LIMA WORLD LIBRARY

മഴക്കോടയായ് പെയ്യാം – സൂസൻ പാലാത്ര

മാരീമണിയമ്മ കുഞ്ഞുതെന്നലിനൊടോതിയിവ്വിധം:
“മാരുതാ നീ മന്ദമായ് വീശി
സദാശ്വാസമേകുന്നോരീ
ജനമെത്ര നെറി കെട്ടവർ
പുതുനാമ്പുകളൊന്നുമേ നടാതെ
ശാഖികളെല്ലാം വെട്ടിമാറ്റുവോർ
കുഞ്ഞിളംതെന്നലേ,
ക്ഷീണമാറ്റി നീ തെല്ലുറങ്ങീടുക

മന്ദമാരുതൻ മിണ്ടിയില്ലൊന്നുമേ
മെല്ലെയൊരു മൂളിപ്പാട്ടുമായ്
ചിരിച്ചങ്ങു പോയിട്ടവിരാമ
മോട്ടവുമങ്ങുതുടർന്നു
എന്നിട്ടുമീ മന്നിലെ ജനതതി
യെല്ലാംപൊള്ളിമേവുന്നു!

ഒരൊറ്റ മരത്തണൽ
പോലുമില്ലാതവരിതാ കേണിടുന്നു
വീട്ടിലുള്ളോർക്കു
ദാഹമാറ്റുവാൻ തണ്ണീരു
തേടി തരുണീമണികളും വലയുന്നു!
പുഴയെല്ലാം വറ്റിവരണ്ടിതാ
സർക്കാരുറേഷനായി
നല്കുന്നതോയം തേടി
മങ്കമാരും പായുന്നു

തെന്നലിവ്വിധം
മർമ്മരം നടത്തി എന്നുടെ
നിദ്ര നിശ്ചയമീ
ലോകത്തെ മുടിച്ചിടും
തെല്ലുനേരം കളയാതെ
ഞാനോടീടുകിലോ
ചിരകാലമീ മാനവരല്ലലില്ലാതെ കഴിഞ്ഞിടുമെന്നുടെ
ശീതളഛായയിൽ

നിദ്രയും ധ്യാനവും പാടില്ലെ
നിക്കോമലേ, ഞാനുറങ്ങി
യുണർന്നീടുന്നേരം
ഭൂവിലെല്ലാം നിശ്ചലമായിടും
പാരും വാനുമന്യോന്യം
നോക്കി നില്ക്കും മൂകമായ്
കാറ്റു കിട്ടാഞ്ഞിട്ടാ
കുഞ്ഞിളംമേനിയും
തൊട്ടിലിൽ പിടഞ്ഞിടും

കുഞ്ഞിളം തെന്നൽ മാരിക്കുരുന്നിനോടോതിയിഥം:
“മാരിക്കുരുന്നേ നമുക്കു
നന്മ നോക്കാതെയീ
മനുജർക്കുനന്മയേകിടാം
ധർമ്മംമാത്രംചെയ്തിടാമീ
ലോകമർത്ത്യർ വെറും
മണ്മയരല്ലോ ”

മാരിമണിമെല്ലെപ്പറ-
“ഞ്ഞിളംതെന്നലേ
നീയെത്രനന്മയുള്ളോ-
നതിനാലെനിക്കും
പെയ്യാതെ പറ്റില്ലോമനേ
സർവ്വേശൻ ചെയ്വതുമങ്ങനെ
നന്മതിന്മ നോക്കാതങ്ങു
സ്നേഹിച്ചിടുന്നു
താതൻ തൻ ജനത്തെയെല്ലാം
നന്മയുള്ളോൻ നന്ദിയും
തിന്മയായവൻ
നിന്ദയുമേകിടുന്നുനിത്യം!

ഹേമാർദ്രിയിതുകേട്ടുടൻ
കല്പിച്ചീവിധം !!!
മഴമണിമുത്തേ, കുഞ്ഞിളം കാറ്റേ
കാർമുകിലായി നിങ്ങൾ മാറിടുവിൻ
നിങ്ങളൊന്നായ്
മഴക്കോടയായ് പെയ്യുവിൻ
മംഗളാശംസകൾ ഞാനേകിടാം
നമുക്കൊന്നായനുഗ്രഹ മഴയേകിടാം
കാറ്റുംതണുവുമേറ്റിട്ടിജ്ജനം
നന്നായിടട്ടേ മേലിൽ!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px