‘ആഭ്യന്തരയുദ്ധകാലത്ത് ഞങ്ങൾ ഒരുപാട് സഹിച്ചിട്ടുണ്ട്. എന്നാൽ, സന്തോഷം ഞങ്ങൾക്കുണ്ടായിരുന്നു. അരിക്കും പെട്രോളിനും വേണ്ടി അന്നു തെരുവിൽ തല്ലുകൂടിയിട്ടില്ല.1996 ൽ ഞങ്ങൾ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ കളിക്കുമ്പോൾ എൽടിടിഇ ഒരു ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചു. ഒരു ദിവസമെങ്കിൽ ഒരു ദിവസം യുദ്ധം നിർത്താൻ ക്രിക്കറ്റിനു കഴിഞ്ഞുവെന്നതു വലിയ കാര്യം. യുദ്ധത്തിന്റെ നടുവിലാണു ഞങ്ങൾ ലോകകപ്പുമായി കൊളംബോയിലെത്തുന്നത്. എന്തായിരുന്നു അന്നത്തെ സന്തോഷം ! ഇന്ന് തെരുവിൽ നടക്കുന്നതു കണ്ടില്ലേ ? ഭരണാധികാരികൾ ശരിക്കും കോമാളികളായി. ജനം മടുത്തു.’– ശ്രീലങ്കയെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച അർജുന രണതുംഗെയുടെ വാക്കുകളിൽ കടുത്ത രോഷം.
പാർലമെന്റ് റോഡിലെ തളവത്ത്ഗുഡെയിലെ ഓഫിസിൽ വിയർത്തൊലിച്ചിരിക്കുകയാണു മുൻ പെട്രോളിയം മന്ത്രി കൂടിയായ രണതുംഗെ. രാവിലെ പോയ വൈദ്യുതി 5 മണിയായിട്ടും വന്നിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഎൻപി സ്ഥാനാർഥിയായി മത്സരിച്ചു തോറ്റുപോയതു രാഷ്ട്രീയ ജീവിതത്തിൽ രണതുംഗെക്കു തിരിച്ചടിയായി. എങ്കിലും പുതിയ സാഹചര്യത്തിൽ ഒരു പുതിയ ജനമുന്നേറ്റത്തെ നയിക്കാനുള്ള അരങ്ങൊരുക്കുകയാണ് രണതുംഗെ. സഹോദരൻ പ്രസന്ന രണതുംഗെ എതിർക്യാംപിലാണ്. രാജപക്സെ മന്ത്രിസഭയിലെ ടൂറിസംമന്ത്രിയും സർക്കാരിന്റെ വക്താവും.
‘ഞാൻ ഒരുപാട് വെയിൽ കൊണ്ടിട്ടുണ്ട്. അങ്ങനെ ക്ഷീണിക്കില്ല. പാവപ്പെട്ട ജനങ്ങളുണ്ടല്ലോ. അവരോട് ചെയ്തത് കൊടുംചതിയാണ്. 14 മണിക്കൂർ പവർകട്ടുള്ളത് ഏതു പ്രാകൃതരാജ്യമാണെന്നു ജനം കരുതില്ലേ ? ഞാൻ പെട്രോളിയം മന്ത്രിയായിരിക്കുമ്പോൾ ട്രിങ്കോമാലിയിൽ ബ്രിട്ടിഷുകാർ നിർമിച്ച 100 എണ്ണ ടാങ്കുകൾ നന്നാക്കി സ്റ്റോറേജ് കൂട്ടാൻ ഇന്ത്യൻ സർക്കാർ സന്നദ്ധമായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷനും താൽപര്യം. എന്നാൽ പ്രാദേശിക യൂണിയൻ നേതാക്കൾ സമ്മതിച്ചില്ല. ഇന്ത്യയ്ക്ക് അടിയറവയ്ക്കുകയാണെന്ന് അവർ വിമർശനം ഉയർത്തി. ശ്രീലങ്കയിൽ നിലവിലുള്ള റിഫൈനറി കൊണ്ട് ഒരു പ്രയോജനവുമില്ല. അസംസ്കൃത എണ്ണ രാജ്യത്തു കൊണ്ടുവന്നു സംസ്കരിച്ചാൽ പല ഉൽപന്നങ്ങളുണ്ടാക്കാം. എണ്ണ മാത്രം ഇറക്കുമതി ചെയ്താൽ കീശചോരും’– രണതുംഗെ പറഞ്ഞു.
