ദിവസങ്ങൾക്കകം വിജയം നേടുമെന്ന കണക്കുകൂട്ടലിൽ ആരംഭിച്ച യുക്രെയ്ൻ ആക്രമണം നാലാം ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ, റഷ്യൻ സേനാനീക്കം തടസ്സപ്പെട്ട സ്ഥിതിയിലെത്തി. കരയുദ്ധത്തിൽ ഒട്ടേറെ റഷ്യൻസൈനികർക്കാണു ജീവൻ നഷ്ടമായത്. പാശ്ചാത്യ ഉപരോധം മൂലം റഷ്യയുടെ സാമ്പത്തികരംഗവും താറുമാറായെങ്കിലും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനു കുലുക്കമില്ല. സൈനികനടപടി മുൻനിശ്ചയിച്ച പ്രകാരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ യുദ്ധവിരുദ്ധ നിലപാടു പ്രചരിപ്പിക്കുന്നവരെല്ലാം രാജ്യദ്രോഹികൾ ആണെന്നും പുട്ടിൻ പറഞ്ഞു.
യുക്രെയ്ൻ യുദ്ധം സംബന്ധിച്ചു തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ 15 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന നിയമം റഷ്യയിൽ നിലവിൽ വന്നു. യുദ്ധവിരുദ്ധ പ്രചാരണങ്ങൾ തടയാനാണിത്.

2014 നു ശേഷം റഷ്യ കയ്യേറിയ പ്രദേശങ്ങളിലടക്കം പരമാധികാരം യുക്രെയ്നാണെന്നു നിലപാട് ഉഭയകക്ഷി ചർച്ചയിൽ ആവർത്തിച്ചതായി പ്രസിഡന്റ് സെലെൻസ്കിയുടെ ഓഫിസ് വ്യക്തമാക്കി. യുക്രെയ്ൻ നിഷ്പക്ഷ രാജ്യമായിരിക്കണമെന്ന റഷ്യയുടെ ആവശ്യം യുക്രെയ്ൻ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
പുട്ടിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നു യൂറോപ്യൻ യൂണിയനോടു യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡനും പുട്ടിനെ യുദ്ധക്കുറ്റവാളിയെന്നു വിശേഷിപ്പിച്ചിരുന്നു.

പോളണ്ട് അതിർത്തിയിൽ വിന്യസിക്കാൻ യുകെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം ലഭ്യമാക്കി. പേട്രിയറ്റ് മിസൈൽവേധ സംവിധാനം കഴിഞ്ഞ ദിവസം യുഎസ് ലഭ്യമാക്കിയിരുന്നു.
അതിനിടെ, റഷ്യൻ ഇന്ധന ഇറക്കുമതിക്കു മേലുള്ള പാശ്ചാത്യ ആശ്രിതത്വം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. സൗദി കിരീടാവകാശി സൽമാൻ രാജകുമാരനുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി.
കൊല്ലപ്പെട്ടത് 14,000 റഷ്യൻ സൈനികർ ?
4 ജനറൽമാർ ഉൾപ്പെടെ റഷ്യയുടെ 14,000 സൈനികരെങ്കിലും ഇതുവരെ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്നിന്റെ കണക്ക്. റഷ്യയുടെ 444 ടാങ്കുകളും 1435 കവചിതവാഹനങ്ങളും 86 യുദ്ധവിമാനങ്ങളും തകർന്നു.
യൂറോപ്പിലെ മതിൽ പൊളിച്ചുനീക്കുക
‘സ്വതന്ത്രവും അസ്വതന്ത്രവുമായ’ യൂറോപ്പിന് ഇടയിലുള്ള മതിൽ പൊളിച്ചുനീക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജർമൻ ചാൻസലർ ഒലാഫ് ഷോൽസിനോട് അഭ്യർഥിച്ചു. ജർമൻ പാർലമെന്റിൽ വിഡിയോ വഴി നടത്തിയ പ്രസംഗത്തിൽ യുക്രെയ്നിന്റെ ദുരവസ്ഥ അവസാനിപ്പിക്കാൻ ജർമനിയുടെ ശക്തമായ ഇടപെടലാണ് ആവശ്യമെന്ന് ഓർമിപ്പിച്ചു. പശ്ചിമ ജർമനിയെയും കിഴക്കൻ ജർമനിയെയും വിഭജിച്ച സോവിയറ്റ് കാല മതിൽ 1989 ൽ പൊളിച്ചുനീക്കിയതിനെ സൂചിപ്പിച്ച സെലെൻസ്കി, യുക്രെയ്നിനെ ഒറ്റപ്പെടുത്തി പുതിയൊരു മതിൽ യൂറോപ്പിൽ ഉയർന്നുനിൽക്കുകയാണെന്നു പറഞ്ഞു. ഓരോ ബോംബ് വീഴുമ്പോഴും ഈ മതിലിന് ഉയരം കൂടുന്നു–സെലെൻസ്കി പറഞ്ഞു.
മതനേതാക്കളുടെ ഭാഷ സമാധാനം: മാർപാപ്പ
റോം ∙ രാഷ്ട്രീയമല്ല, സമാധാനമാണു മതനേതാക്കൾ പഠിപ്പിക്കേണ്ടതെന്നു റഷ്യൻ ഓർത്തഡോക്സ് സഭാ തലവൻ കിറിൽ പാത്രിയർക്കീസുമായി നടത്തിയ വിഡിയോ സംഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. സഭ രാഷ്ട്രീയത്തിന്റെ ഭാഷ ഉപയോഗിക്കില്ലെന്നു വ്യക്തമാക്കിയ ഇരുവരും യുക്രെയ്നിലെ വെടിനിർത്തലിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. പുട്ടിന്റെ സൈനികനടപടിയെ ന്യായീകരിച്ച് നേരത്തേ കിറിൽ പാത്രിയർക്കീസ് പ്രസ്താവനയിറക്കിയിരുന്നു.
15–20 ഇന്ത്യക്കാരെക്കൂടി തിരിച്ചെത്തിക്കും
ന്യൂഡൽഹി ∙ യുക്രെയ്ൻ വിട്ടുപോരാനായി 15–20 ഇന്ത്യക്കാർക്കുകൂടി സഹായമെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 22,500 ഇന്ത്യക്കാരെ മടക്കിയെത്തിച്ചു. 3 ദിവസം മുൻപുവരെ അൻപതോളം ഇന്ത്യക്കാരാണ് യുക്രെയ്നിൽ ബാക്കിയുള്ളത്. ഇതിൽ 15–20 പേർ ഒഴികെയുള്ളവർ അവിടെ തുടരാനാണ് താൽപര്യപ്പെടുന്നത്. യുക്രെയ്നിന്റെ തെക്കൻ മേഖലയായ ഖേർസനിൽ ഒറ്റപ്പെട്ടുപോയ 3 ഇന്ത്യക്കാരെ കൂടി പുറത്തെത്തിക്കാൻ ശ്രമം തുടരുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War













