ജറുസലം ∙ മധ്യപൂർവദേശത്തെ ഇറാന്റെ ആണവ ഭീഷണിയിൽ നിന്നു പ്രതിരോധിക്കാൻ യുഎസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേൽ – അറബ് ഉച്ചകോടിക്ക് ഉറപ്പു നൽകി. ഇസ്രയേലും ഇസ്രയേലിനെ അംഗീകരിക്കുന്ന അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കുന്ന അപൂർവ ഉച്ചകോടി ഇന്നു സമാപിക്കും.
ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ബെൻ ഗൂറിയന്റെ ജന്മനാടായ സിദ് ബോക്കറിലാണ് ഉച്ചകോടി നടക്കുന്നത്. 43 വർഷമായി ഇസ്രയേലിനെ അംഗീകരിക്കുന്ന ഈജിപ്ത്, 2020ൽ ട്രംപ് ഭരണകൂടം മുൻകൈയെടുത്ത് ഒപ്പിട്ട ഏബ്രഹാം കരാർ പ്രകാരം ഇസ്രയേലിനെ അംഗീകരിക്കുന്ന മൊറോക്കോ, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇറാനുമായുള്ള 2015ലെ ആണവ കരാർ പുനഃസ്ഥാപിക്കുന്നത് വൈകില്ലെന്ന് ബ്ലിങ്കൻ വ്യക്തമാക്കി. യുക്രെയ്ൻ പ്രതിസന്ധിയെ തുടർന്നുള്ള ഉപരോധങ്ങളിൽ ചിലത് പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടതാണ് കരാർ വൈകിക്കുന്നത്.
പലസ്തീനുമായുള്ള ഇസ്രയേലിന്റെ സമാധാന ചർച്ചകൾ വൈകാതെ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും.
English Summary: Israel-Arab summit













