LIMA WORLD LIBRARY

കൈകൾ കാലുകളാവുന്നു – സുനിത ഗണേഷ്

വിശപ്പാണ്, നല്ല വിശപ്പ്.
മാലിന്യങ്ങൾക്കിടയിൽ
ഇത്തിരി രുചിക്കായി
മുഷിയുന്ന
നാലുകാലിയെ പോലെ തന്നെ!
അതേ,
എൻ്റെ കൈകൾ
കാലുകളാവുന്നു.
നിവർന്നു നിൽക്കാൻ
ഇപ്പോള്
കഴിയുന്നില്ല.
നിവർന്നു നിൽക്കാൻ
ശ്രമിക്കുമ്പോഴൊക്കെ
കാലുകളായ കൈകൾ
വായുവിൽ തുഴയും.
കാലുകൾ തുലനമില്ലാതെ
ചുവടു വെക്കും.
വിശപ്പോ!
കത്തിക്കാളുന്നു.
കത്തിക്കത്തി,
വെന്തുവെന്ത്,
കരിയും പുകയുമായ
മനസ്സിൻ്റെ മാംസക്കഷണങ്ങൾ.
നിലവിളിയാണ്.
എന്തു തന്നെ ഊട്ടിയിട്ടും
അടങ്ങുന്നില്ല,
വിശപ്പിൻ്റെ കരച്ചിൽ.
വിശപ്പിന് എന്തിനെന്നറിയാതെ
കരയുന്ന കുഞ്ഞിൻ്റെ രൂപം.
“നിൻ്റെ ജീവിതം
നിൻകാര്യം മാത്രം” എന്ന അശരീരി
കേൾക്കുമ്പോഴും
വിശപ്പ് കരയുന്നു, തേങ്ങുന്നു
പെറ്റതള്ളയാൽ
തളളിമാറ്റുന്ന കുഞ്ഞിൻ്റെ
രോദനം!
പാലിനായല്ല, അമ്മേ!
ഇരുകാലിൽ നിർത്തുന്ന
സ്നേഹത്തണലിനായി…
തള്ളത്തണൽ
നഷ്ടമാവുന്ന കുഞ്ഞിൻ്റെ
വേവോടെ
മാലിന്യങ്ങൾക്കിടയിൽ
സ്നേഹച്ചൂടു തിരയുന്ന
തെരുവു പട്ടി, യിരുകാലി
ഇന്നു ഞാൻ.
എത്ര നിറച്ചാലും നിറയാത്ത
നോവോടെ
മണ്ണിൻ്റെ നനവ് തേടും
വരണ്ട വേരു ഞാൻ.
എൻ്റെ കൈകൾ കാലുകളാവുന്നു.
ഞാനോ!

സുനിത ഗണേഷ്
#################

“നിൻ്റെ ജീവിതം നിൻകാര്യം മാത്രം” കടപ്പാട് – കടമ്മനിട്ട

മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചത്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px