കണിയായ് വയ്ക്കാൻ
കൈയിലെടുത്ത കാലത്തിൻ്റെ
കടുത്ത സൂര്യൻ കത്തി
പ്പടരും പ്രഭാതത്തിൽ
കായലിന്നരികിലെ
കരിഞ്ഞ കടമ്പിന്മേൽ
ലോകസ്പന്ദനം തേടും
അമൃതിൻ ജലാർദ്രത
ഭൂമിതൻ മൺഗന്ധത്തെ
മൂടിയ കൽപ്പാളിയിൽ
വേനലിൻ കയ്യൊപ്പുകൾ
വേരോടിപ്പടരവെ
അപരാഹ്നങ്ങൾ ലോഹ-
ശിലയായ് കത്തീടുന്നു
കനലിൻ കൈയാമങ്ങൾ
ഭൂമിയെ ചുറ്റീടുന്നു
ഇലകൾ കൊഴിയുന്നു.
തെളിനീരൊഴുക്കിൻ്റെ
പരിലാളനം തേടി
പഥികർ നീങ്ങീടുന്നു
സ്നേഹദീപുകൾ ജല-
തരംഗശ്രുതി തേടി,
നീരദങ്ങളെ തേടി
തപസ്സിലായീടുന്നു
കണിവെള്ളരിക്കുള്ളിൽ
കുളിരും സ്മൃതിയുടെ
നിറഞ്ഞ വെൺചിറ്റുകൾ
ചൈത്രവും, വസന്തവും
ഇരുണ്ട മേഘത്തുമ്പിൽ
ജലവിസ്മയത്തിൻ്റെ
ഖനികൾ സൂക്ഷിക്കുന്ന
അനന്തമൊരാകാശം
മുളം കാടുകൾ ശൂന്യ-
മൗനത്തെയൊരു നാദ-
പ്രപഞ്ചമതിന്നോട-
ക്കുഴലിൽ ലയിപ്പിക്കെ!
കാണായ ദിക്കിൽ
രക്തചന്ദനം പൂശി-
പുലർ സൂര്യഗോളത്തെ
കണി ഭൂമി കണ്ടുണരവെ!
മഴയെ പ്രണയിച്ച
വേഴാമ്പൽപ്പക്ഷി,
നീയും പതിയെ പാടൂ
മധുവന്തിക,ളത് കേട്ട്
തിരികെയേകീടട്ടെ
മേഘമൽഹാറിൻ സ്വരം
ഒരുക്കാമൊരു കണി!
അയനാന്ത്യങ്ങൾ
ഇടയ്ക്കിടയ്ക്ക് വരും
സമാസമത്തിനാവേഗങ്ങൾ
കാലത്തിനുരുളിയിൽ
കതിർനെൽ കൊയ്യും വിഷു
ദൂരത്തിലൊരു പാട്ടു
പാടുന്നു വിഷുപ്പക്ഷി











