കൊളംബോ ∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്ക ചൈനയോട് 250 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെട്ടു. ഐഎംഎഫ് (രാജ്യാന്തര നാണയനിധി) വായ്പയ്ക്കുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ചൈനയിൽ നിന്നു വായ്പ സംഘടിപ്പിക്കാനുള്ള ശ്രമം. 100 കോടി ഡോളർ സാമ്പത്തിക സഹായവും 150 കോടി ഡോളർ ക്രെഡിറ്റ്‌ലൈൻ വായ്പയും നൽകുന്ന കാര്യം പരിഗണനയിലാണെന്ന് ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ചി ചെൻഹോങ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ ശ്രീലങ്കയ്ക്ക് 100 കോടി ഡോളർ ക്രെഡിറ്റ്‌ലൈൻ വായ്പ നൽകിയിരുന്നു. ഇത്തരം വായ്പയിൽ, അനുവദിച്ചിരിക്കുന്ന വായ്പയിൽ എത്ര വേണമെങ്കിലും ഏതാവശ്യത്തിനും ഏതു സമയത്തും ഉപയോഗിക്കുകയോ തിരിച്ചടയ്ക്കുകയോ ചെയ്യാം.
അതേസമയം, നിലവിലുള്ള കടങ്ങൾ പുനഃക്രമീകരിക്കണമെന്ന ശ്രീലങ്കയുടെ ആവശ്യത്തോട് ചൈന പ്രതികരിച്ചിട്ടില്ല. ഈ വർഷം 200 കോടിയോളം ഡോളറാണ് കടങ്ങളുടെ തിരിച്ചടവായി ശ്രീലങ്ക ചൈനയ്ക്കു നൽകാനുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ അടയ്ക്കാനുള്ളതു കൂടി ചേർത്താൽ ആകെ അടയ്ക്കേണ്ടത് 500 കോടിയോളം ഡോളർ. കടങ്ങൾ പുനഃക്രമീകരിക്കണമെന്ന് ചൈന ഡവലപ്മെന്റ് ബാങ്കിനോടും ചൈന എക്സിം ബാങ്കിനോടും ശ്രീലങ്ക അഭ്യർഥിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല.
ഐഎംഎഫ് വായ്പ സംബന്ധിച്ച തുടർ ചർച്ചകൾക്കായി ധനമന്ത്രി ബേസിൽ രാജപക്സെ അടുത്തമാസം യുഎസിലേക്ക് പോകും. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ തകർന്നടിയുമെന്നാണ് ഐഎംഎഫ് റിപ്പോർട്ട്. ശ്രീലങ്കൻ രൂപയുടൈ മൂല്യം പിന്നെയും ഇടിഞ്ഞു. ഒരു ലങ്കൻ രൂപയെന്നാൽ 27 ഇന്ത്യൻ പൈസയാണ് ഇപ്പോൾ. മാർച്ച് എട്ടിന് ഇത് 38 ഇന്ത്യൻ പൈസയായിരുന്നു. ആഭ്യന്തര ഉൽപാദനമുള്ള പച്ചക്കറികൾക്കു നേരിയ വിലക്കുറവ് ആശ്വാസമായപ്പോൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സവാള, വറ്റൽമുളക് എന്നിവയുടെ വിലയുയർന്നു. മുളക് കിലോഗ്രാമിന് 1200 രൂപയാണ് ഇന്നലത്തെ വില.
English Summary: Srilanka asks 250 crore dollar from china as loan













