പൊട്ടക്കിണർ – യൂസഫ് നടുവണ്ണൂർ

Facebook
Twitter
WhatsApp
Email

മഴക്കാലത്ത് മാത്രം നിറയുന്നു
ചില കിണറുകൾ
ആഴം വിഴുങ്ങി
ആടുംചോടും മുങ്ങുന്ന മഴയിൽ
ജലസമാധി ചെയ്യുന്നവ!
ഒഴുകിയെത്തുന്ന ഒരോതുള്ളിയും
ആർത്തിയോടെ കുടിച്ച്
വരാനിരിക്കുന്ന കടുത്ത വേനലിനെ
ദൂരനോട്ടംകൊണ്ടുൾഭയത്താൽ
അളന്നെടുക്കുന്നവ
വേലിയോ ആൾമറയോ ഇല്ലാതെ
കാലപ്പഴക്കം തിന്ന്
വക്കുകളിടിഞ്ഞ്
അനാഥമായിക്കിടക്കുന്നു
ആർക്കും വേണ്ടാതെ
ചില കിണറുകൾ!

മഴയെ മാത്രം ധ്യാനിക്കുന്ന
നിലയില്ലാത്ത ആഴങ്ങൾ!

ഒരു കല്ലെടുത്തിട്ടു നോക്കൂ
കേൾക്കുന്നില്ലേ
ഒരു മുഴക്കം?
ദാഹിച്ചു വരണ്ട ഒരു നിലവിളി?
ഒരു മൂളലോടെ എന്തൊക്കെയോ
പൊങ്ങിപ്പറന്നു പോകുന്നത് ?
മാറ്റൊലിക്കൊള്ളുന്നില്ലേ
അടഞ്ഞുപോയ ചില ഒച്ചകൾ!

കുഴിച്ചു കുഴിച്ചു താഴ്ന്നു പോയ
സ്വപ്നങ്ങളെ
പൊട്ടക്കിണറെന്നു തന്നെ വിളിക്കണം.

About The Author

One thought on “പൊട്ടക്കിണർ – യൂസഫ് നടുവണ്ണൂർ”

Leave a Reply

Your email address will not be published. Required fields are marked *