല്പടി സൂത്രങ്ങളാധാരമായി
ആദി മുനിയുടെ നർത്തന വടിവിലായി
ഭരത ലിഖിതങ്ങളാവർത്തിച്ചു.

ആക്കമൊടായുന്ന തങ്കാളി വീശീട്ടു
അഗ്നിയേയാളി തെളിച്ചീടുവാൻ
ആളി കരിച്ചതാ തകർത്താടീടുമ്പോൾ
അംബുയുതിർത്തു കെടുത്തീടുന്നു.

അക്ഷര താളങ്ങൾ സാഹിതിയായിട്ടു
അർത്ഥമധികമേ പെറ്റീടുന്നു
അഗ്നി മുറിഞ്ഞും ലയിച്ചുമങ്ങനെ
യരുവികളുറവയായിടുന്നു.

ആന്ദോളനാന്ദോളനത്തിലായിയിതാ
ആനന്ദദീപ മങ്ങാടീടുന്നു
അഖിലം പടുത്തൊരുയണ്ടജമായി
ആദി മഹേശ്വരിയാടീടുന്നു.

ആദിതാളങ്ങളോ ഗോത്രവൃത്തങ്ങളായി
കാവ്യാംബുധിയങ്ങെഴുതീടുമ്പോൾ
ആദി കിരണങ്ങളെല്ലാമേ ഹാരമായി
കാവ്യ മനോരമേ വരിക്കാനായി.

ആദിമ ഗോത്ര പാഠശാലയിലായി
ആദിയരുളുകളുരുവാകുമ്പോൾ
ആവർത്തിച്ചഭ്യാസകേളീ കളരിയിൽ
അടവുകളടക്കമൊരുക്കുന്നു.

അടവുകളൊരോന്നെഴുതീയെഴുത്തച്ഛൻ
അക്ഷര കൈരളിക്കഭ്യസിക്കാൻ
അജ്ഞലി കൂപ്പിയാരാധിച്ചീടുന്നാ
അറിവു പകർന്നൊരാ പാദങ്ങളെ.

സർവ്വ ഗുരുപാദം ആശ്രയാമ്യഹം.

About The Author

Leave a Reply

Your email address will not be published. Required fields are marked *