മരിയുപോൾ നഗരം വളഞ്ഞുപിടിക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോൾ കീഴടങ്ങാൻ റഷ്യ നൽകിയ അന്ത്യശാസനവും യുക്രെയ്ൻ തള്ളി. ഇന്നലെ പുലർച്ചെ 5 മണിക്കു മുൻപ് മരിയുപോളിൽ പ്രതിരോധം തീർക്കുന്ന ‘ദേശീയവാദികളോടും കൊള്ളക്കാരോടും’ ആയുധം വച്ചു കീഴടങ്ങാനും വെള്ളക്കൊടി വീശാനുമായിരുന്നു റഷ്യയുടെ അന്ത്യശാസനം. 3 ലക്ഷത്തോളം ആളുകൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതിനാൽ യുക്രെയ്ൻ കീഴടങ്ങുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷ. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ സുരക്ഷിതപാതയൊരുക്കാമെന്നും റഷ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, അന്ത്യശാസനം വന്നതിന്റെ പിന്നാലെ തന്നെ കീഴടങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്നുപോലുമില്ലെന്നു യുക്രെയ്ൻ റഷ്യയെ അറിയിച്ചു.
ഏറക്കുറെ പൂർണമായി തകർന്നടിഞ്ഞ നഗരത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ യുക്രെയ്ൻ അനേകം ശ്രമങ്ങൾ നടത്തിയെങ്കിലും ഒഴിപ്പിക്കൽ കാര്യമായി നടന്നില്ല. ഇതിനിടെ ആളുകൾ അഭയം തേടിയിരിക്കുന്ന കെട്ടിടങ്ങൾക്കു നേരെ റഷ്യ ബോംബാക്രമണം നടത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. 1300 പേർ അഭയം തേടിയിരുന്ന നാടകശാലയ്ക്കു നേരെയും 400 പേർ അഭയം തേടിയിരുന്ന കലാപഠനശാലയ്ക്കു നേരെയെും കഴിഞ്ഞ ദിവസം ബോംബാക്രമണം നടത്തിയിരുന്നു. മരിയുപോളിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ൻ പറയുന്നത്. അസോവ് കടൽത്തീരത്തുള്ള മരിയുപോൾ റഷ്യയെയും യുക്രെയ്നെയും സംബന്ധിച്ച തന്ത്രപ്രധാന തുറമുഖമാണ്.
ഒഴിപ്പിക്കുന്നത് എവിടേക്ക് ?
യുക്രെയ്നിലെ വിവിധ നഗരങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നവരെ റഷ്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ യുക്രെയ്ൻ ആശങ്കയറിയിച്ചു. ആയിരക്കണക്കിനാളുകളെ അവരുടെ താൽപര്യത്തിനെതിരായി റഷ്യയിൽ എത്തിച്ച് ക്യാംപുകളിൽ പാർപ്പിച്ച ശേഷം നിർബന്ധിത ജോലിയിൽ നിയോഗിക്കുമെന്ന് സംശയിക്കുന്നതായി യുക്രെയ്ൻ മനുഷ്യാവകാശപ്രവർത്തകർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്ക് ഇവരെ ട്രെയിൻമാർഗം കൊണ്ടുപോകുന്നത് വേതനമില്ലാതെ ജോലി ചെയ്യിക്കാനാണെന്നാണ് ആരോപണം. യുക്രെയ്നിൽ നിന്നു കൊണ്ടുപോകുന്നവരെ പാർപ്പിക്കാൻ റഷ്യ കോൺസെൻട്രേഷൻ ക്യാംപുകൾ നിർമിക്കുമെന്ന് ഭയപ്പെടുന്നതായി ഐക്യരാഷ്ട്രസംഘടനയിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
കീവിൽ 8 മരണം
യുക്രെയ്ൻ തലസ്ഥാനനഗരമായ കീവിലെ വ്യാപാരകേന്ദ്രത്തിനു നേർക്ക് റഷ്യ നടത്തിയ ബോംബാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. അതേസമയം, റഷ്യയുടെ ഉന്നത നാവിക ഉദ്യോഗസ്ഥനും കരിങ്കടലിലെ കപ്പൽവ്യൂഹത്തിന്റെ ഡപ്യൂട്ടി കമാൻഡറുമായ ആന്ദ്രേയ് പാലി (51) മരിയുപോളിൽ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചു. യുക്രെയ്നിൽ കൊല്ലപ്പെടുന്ന ഏഴാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇതുവരെ 15,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. 498 ടാങ്കുകൾ, 1535 കവചിത വാഹനങ്ങൾ, 97 വിമാനങ്ങൾ, 122 കോപ്റ്ററുകൾ എന്നിവ തകർത്തതായും അവകാശപ്പെട്ടു.
