LIMA WORLD LIBRARY

ലിവ്യുവിലും ആക്രമണം, യുക്രെയ്ൻ നടി കൊല്ലപ്പെട്ടു; ഭക്ഷ്യപ്രതിസന്ധി രൂക്ഷം

യുക്രെയ്നുമായുള്ള ചർച്ചകൾക്കിടയിലും ലിവ്യുവിലും കീവിലും റഷ്യ ആക്രമണം ശക്തമാക്കി. പടിഞ്ഞാറൻ യുക്രെയ്നിൽ പോളണ്ടിനടുത്തുള്ള നഗരമായ ലിവ്യു ഇതുവരെ സുരക്ഷിതമായിരുന്നു. വിമാനത്താളത്തിനു സമീപം, വിമാന അറ്റകുറ്റപ്പണികേന്ദ്രത്തിലും മറ്റുമായി 3 സ്ഫോടനങ്ങളാണുണ്ടായത്. നഗരകേന്ദ്രത്തിന് 6 കിലോമീറ്റർ അകലെയാണിത്. മറ്റു നഗരങ്ങളിൽനിന്നു പലായനം ചെയ്ത 2 ലക്ഷം പേരെങ്കിലും ഇടത്താവളമാക്കിയിരിക്കുന്ന നഗരമാണ് ലിവ്യു.

ആശുപത്രികളും സ്കൂളുകളും ജനം അഭയം തേടിയെത്തിയിരിക്കുന്ന കെട്ടിടങ്ങളും ഉൾപ്പെടുന്ന സിവിലിയൻ മേഖലകളെ റഷ്യ തുടർച്ചയായി ഉന്നംവയ്ക്കുന്നതിൽ രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തമായി. ആശുപത്രികളിൽ മാത്രം 43 ആക്രമണങ്ങളുണ്ടായതായി തെളിവുണ്ടെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. വ്യാഴാഴ്ച ഹർകീവിനു സമീപം മെറെഫിലെ കമ്യൂണിറ്റി സെന്ററിലുണ്ടായ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു.

രാജ്യത്ത് ഇതുവരെ 816 സിവിലിയൻ മരണങ്ങളാണ് യുഎൻ സ്ഥിരീകരിച്ചത്. എന്നാൽ, മരണം ആയിരക്കണക്കിനാണെന്നു യുക്രെയ്ൻ പറയുന്നു. ചെർണീവ്, സുമി, ഹർകീവ്, മരിയുപോൾ എന്നിവിടങ്ങളിൽ ഷെല്ലാക്രമണം രൂക്ഷമാണ്. മരിയുപോളിൽ ആക്രമണത്തിൽ തകർന്ന തിയറ്ററിൽനിന്ന് ഇതുവരെ 130 പേരെ രക്ഷിച്ചു. കഴിഞ്ഞ 2 ദിവസത്തിനിടെ 35,000 പേർ കൂടി മരിയുപോൾ വിട്ടു. രാജ്യത്തുനിന്നു പലായനം ചെയ്തവരുടെ എണ്ണം 32.7 ലക്ഷമായതായി യുഎൻ അറിയിച്ചു. 20 ലക്ഷത്തിലേറെപ്പേരും പോളണ്ടിലാണുള്ളത്.

ഭക്ഷ്യപ്രതിസന്ധി രൂക്ഷം

യുക്രെയ്ൻ ഗുരുതര ഭക്ഷ്യപ്രതിസന്ധിയിലാണെന്നു വേൾഡ് ഫുഡ് പ്രോഗ്രാം വ്യക്തമാക്കി. ചരക്കുനീക്കം താറുമാറായി. വേൾഡ് ഫുഡ് പ്രോഗ്രാം ലോകമെങ്ങുമുള്ള ദുരന്തമേഖലകളിലേക്കുള്ള ഗോതമ്പിന്റെ പകുതിയിലേറെയും വാങ്ങിയിരുന്നതു യുക്രെയ്നിൽനിന്നായിരുന്നു. അതുകൊണ്ടുതന്നെ യുദ്ധം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പട്ടിണിക്കു കാരണമാകുമെന്ന് ആശങ്കയുണ്ട്.

oksana-shvets-1

യുക്രെയ്ൻ നടി കൊല്ലപ്പെട്ടു

കീവിലെ പാർപ്പിടസമുച്ചയത്തിൽ റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ യുക്രെയ്ൻ നടി ഒക്സാന ഷിവെറ്റ് (67) കൊല്ലപ്പെട്ടു. പതിറ്റാണ്ടുകളായി സിനിമകളിലും പരമ്പരകളിലും സജീവമായ ഒക്സാനയ്ക്കു രാജ്യത്തെ ഏറ്റവും വലിയ കലാപുരസ്കാരം ലഭിച്ചിട്ടുണ്ട്. റഷ്യൻ അധിനിവേശത്തെത്തുടർന്നു യുക്രെയ്നിൽ കൊല്ലപ്പെട്ട രണ്ടാമത്തെ കലാപ്രതിഭയാണ്. സന്നദ്ധസേനയിൽ ചേർന്ന നടൻ പാഷാ ലീ (33) ആണ് ആദ്യത്തെയാൾ.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px