LIMA WORLD LIBRARY

യുക്രെയ്ൻ – റഷ്യ ചർച്ച പുനരാരംഭിച്ചു; കൂടുതൽ സ്ഥലങ്ങളിൽ റഷ്യൻ പിന്മാറ്റം

കീവ് ∙ യുക്രെയ്നിലെ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങുന്നതിനിടെ സംഘർഷം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും ചർച്ച പുനരാരംഭിച്ചു. തുർക്കിയിൽ 3 ദിവസം മുൻപ് ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥ സംഘം ആരംഭിച്ച ചർച്ചയുടെ തുടർച്ചയാണിത്. വിഡിയോ ലിങ്ക് വഴിയുള്ള ചർച്ചയുടെ ചിത്രം റഷ്യൻ സംഘത്തിന്റെ തലവൻ വ്ലാഡിമിർ മെഡിൻസ്കി പുറത്തുവിട്ടു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ഓഫിസ് ഇതു സ്ഥിരീകരിച്ചു.

കടുത്ത പോരാട്ട വേദിയായ കീവ് നഗരപ്രാന്തത്തിലെ ഇർപിൻ, ഹൊസ്റ്റോമൽ എന്നിവിടങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയതായി കീവ് റീജനൽ ഗവർണർ ഒലെക്സാണ്ടർ പാവ്‍ലൂക് അറിയിച്ചു. യുദ്ധം പ്രേതനഗരങ്ങളാക്കിയ ഇവ ഇപ്പോൾ യുക്രെയ്നിന്റെ പൂർണ നിയന്ത്രണത്തിലാണ്. ചെർണീവിൽ നിന്നും റഷ്യൻ സൈന്യം പിൻവാങ്ങിത്തുടങ്ങിയതായി അവിടത്തെ ഗവർണർ അറിയിച്ചു. മൈക്കലോവിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. യുദ്ധക്കെടുതി രൂക്ഷമായ മരിയുപോളിൽ ഒഴിപ്പിക്കലിന് അനുമതി തേടിയിട്ടും റഷ്യ നൽകിയില്ലെന്ന് രാജ്യാന്തര റെഡ്ക്രോസ് പരാതിപ്പെട്ടു.

റൂബിളിൽ പണം നൽകിയാലേ പ്രകൃതി വാതകം നൽകൂ എന്ന് പ്രസിഡന്റ് പുട്ടിന്റെ അന്ത്യശാസനം നൽകിയെങ്കിലും റഷ്യൻ വാതകം യൂറോപ്പിലേക്ക് സുഗമമായി നീങ്ങി. നേരത്തെ പണം നൽകി കരാറായവ നൽകുന്നതിനു വിലക്കില്ലെന്നും പുതിയ കരാറുകൾക്കാണ് അന്ത്യശാസനം ബാധകമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.

റഷ്യൻ നഗരമായ ബെൽഗൊറോദിലെ ഇന്ധന സംഭരണിക്കു നേരെ യുക്രെയ്ൻ വ്യോമാക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. ഇതാദ്യമായാണ് റഷ്യൻ മണ്ണിൽ യുക്രെയ്ൻ ആക്രമണം നടത്തിയതായി ആരോപിക്കുന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ യുക്രെയ്ൻ തയാറായിട്ടില്ല. 2 ഹെലികോപ്റ്ററുകളാണ് ആക്രമണം നടത്തിയതെന്ന് ബെൽഗൊറോദ് ഗവർണർ പറഞ്ഞു. യുക്രെയ്ൻ അഭയാർഥികളുടെ കൈവശമുള്ള കറൻസി നൽകി പരമാവധി 300 യൂറോ വാങ്ങാൻ യൂറോപ്യൻ കമ്മിഷൻ അനുമതി നൽകി. ഉപരോധം ലംഘിച്ച് റഷ്യയ്ക്ക് ആയുധങ്ങൾ നൽകില്ലെന്ന് യൂറോപ്യൻ യൂണിയൻ – ചൈന നേതൃയോഗത്തിൽ ചൈന വ്യക്തമാക്കി.

കീവിന്റെ സ്പെല്ലിങ് മാറ്റി സെലെൻസ്കി

യുക്രെയ്നിലെ നഗരങ്ങൾക്ക് റഷ്യ നൽകിയിരുന്ന സ്പെല്ലിങ്ങും ഉച്ചാരണവും ഉപേക്ഷിച്ച് ശരിയായവ നൽകണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നിർദേശിച്ചു. ഇതനുസരിച്ച് തലസ്ഥാന നഗരമായ കീവിന്റെ സ്പെല്ലിങ് റഷ്യ നൽകിയിരുന്ന Kiev നു പകരം Kyiv എന്നാകും.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px