ചെർണോബിലിൽ ആശങ്ക
റഷ്യൻ നിയന്ത്രണത്തിലുള്ള ചെർണോബിൽ ആണവപ്ലാന്റിലെ വികിരണം അളക്കാനുള്ള സംവിധാനം പ്രവർത്തനരഹിതമായെന്നു യുക്രെയ്നിലെ ആണവോർജ കമ്പനി അറിയിച്ചു. റഷ്യൻ ആക്രമണത്തിലാണു പ്ലാന്റിലെ ഉപകരണങ്ങൾക്കു കേടുപാടുണ്ടായത്. കാട്ടുതീയുണ്ടായാൽ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും തകരാറിലാണ്. അതേ സമയം, റഷ്യ പിടിച്ചെടുത്തതിനു ശേഷം ചെർണോബിൽ പ്ലാന്റിലെ ജീവനക്കാർ ആദ്യമായി വീട്ടിൽ പോയതായി രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. റഷ്യൻ സൈന്യം ബന്ദികളാക്കിയിരുന്ന ഇവർ നാലാഴ്ചയായി പ്ലാന്റിൽ തന്നെ താമസിച്ച് തുടർച്ചയായി ജോലി ചെയ്യുകയായിരുന്നു.
ചർച്ചകൾ ഫലപ്രദമല്ലെന്ന് റഷ്യ
യുക്രെയ്നുമായുള്ള ചർച്ചകൾ ഇനിയും ഫലപ്രദമായിത്തുടങ്ങിയിട്ടില്ലെന്ന് റഷ്യ. യുക്രെയ്നെ സ്വാധീനിക്കാൻ കഴിയുന്ന രാജ്യങ്ങൾ ചർച്ചകളിൽ ക്രിയാത്മകമായി പ്രതികരിക്കാൻ സമ്മർദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്നലെയും ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച തുടർന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല.
അതേസമയം, യുക്രെയ്ൻ യുദ്ധത്തോടുളള രാജ്യാന്തര പ്രതികരണം വിലയിരുത്താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പോളണ്ടിലെത്തും. പോളണ്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന ബൈഡൻ യൂറോപ്യൻ രാഷ്ട്രത്തലവൻമാരുമായി ഫോണിൽ സംസാരിക്കും. യുദ്ധം ആരംഭിച്ചതിനു ശേഷം 33 ലക്ഷം യുക്രെയ്ൻകാർ പലായനം ചെയ്തു പോളണ്ടിലെത്തിയെന്നാണ് കണക്ക്. ഇവരുടെ സംരക്ഷണത്തിനായി ഈ വർഷം 220 കോടി യൂറോ വേണ്ടി വരും.
മൃഗങ്ങൾക്ക് സുരക്ഷിതപാത ഒരുക്കണമെന്ന് കീവ് മൃഗശാല
റഷ്യൻ ആക്രമണം രൂക്ഷമായ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ, മൃഗശാലയിലെ ജീവികൾക്കു സുരക്ഷിതപാത ഒരുക്കണമെന്ന് ആവശ്യം. കീവിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മൃഗശാലയിലെ ജീവികളെ ഒഴിപ്പിക്കാനോ ഭക്ഷണമെത്തിക്കാനോ സുരക്ഷിതപാത ഒരുക്കണമെന്നാണ് ആവശ്യം. വൈദ്യുതിയോ ഇന്ധനമോ ഇല്ലാത്തതിനാൽ മൃഗങ്ങൾക്കു ചൂടുപകരാൻ കഴിയുന്നില്ല. ഭക്ഷണവും തീർന്നു തുടങ്ങി. തണുപ്പും പട്ടിണിയും മൂലം ഇതിനോടകം മൃഗങ്ങൾ ചത്തുതുടങ്ങിയെന്നും മൃഗശാലയുടെ ഉടമ പറഞ്ഞു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War, Mariyupol













