വിട്ടു പോയ
ഭാഗങ്ങളെപ്പോഴും
വിട്ടൊഴിയാതെ പിന്നാലെ കൂടുന്നു
വിട്ടു പോകാത്ത
നോവിനാൽ
കെട്ടി വരിഞ്ഞ് മുറുക്കുന്നു !
എന്നെന്നേക്കുമായ്
സ്വയം മറച്ചു വെയ്ക്കുന്ന
യാത്രയിൽ
വാക്കിനിടയിലെയൊളിയിടത്തിൽ
മൗനമായ് നീ പതുങ്ങിയോ ?
തെളിഞ്ഞുണരുന്ന
പുലരി നിത്യം
പകൽ വെളുപ്പിൻ ചാന്തിനാൽ
കൺതടങ്ങളിലെ
രാത്തഴമ്പിനെ
വിസ്മയച്ചിരിയാൽ മറയ്ക്കുന്നു !
ഒഴിവിടങ്ങൾ
വെറുതെ നീട്ടുന്ന
കൈപിടിച്ചെന്നും കുലുക്കുന്നു
കൊഴിഞ്ഞുതീരുന്നില്ല പണ്ട്
കടിച്ചു പങ്കിട്ട ചവർപ്പുകൾ !
പൂരിപ്പിക്കാത്ത
രുചികളിൽ
ചേർത്തു മുകരുവാനാവാത്ത
മണങ്ങളിൽ
ഒഴിഞ്ഞ നേരങ്ങളിലെന്നെ ഞാൻ
കൊറിച്ചു കൊണ്ടു നടക്കുന്നു
നിനച്ചിരിക്കാതെ
ഇരുൾക്കലം
കമിഴ്ത്തി വെയ്ക്കുന്നു ഭൂതലം
വെളിച്ചമൊരു ചെറു വറ്റായ്
തെറിച്ചു പോകുന്നു ദൂരെയായ് !
ഇരുട്ടിലെന്നും
നിറം കെട്ടുപോകുന്നു
നീയന്നൊളിച്ചിരിക്കുവാൻ നൽകിയ
കടുത്ത വേനൽ കൊഴിച്ചിടാത്ത
വെളുത്തവാക്കിൻ പൂവുകൾ!
ഒറ്റ വാക്കിൽ
നികത്തുവാനാകില്ല
നെഞ്ചിലൊഴിച്ചു വെച്ച കൂടുകൾ
ഏതു നിറവിലും ചേക്കേറുവാനീ
വിട്ടഭാഗം ഞാൻ പേറി നടക്കുന്നു!











