ജനകീയ പ്രതിഷേധങ്ങള്‍ നേരിടാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ശ്രീലങ്ക. നാളെ അറബ് വസന്തം മോഡല്‍ പ്രക്ഷോഭങ്ങള്‍ക്ക് സമൂഹമാധ്യങ്ങളില്‍ ആഹ്വാനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്നു വൈകീട്ടു മുതല്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിറകെയാണ് പ്രസിഡന്റ് ഗോട്ടാബയ രാജപക്സെയുടെ നടപടി. അതിനിടെ കൊളംബോയില്‍ ഇന്നും പ്രതിഷേധങ്ങള്‍ അരങ്ങേറി. തലതിരിഞ്ഞ നയങ്ങള്‍ വഴി തീരാദുരിതങ്ങളുടെ ആഴക്കടലിലേക്കു തള്ളിവിട്ട സര്‍ക്കാരിനെതിരെ ജനം തെരുവിലെത്തിയതോടാണു അടിയന്തരാവസ്ഥയും ലോക്ഡൗണും പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ ഭരണഘടനയുടെ 155 ആം വകുപ്പ് പ്രകാരം ഇന്നലെ രാത്രിയാണു പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഉച്ചയോടെ ലോക്ഡൗണ്‍ ഉത്തരവിറങ്ങി. വൈകീട്ടു ആറുമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുവരെയാണു സമ്പൂര്‍ണ അടച്ചിടല്‍. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണു മുന്നറിയിപ്പ്.













