ഈ പുരാതന നഗരിക്കു
നടുവിൽ പടർന്നു പന്തലിച്ച
ഗുൽമോഹർ വൃക്ഷമെ
അടിയൊഴുക്കിൽ കലങ്ങിയ
നദിപോലെ നിൻറെ മനസ്സ്
നിൻറെ നിശ്ശബ്ദത
നിൻറെ നൊമ്പരങ്ങൾ
എല്ലാം ഇവിടെ ഒഴുക്കു
ഇവിടെയൊരു നോവിൻറെ പുഴ
മൗനമായി ഒഴുകുന്നുണ്ട്
ഒരുമിച്ചു ഒഴുകട്ടെ ,
കാലത്തിൻറെ കടൽഭിത്തി മുറിച്ച്
മുന്നോട്ട്
നിൻറെ ശിഖരത്തിലൊന്നിൽ
കിളി ഉപേക്ഷിച്ചൊരു കൂടുണ്ട്
അതിൽ പ്രാണൻ ഊതി നിറയ്ക്കാം
ഈ നിശീഥിനി ഒന്ന് പോയിരുന്നെങ്കിൽ
പ്രഭാതത്തിലെ പൂക്കൾ നിന്നെ ചുംബിക്കും
മൈനകൾ നിനക്കായ് പാടും
സായന്തനത്തിലെ ഇളങ്കാറ്റ് പുണരും
അങ്ങനെ ഹൃദയത്തിൽ
ഉണർവ്വിൻറെ രക്തം നിറയും
അപ്പോൾ നിന്നിലേക്ക് കിളികൾ പറന്നടുക്കും
ഒടിഞ്ഞ ശിഖിരങ്ങളെ മിനുസപ്പെടുത്തു
ചേക്കേറുമ്പോൾ മുറിയരുതല്ലോ
പ്രചണ്ഡമായ നിൻറെ വേരുകളെ
മണ്ണടരുകളിൽ താഴ്ത്തു
അരികിലെത്തുന്ന വഴിയാത്രക്കാർ
ഭയപ്പെടരുതല്ലോ