ട്രിങ്കോയിലെ ടാങ്കുകൾ നന്നാക്കി സ്റ്റോറേജ് വർധിപ്പിക്കാൻ അടുത്തിടെ ഇന്ത്യയുമായി ഒപ്പുവച്ച കരാർ വൈകിയുദിച്ച വിവേകമാണെന്നും രണതുംഗെ പറഞ്ഞു.
‘ഞാൻ ഇന്ത്യയുടെ ആരാധകനാണ്. ഗാവസ്കറെയും വിശ്വനാഥിനെയും കപിൽദേവിനെയുമൊക്കെ ആരാധിച്ചാണു ഞങ്ങൾ ക്രിക്കറ്റ് കളിച്ചുവളർന്നത്. ആ ആരാധന ഇന്ത്യയോടും ഉണ്ട്. ചൈനയെ ആരാധിക്കേണ്ട കാര്യം എനിക്കില്ല. ഞാൻ തുറമുഖമന്ത്രിയായിരിക്കുമ്പോൾ ഹമ്പൻതോട്ട തുറമുഖത്തെക്കുറിച്ചു വിയോജിപ്പ് പ്രകടിപ്പിച്ചു. വൈകാതെ എന്റെ വകുപ്പ് തന്നെ നഷ്ടമായി. നിക്ഷേപം വരുമ്പോൾ അത് ജനക്ഷേമകരവുമാകണം’– രണതുംഗെ പറഞ്ഞു.
സംസാരത്തിനിടെ ഫോൺ വന്നു. സനത് ജയസൂര്യയാണ്. അടുത്തയാഴ്ച 1996 ലെ താരങ്ങളുടെ ചാരിറ്റിമാച്ച് ബട്ടിക്കലോവയിലുണ്ട്. അതിന്റെ കാര്യം സംസാരിക്കാൻ. ശ്രീലങ്കയിൽ ജനിച്ച് ബ്രിട്ടനിൽ താമസിക്കുന്ന വ്യവസായി നാട്ടിൽ 80,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം പണിയുന്നു. അതിന്റെ പ്രചാരണത്തിനാണു കളി.
‘ഇപ്പോൾ ക്രിക്കറ്റൊന്നും കളിക്കാറില്ല. അരമണിക്കൂർ സൈക്കിൾ ചവിട്ടും. 12 മണിക്കൂർ ഫാസ്റ്റിങ്ങാണ് പുതിയ രീതി. രാത്രിയിൽ ആഹാരം കഴിച്ചാൽ പിന്നെ ഉച്ചയ്ക്കു ശേഷമേ ഭക്ഷണം കഴിക്കൂ. ഇടയ്ക്കു കട്ടൻ ചായ കുടിക്കും. 8 കിലോഗ്രാം കുറഞ്ഞു’– നരച്ച മുടിയിഴകളിൽ തലോടി രണതുംഗെ പറഞ്ഞു.
‘ക്രിക്കറ്റൊക്കെ ഒരുപാട് മാറി. ഐപിഎൽ പണമൊഴുകുന്ന വലിയ ബ്രാൻഡായി. ഇവിടെ ശ്രീലങ്കൻ ക്രിക്കറ്റ് ഒരു സ്പോൺസറെ തേടി അലയുന്നു’– രണതുംഗെ എണീറ്റ് ഒരു ജനൽ തുറന്നിട്ടു. ഇൗ വേവ് മാറ്റാൻ ഒരു തണുത്തകാറ്റെങ്കിലും…
English Summary: Interview with Srilanka cricket team former captain Arjuna Ranathunga













